വീട്ടില്‍ വെള്ളം നിറഞ്ഞെങ്കിലും ഒരു തുണ്ട് കടലാസ് പോലും നഷ്ടപ്പെട്ടില്ല! മത്സ്യത്തൊഴിലാളിയായ ആന്റണിയ്ക്ക് വരാന്‍ പോവുന്ന പ്രളയത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത് പ്രകൃതി തന്നെ

കേരളത്തെ ഒട്ടാകെ മുക്കിക്കളഞ്ഞ ഒരു പ്രളയമാണ് ഇക്കഴിഞ്ഞ നാളുകളില്‍ കടന്നുപോയത്. നല്ലൊരു ശതമാനം ആളുകളുടെയും വീടുകളും വസ്തുവകകളും ഇരച്ചെത്തിയ വെള്ളത്തില്‍ മുങ്ങി. വെള്ളമിറങ്ങിയ സമയത്ത് വീട്ടില്‍ തിരിച്ചെത്തിയ പലര്‍ക്കും കാണാനായത് ഒഴിഞ്ഞു കിടക്കുന്ന വീടും മുറികളുമാണ്. വിലപ്പെട്ടതും അവശ്യവും അത്യാവശ്യവുമായ പല വസ്തുക്കളും പ്രളയത്തില്‍ ഒലിച്ചുപോയി.

എന്നാല്‍ ആറരയടിയിലധികം വെള്ളം പൊങ്ങിയെങ്കിലും വീട്ടില്‍ നിന്ന് ഒരു തുണ്ട് കടലാസ് പോലും നഷ്ടപ്പെടാത്ത ഒരു വ്യക്തിയുണ്ട്. കാട്ടുപറമ്പില്‍ കെ എസ് ആന്റണി എന്ന വ്യക്തിയാണത്. മത്സ്യത്തൊഴിലാളിയായ കെ.എസ്. ആന്റണിക്കു തുണയായത് അനുഭവങ്ങളില്‍നിന്ന് ആര്‍ജിച്ചെടുത്ത അറിവാണ്.

മത്സ്യത്തൊഴിലാളികളുടെ ഭാഷയില്‍ ‘തക്കക്കേട്’ എന്നുപറയുന്ന പ്രതിഭാസമാണ് വരാനിരിക്കുന്ന ദുരന്തത്തിന്റെ തീവ്രതയെക്കുറിച്ച് ആന്റണിക്കു മുന്നറിയിപ്പ് നല്‍കിയത്. കര്‍ക്കിടകവാവുകഴിഞ്ഞ് പഞ്ചമി മുതല്‍ വേലിയേറ്റത്തിനു ശക്തി കൂടുന്നതിനാണ് തക്കക്കേട് എന്നു പറയുന്നത്. ഈ സമയത്ത് ഒഴുകിയെത്തുന്ന വെള്ളം കടല്‍ സ്വീകരിക്കില്ല. മഴവെള്ളവും ഡാമുകളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളവും കടല്‍ സ്വീകരിക്കാതെ വരും.

ഷഷ്ഠി, സപ്തമി, അഷ്ടമി വരെയുള്ള തുടര്‍ദിവസങ്ങളിലും അധികമായി വരുന്ന വെള്ളം കടല്‍ തള്ളും. ഓഗസ്റ്റ് 15ന് ആയിരുന്നു ഇക്കുറി പഞ്ചമി. അന്നാണ് ആര്‍ത്തലച്ച മഴയും ഉരുള്‍പൊട്ടലുകളും തുടര്‍ച്ചയായി സംഭവിച്ച് കേരളത്തെ ദുരതിക്കയത്തിലാക്കിയത്. ഡാമുകളില്‍നിന്നു നിയന്ത്രണാതീതമായി വന്ന വെള്ളം തക്കക്കേടു കാരണം കടലെടുക്കാതെ വന്നതോടെ കരപ്രദേശങ്ങളില്‍ പത്തടിയോളം വെള്ളം ഉയര്‍ന്നു.

പ്രളയം രൂക്ഷമായി ബാധിച്ച സ്ഥലങ്ങളിലൊന്നാണ് പറവൂരിലെ പുത്തന്‍വേലിക്കര. ഇവിടെ ഭൂരിപക്ഷം വീടുകളിലും വെള്ളം കയറി. വെള്ളോട്ടുംപുറം എന്ന താഴ്ന്ന പ്രദേശത്താണ് ആന്റണിയുടെ വീട്. മഴ നിര്‍ത്താതെ പെയ്യുകയും സംസ്ഥാനത്തുടനീളമുള്ള ഡാമുകള്‍ തുറന്നതിനെക്കുറിച്ചും മാധ്യങ്ങളില്‍ വാര്‍ത്തകള്‍ നിറയുകയും ചെയ്തതോടെ ആന്റണി അപകടം മണത്തു. കടലിന്റെ സ്വഭാവം അറിയാവുന്ന അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും പഞ്ചായത്ത് അംഗങ്ങള്‍ക്കുമൊക്കെ മുന്നറിയിപ്പു നല്‍കി. എന്നാല്‍ അതാരും കാര്യമാക്കിയില്ല.

ആന്റണി പക്ഷേ കുടുംബത്തെ വീട്ടില്‍നിന്നു മാറ്റി. കട്ടിലിനു മുകളില്‍ ഒരു മേശയിട്ട് അതില്‍ ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവ വച്ച് എല്ലാം കൂടി മേല്‍ക്കൂരയോടു ചേര്‍ത്തുകെട്ടി. രേഖകളും സര്‍ട്ടിഫിക്കറ്റുകളുമെല്ലാം വീട്ടില്‍നിന്നു മാറ്റി. പ്രളയത്തില്‍ ആന്റണിയുടെ വീട്ടില്‍ ആറരയടിയോളം വെള്ളം ഉയര്‍ന്നിരുന്നു. മൂന്നു മുറിയുള്ള ചെറിയ വീടിനു കേടുപാടുണ്ടായിട്ടായെങ്കിലും സാധനങ്ങള്‍ സുരക്ഷിതമായിരുന്നു.

പുതിയ തലമുറയില്‍ പലര്‍ക്കും ഇത്തരം കാര്യങ്ങളില്‍ അറിവില്ല. അതുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇത്തരം പരമ്പരാഗതമായ അറിവുകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ വേണ്ടത് ചെയ്യണമെന്നാണ് ആന്റണി പറയുന്നത്.

Related posts