അപകടവും, വെല്ലുവിളികളും, സമ്മര്‍ദ്ദങ്ങളും ഏറെ! ജൊവീന ജോയി ഇല്ലിനോയിയിലെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസര്‍

ഷിക്കാഗോ: ചിക്കാഗോയുടെ പ്രാന്തപ്രദേശമായ കരോള്‍സ്ട്രീം വില്ലേജ് പോലീസ് ഫോഴ്‌സില്‍ ഇനിമുതല്‍ ഒരു മലയാളി വനിതാ സാന്നിധ്യം. ഡെസ്‌പ്ലെയിന്‍സിലുള്ള കടിയംപള്ളി ജോയി വെറോനിക്കാ ദമ്പതികളുടെ പുത്രി ജൊവീനാ ജോയിയാണ് ഇല്ലിനോയിയിലെ തന്നെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസര്‍ എന്ന ഖ്യാദിക്ക് അര്‍ഹയായത്. സ്ഥിരീകരിച്ച വാര്‍ത്തകളുടെ അഭാവത്തില്‍ അമേരിക്കയിലെ തന്നെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസറാകാം ഒരുപക്ഷെ ജൊവിനോയുടെ നിയമനം.

അപകടവും, വെല്ലുവിളികളും, സമ്മര്‍ദ്ദങ്ങളും ഏറെയുണ്ടെങ്കിലും അമേരിക്കയില്‍ പോലീസ് ഓഫീസര്‍ പദവിക്ക് സമൂഹത്തില്‍ ഉയര്‍ന്ന മാന്യത കല്‍പ്പിച്ചിട്ടുള്ളതും, മികച്ച വേതനവും സേവന വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ്.

അപകടഭീതി തന്നെയാകാം ഇന്ത്യന്‍ വംശജരെ അമേരിക്കന്‍ സൈന്യത്തിലും, പോലീസ് ഫോഴ്‌സിലും സേവനം ചെയ്യാന്‍ നിരുത്സാഹപ്പെടുത്തുന്ന പ്രധാന ഘടകം. മൂന്നുമാസത്തെ തീവ്ര പരിശീലനത്തിനുശേഷം 2018 ഡിസംബര്‍ 21നാണ് ജൊവീനാ ജോയി കരോള്‍സ്ട്രിം പോലീസ് സ്റ്റേഷനില്‍ ചുമതലയേറ്റുടുത്തത്. രണ്ടു വര്‍ഷത്തിലധികം പാര്‍ക്ക് റിഡ്ജ്, മോര്‍ട്ടന്‍ഗ്രോവ് പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ട് ടൈം ആയി സേവനം ചെയ്ത അനുഭവമുണ്ട് ജൊവീനയ്ക്ക്.

ഉയര്‍ന്ന വേതനത്തെക്കാളും, സമൂഹത്തിലെ മാന്യതയെക്കാളും ഉപരി പോലീസ് ഓഫീസറാകുകയെന്നത് ജൊവീനയ്ക്ക് തീവ്രമായ അഭിനിവേശമായിരുന്നു. നന്നെ ചെറുപ്പത്തിലേ ഡിക്ടറ്ററീവ്, ഫൈറ്റിംഗ് ടിവി ഷോകളില്‍ ആകൃഷ്ടയായ ജൊവീന കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനും, കുറ്റവാളികളെ കസ്റ്റഡിയില്‍ എടുക്കുന്നതിനുമായി പോലീസ് ഓഫീസേഴ്‌സ് പ്രകടിപ്പിക്കുന്ന ധീരതയും, സാഹസവും, ആത്മാര്‍ത്ഥതയും ഏറെ ആവേശത്തോടുകൂടിയാണ് ആസ്വദിച്ചിരുന്നത്.

അപവാദങ്ങള്‍ ഉണ്ടാകുമെങ്കിലും, ബഹുഭൂരിപക്ഷം പോലീസ് ഓഫീസേഴ്‌സിന്റേയും ജീവിതം സമൂഹത്തില്‍ നീതിയും, സുരക്ഷയും സമാധനവും നിലനിര്‍ത്തുവാനുള്ള ഒരു സമര്‍പ്പണവുമാണെന്നാണ് ജൊവീനോ ഉറച്ച് വിശ്വസിക്കുന്നത്.

അത്തരത്തിലൊരു സമര്‍പ്പണത്തിനായിരുന്നു യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനായി സോഷ്യോളജിയും, ക്രിമിനല്‍ ജസ്റ്റീസും ഐശ്ചികവിഷയങ്ങളായി തെരഞ്ഞെടുക്കാന്‍ ജൊവീനയെ പ്രേരിപ്പിച്ചത്. സുരക്ഷയും ഏറെ സാധ്യതകള്‍ ഉള്ളതുമായ മാര്‍ക്കറ്റിംഗ് മാനേജര്‍ പദവി ഉപേക്ഷിച്ച് പോലീസ് ഓഫീസര്‍ ആകുന്നതില്‍ മാതാപിതാക്കള്‍ അല്‍പം ആശങ്ക പ്രകടിപ്പിച്ചുവെങ്കിലും, പൂര്‍ണ്ണ തിരിച്ചറിവോടുകൂടി പ്രായപൂര്‍ത്തിയായ മകളെടുത്ത തീരുമാനത്തെ പിന്നീട് അവരും പിന്തുണച്ചു. ക്രിമിനല്‍ ജസ്റ്റീസില്‍ തന്നെ ഉപരിപഠനം നടത്തണമെന്നതാണ് ജൊവീനയുടെ ലക്ഷ്യം.

കോട്ടയം ജില്ലയിലെ പുന്നത്തറ സ്വദേശിയായ ജൊവീന, മുംബൈയില്‍ ജനിച്ച് നാലു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയില്‍ കുടിയേറിയത്. ജോവി, ജോബി എന്നിവര്‍ സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം

Related posts