പ്രിയനന്ദനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിക്കുന്നു ! പക്ഷെ പ്രിയനന്ദന്‍ ഉപയോഗിച്ച ഭാഷ ഗുഹാമനുഷ്യനെയും ലജ്ജിപ്പിക്കുന്നതായിരുന്നു;സംവിധായകന്‍ ജോയ് മാത്യുവിന്റെ തുറന്നു പറച്ചില്‍…

സംവിധായകന്‍ പ്രിയനന്ദനു നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.സുഹൃത്ത് എന്ന നിലയിലും ഒരു കലാകാരന്‍ എന്ന നിലയിലും പ്രിയനന്ദനനെ ആക്രമിച്ചവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല എന്ന് പറഞ്ഞ് ജോയ് മാത്യു പ്രിയനന്ദനന്‍ ഉപയോഗിച്ച ഭാഷ ഗുഹാമനുഷ്യനെയും ലജ്ജിപ്പിക്കുന്നതായിരുന്നു എന്നും വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം

സംവിധായകന്‍ പ്രിയനന്ദനന്‍ എന്റെ ചിരകാല സുഹൃത്താണ്. ഞാന്‍ എഴുതിയ സങ്കടല്‍ എന്ന നാടകം പ്രിയന്‍ 1998ല്‍ സംവിധാനം ചെയ്യുകയുണ്ടായിട്ടുമുണ്ട്. പ്രിയന്റെ സിനിമയുമായി ഞാന്‍ സഹകരിച്ചിട്ടുമുണ്ട്. ശബരിമല വിഷയത്തില്‍ ഫേസ് ബുക്കില്‍ പ്രിയന്‍ എഴുതിയതിനെതിരെയുള്ള ഒരാക്രമണമാണല്ലോ പ്രിയന് നേരെ ഇപ്പോള്‍ നടന്നത്, ഗുഹാജീവികളില്‍ നിന്നും വലിയ പരിഷ്‌ക്കാരമൊന്നും ചിന്തകളില്‍ സംഭവിക്കാത്ത ഒരു ജനവിഭാഗമാണ് നമ്മള്‍. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പിച്ചു പറയാന്‍ കെല്‍പ്പില്ലാത്ത, ശാസ്ത്രീയമായചിന്ത തങ്ങള്‍ക്കാണെന്ന് അവകാശവാദമുള്ള അതേസമയം തങ്ങള്‍ ദൈവവിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് വീണ്ടും വീണ്ടും വിലപിച്ചു കൊണ്ടിരിക്കുന്ന ഭരണകൂടം ഒരു ഭാഗത്ത് എന്നാല്‍ ”വിശ്വാസികളെ, ഞങ്ങളാണ് നിങ്ങളുടെ യഥാര്‍ത്ഥ രക്ഷാകര്‍ത്താക്കള്‍” എന്നു വിലപിക്കുന്ന വേറൊരു കൂട്ടര്‍ മറുഭാഗത്തും.

സത്യത്തില്‍ ഇവര്‍ക്കാര്‍ക്കും മനുഷ്യരില്‍ വിശ്വാസമില്ല എന്നാണു നമുക്ക് മനസ്സിലാവുന്നത്. ചുരുക്കത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ കയ്യിലുള്ള ഗുഹാജീവികള്‍ എന്നു നമ്മളെ വിശേഷിപ്പിക്കാം ഇങ്ങിനെയുള്ള നമ്മുടെ ഗുഹാജീവിതത്തിന്നിടയിലാണ് സുഹൃത്തുക്കള്‍ ആക്രമിക്കപ്പെടുന്നത്. അതും ഗുഹാമനുഷ്യ ജീവിത വ്യവസ്ഥകള്‍ക്ക് വേണ്ടി ! സുഹൃത്ത് എന്ന നിലയിലും ഒരു കലാകാരന്‍ എന്ന നിലയിലും പ്രിയനന്ദനനെ ആക്രമിച്ചവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല. എന്നാല്‍ അതേസമയം പ്രിയനന്ദനന്‍ ഉപയോഗിച്ച ഭാഷ ഗുഹാമനുഷ്യനെയും ലജ്ജിപ്പിക്കുന്നതായിരുന്നു എന്നു പറഞ്ഞില്ലെങ്കില്‍ ഞാന്‍ വെറുമൊരു സാഹിത്യ അക്കാദമി ജീവിയായി തരംതാണുപോകും.

അഭിപ്രായം ഉണ്ടെങ്കില്‍ അഭിപ്രായ വ്യത്യാസവും ഉണ്ടാവും; ഉണ്ടാവണം. അഭിപ്രായവ്യത്യാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരു സമൂഹം ആയി നാം മാറണമെങ്കില്‍ നമുക്ക് അത് പറയാന്‍ നല്ലൊരു ഭാഷ വേണം, എഴുതിപ്പോയ വാക്കുകള്‍ പ്രിയന്‍ തിരിച്ചെടുത്തെങ്കിലും ഒരു ക്ഷമാപണം കൂടെ നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നമേ ഇതിലുണ്ടാകുമായിരുന്നുള്ളൂ. അതിലൂടെ ഒരാളും മോശക്കാരാവുന്നുമില്ല. എന്നാല്‍ ഒരു ഒരുകാര്യത്തില്‍ വിട്ടുവീഴ്ച ഇല്ല. എന്നാല്‍ പ്രിയാനന്ദനനെ ആക്രമിച്ചതില്‍ ഞാന്‍ അതിശക്തമായി പ്രതിഷേധിക്കുന്നു. കാരണം അയാള്‍ എന്റെ ചങ്ങാതിയാണ് എന്ന് ജോയ്മാത്യു പ്രതികരിച്ചു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മോശപ്പെട്ട ഭാഷയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് സംവിധായകന്‍ പ്രിയനന്ദന്റെ നേര്‍ക്ക് ആക്രമണം ഉണ്ടായത്. സംഘപരിവാറാണ് സംഭവത്തിന്റെ പിന്നിലെന്ന് പറഞ്ഞ പ്രിയനന്ദന്‍ ഭാഷ മോശമായതിനാലാണ് പോസ്റ്റ് പിന്‍വലിച്ചതെന്നു പറഞ്ഞിരുന്നു. സംഭവത്തില്‍ മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സരോവര്‍ അറസ്റ്റിലായിരുന്നു.

Related posts