ആരാണ്…എവിടെയാണ്…മരടിലെ ആ 84 ഫ്‌ളാറ്റുകളുടെ ഉടമകള്‍ ! മാനുഷിക പരിഗണനയുടെ പേരില്‍ ഇവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹത; 25 ലക്ഷം കിട്ടുക 13 ഫ്‌ളാറ്റുടമകള്‍ക്ക് മാത്രം…

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുമ്പോള്‍ 84 ഫ്‌ളാറ്റുകളുടെ ഉടമകള്‍ ആരെന്നറിയാതെ നട്ടം തിരിയുകയാണ് അധികൃതര്‍. മരടിലെ 343 ഫ്‌ളാറ്റുകള്‍ക്ക് 325 ഉടമകളാണുള്ളത്. 241 ഫ്‌ളാറ്റുകള്‍ക്കാണ് നഷ്ടപരിഹാര അപേക്ഷ എത്തിയത്.ഇതില്‍ 214 അപേക്ഷകള്‍ കമ്മിറ്റിക്കു കൈമാറി. 5 എണ്ണം ഇന്നു കൈമാറും. രേഖകള്‍ കിട്ടാത്തതിനാല്‍ 10 എണ്ണം മാറ്റി വച്ചിരിക്കുകയാണ്.

20 പേര്‍ വിദേശത്താണ്. അടുത്ത ദിവസങ്ങളില്‍ അവരെത്തും എന്നു കരുതുന്നു. എന്നാല്‍ മേല്‍പ്പറഞ്ഞ 84 ഫ്‌ളാറ്റുകളുടെ ഉടമകളെക്കുറിച്ച് വിവരവും ഇല്ലെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് പറഞ്ഞു. ജെയ്ന്‍ കോറല്‍ കോവിലെ ഒരു ഫ്‌ളാറ്റ് ഉടമ പോലും സ്വന്തം പേരില്‍ ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നിട്ടും മാനുഷിക പരിഗണനയില്‍ ഇവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹത കിട്ടിയിട്ടുണ്ട്.

ഫ്‌ളാറ്റ് കേസില്‍ ലഭിച്ച 241 അപേക്ഷകളില്‍ ഇതുവരെ 107 പേര്‍ക്കു നഷ്ടപരിഹാരം അനുവദിച്ചു. ഇതില്‍ 13 പേര്‍ക്കു മാത്രമാണ് 25 ലക്ഷം രൂപ ലഭിക്കുക. മറ്റുള്ളവര്‍ക്കു രേഖകളുടെ അടിസ്ഥാനത്തില്‍ ആനുപാതികമായി കുറഞ്ഞ തുകയാണ് അനുവദിച്ചിട്ടുള്ളത്. നഷ്ടപരിഹാരം അനുവദിച്ചു കിട്ടിയ മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ ഇന്നു നഗരസഭയില്‍ സത്യവാങ്മൂലം നല്‍കണം. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സ്‌നേഹില്‍കുമാര്‍ സിംഗ് പറഞ്ഞു.

Related posts