ജോളിയുമായി സൗഹൃദം സ്ഥാപിക്കാനിടയായ സാഹചര്യം വെളിപ്പെടുത്തി ഉറ്റ സുഹൃത്തായ യുവതി ! കൊയിലാണ്ടി സ്വദേശിനി പറയുന്നതിങ്ങനെ…

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഉറ്റ സുഹൃത്തെന്ന രീതിയില്‍ വാര്‍ത്താ പ്രാധാന്യം നേടിയ യുവതിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. ജോളിയുടെ സുഹൃത്തെന്ന നിലയില്‍ പോലീസ് യുവതിയെ അന്വേഷിക്കാന്‍ ആരംഭിച്ചതോടെ യുവതി പോലീസിന് മുന്നില്‍ കീഴടങ്ങി. ജോളിയെ എങ്ങനെയാണ് പരിചയപ്പെട്ടതെന്ന് യുവതി വെളിപ്പെടുത്തി.

എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന സമയമാണ് ജോളിയെ പരിചയപ്പെട്ടത്. ജോളി എന്‍ഐടി അധ്യാപികയാണെന്നായിരുന്നു പറഞ്ഞിരുന്നത്. താന്‍ ജോലി ചെയ്തിരുന്ന തയ്യല്‍ക്കടയില്‍ ജോളി നിത്യസന്ദര്‍ശകയായിരുന്നെന്ന് യുവതി പറഞ്ഞു. ജോളിയുടെ ഭര്‍ത്താവ് റോയി മരിച്ച സമയം ജോളിയുടെ വീട്ടില്‍ പോയിരുന്നെന്ന് ഇവര്‍ പോലീസിനോട് വ്യക്തമാക്കി

ഇതിനിടെ തയ്യല്‍ക്കട പൂട്ടിപ്പോയെങ്കിലും സൗഹൃദം തുടരുകയായിരുന്നു. ഈ വര്‍ഷത്തെ എന്‍ഐടിയിലെ രാഗം ഫെസ്റ്റിന് എത്തിയപ്പോള്‍ അവിചാരിതമായാണ് ജോളിയെ കണ്ടതെന്നും യുവതി മൊഴികൊടുത്തു. എന്നാല്‍ അന്വേഷണസംഘം ഇക്കാര്യം മുഖവിലയ്ക്കെടുത്തിട്ടില്ല. ജോളിയുടെ ഫോണില്‍ നിന്ന് ഇവര്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് കണ്ടെത്തിയത്. ഇതോടെയാണ് യുവതി ചിത്രത്തിലേക്കെത്തുന്നത്. കൊയിലാണ്ടി സ്വദേശിയാണ് യുവതി. കൂടത്തായി കൊലപാതക വാര്‍ത്തകള്‍ പുറത്തെത്തിയതോടെ ബന്ധുക്കളുടെ നിര്‍ദ്ദേശ പ്രകാരം തലശ്ശേരിയിലെ ബന്ധുവീട്ടിലേക്ക് മാറി. എന്നാല്‍ പോലീസ് തന്നെ തിരക്കുന്നുണ്ടെന്ന വാര്‍ത്ത എത്തിയതോടെ ഇന്നലെ പോലീസിനു മുമ്പില്‍ കീഴടങ്ങുകയായിരുന്നു.

Related posts