ആക്രമണം പരിധിവിട്ടതോടെ കണ്ണൂരിലെ ദമ്പതികള്‍ ആശുപത്രിയില്‍, പ്രായക്കൂടുതലിന്റെ വ്യാജവാര്‍ത്ത നല്കിയത് കുപ്രസിദ്ധിയാര്‍ജിച്ച ഓണ്‍ലൈന്‍ പത്രം, അപമാനിച്ചവര്‍ കൂട്ടത്തോടെ കുടുങ്ങും

വധുവിന് പ്രായക്കൂടുതല്‍ ആണെന്ന് പറഞ്ഞ് മോശം ഭാഷയില്‍ സൈബര്‍ ഗുണ്ടകള്‍ ആക്രമിച്ച നവദമ്പതികളെ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റെയും ജൂബി ജോസഫിന്റേയും വിവാഹചിത്രം വച്ചാണ് സമൂഹമാധ്യമങ്ങളില്‍ സൈബര്‍ അക്രമികള്‍ ആക്രമണം അഴിച്ചുവിട്ടത്. വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ച് വരന്‍ വിവാഹം കഴിച്ചതാണെന്നും ആയിരുന്നു പ്രചാരണം.

പരാതി ലഭിച്ചതോടെ സൈബര്‍സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വധുവിന് പ്രായം കൂടുതലാണെന്ന രീതിയില്‍ അപമാനിച്ച് ആദ്യം വാര്‍ത്ത ചെയ്തത് ഒരു ഓണ്‍ലൈന്‍ പത്രമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പണ്ടും വ്യക്തികളെ ആക്ഷേപിച്ച് വ്യാജവാര്‍ത്തകള്‍ ചമച്ചിട്ടുള്ള ഈ മാധ്യമത്തിനെതിരേ സമാന പരാതികള്‍ നേരത്തെയും വന്നിട്ടുണ്ട്.

എല്ലാ തമാശയും അതിന്റേതായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു യുവാവ് തന്നെയാണ് ഞാന്‍. പക്ഷേ ഇത് എന്തിന്റെ പേരില്‍ ക്ഷമിക്കും എന്ന് നിങ്ങള്‍ തന്നെ പറയൂ. എന്നെ ചൊറിയാന്‍ വന്നത് പോട്ടെ, എന്റെ വീട്ടിലേക്ക് വന്നു കയറിയ പെണ്ണിനെ ഇവ്വിധം അപഹസിക്കാന്‍ വരുന്നവന്‍മാരെ എന്ത് ചെയ്യണം.

45കാരിയെ വിവാഹം കഴിച്ച എനിക്ക് അമ്മയുടെ വാത്സല്യവും ഭാര്യയുടെ സ്‌നേഹവും ഒരു പോലെ ലഭിക്കും എന്ന് ചിലര്‍ കമന്റിടുന്നതു കണ്ടു. അത്തരക്കാരോട് ഒന്നേ തിരിച്ചു ചോദിക്കാനുള്ളൂ. അവരുടെയൊക്കെ വീട്ടില്‍ ഭാര്യയേയും അമ്മയേയും ഇങ്ങനെ ഒരേ തട്ടിലാണോ വച്ചിരിക്കുന്നത്. രണ്ട് പേരെയും ഒരു പോലെയാണോ സമീപിക്കുന്നത്- അനൂപ് രോക്ഷത്തോടെ ചോദിക്കുന്നു.

സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണവും സൈബര്‍ ആക്രമണവും കാരണമുണ്ടായ മാനസിക സമ്മര്‍ദ്ദം കാരണം അനൂപിനേയും ജൂബിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അനൂപിന്റെ അച്ഛന്‍ വെളിപ്പെടുത്തുന്നു. കുടുംബത്തിലെല്ലാവരും മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പഠനകാലം മുതല്‍ പ്രണയത്തിലായിരുന്ന അനൂപും ജൂബിയും തങ്ങള്‍ നേരിട്ട സൈബര്‍ ഗുണ്ടായിസത്തിനെതിരെ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി എത്തിയിരുന്നു.

Related posts