പുലിമുരുകന്റെ റിക്കാര്‍ഡ് ഇനി ദുല്‍ഖറിന്റെ പേരില്‍

jomonമോഹന്‍ലാലിന്റെ മെഗാഹിറ്റ് ചിത്രം പുലിമുരുകന്റെ ഒരു റിക്കാര്‍ഡ് ഇനി യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ പേരില്‍. പുലിമുരുകന്റെ ടീസറും ട്രെയിലറും കുറിച്ച ആദ്യദിന റിക്കാര്‍ഡാണ് ദുല്‍ഖര്‍– സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ മറികടന്നത്. ശനിയാഴ്ച പുറത്തിറങ്ങിയ ടീസര്‍ ഇതുവരെ ഏഴുലക്ഷത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു. ആദ്യ 20 മണിക്കൂറില്‍ 4.92 ലക്ഷം വ്യൂസ് ആണ് ലഭിച്ചത്. 24 മണിക്കൂറില്‍ പുലിമുരുകന്റെ ട്രെയിലറിനു ലഭിച്ചത് 4.91 ലക്ഷമായിരുന്നു. 4.89 വ്യൂസുമായി ദുല്‍ഖറിന്റെ തന്നെ കലി ആണ് തൊട്ടു പിന്നില്‍. പുലിമുരുകന്റെ ടീസര്‍ ഇതുവരെ 20 ലക്ഷത്തിലേറെപ്പേര്‍ കണ്ടു. ട്രെയിലര്‍ 30 ലക്ഷത്തോളം പേര്‍ കണ്ടു. ഈ റിക്കാര്‍ഡുകള്‍ ജോമോന്‍ തിരുത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.

1.10 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. പള്ളിയിലെ രംഗങ്ങളും നര്‍മമുഹൂര്‍ത്തങ്ങളും ചേര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖറിനു പുറമേ മുത്തുമണി, മുകേഷ് എന്നിവരും ടീസറിലെത്തുന്നു.

മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് കഥ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതമൊരുക്കുന്നു. വിനോദയാത്രയ്ക്കുശേഷം സത്യന്‍ അന്തിക്കാടും ഛായാഗ്രാഹകന്‍ എസ്. കുമാറും ഈ ചിത്രത്തില്‍ ഒത്തുചേരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. തൃശൂരിലെ വളരെ സമ്പന്ന കുടുംബാംഗമായ ജോമോനെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മിക്കുന്നത്.

Related posts