ആര്‍ക്കും വേണ്ട ! ലക്ഷങ്ങള്‍ വിലമതിക്കുന്ന കദളിക്കുലകള്‍ വഴിയെ പോയവര്‍ക്ക് സൗജന്യമായി നല്‍കി കര്‍ഷകന്‍…

വളരെ കഷ്ടപ്പെട്ടു കൃഷി ചെയ്ത കദളിക്കുലകള്‍ക്ക് ആവശ്യക്കാരില്ലാതെ വന്നാല്‍ പിന്നെ എന്തു ചെയ്യാന്‍.

വെറുതെ ആളുകള്‍ക്കു കൊടുക്കുക മാത്രമാണ് ഏക പോംവഴിയെന്ന മനസ്സിലാക്കിയ അലക്‌സ് എന്ന കര്‍ഷകനാണ് ഈയൊരു തീരുമാനമെടുത്തത്.

കൊറോണ വൈറസ് വ്യാപനവും പിന്നാലെയെത്തിയ ലോക്ഡൗണുമാണ് മുണ്ടത്തിക്കോട് ഐയ്യങ്കേരി അലക്‌സ് ജോസഫിന്റെ കദളികൃഷിയെ തകര്‍ത്തത്.

പാകമായ കുലകള്‍ വെട്ടിയിട്ടാലും ആര്‍ക്കും കൊണ്ടുപോകാനാകാത്ത അവസ്ഥ.

കണ്ണന് നിവേദിക്കാന്‍ ആയിരക്കണക്കിന് കദളിക്കുല ആഴ്ചതോറും ഗുരുവായൂരിലെത്തിച്ചിരുന്ന കര്‍ഷകനാണ് അലക്‌സ്.

ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചതോടെ ആവശ്യക്കാരെ തേടി കദളിക്കുലകളുമായി അലക്‌സ് അലഞ്ഞു.

ആയിരക്കണക്കിന് കദളിക്കുലകളാണ് അലക്‌സിന്റെ തോട്ടത്തിലുള്ളത്.

പാകമായ കുലകള്‍ ദിവസവും വെട്ടുന്നു. കുലകള്‍ വെട്ടി കൂട്ടിയിട്ട് സമീപത്തെ പച്ചക്കറിവ്യാപാരികളെ സമീപിക്കുന്ന അലക്‌സിന് നിരാശമാത്രം ബാക്കി.

കദളിക്കായയ്ക്ക് ഗുരുവായൂരില്‍ കിലോയ്ക്ക് 100 രൂപവരെ വില മാര്‍ച്ച് ആദ്യവാരത്തില്‍ ലഭിച്ചിരുന്നുവെന്ന് അലക്‌സ് പറഞ്ഞു.

സീസണില്‍ ഇത് 130 രൂപവരെ വരാറുണ്ട്. കിലോയ്ക്ക് വെറും 20 രൂപ തന്നാല്‍ മതിയെന്നു പറഞ്ഞിട്ടും ആരും വന്നില്ല.

മാസത്തില്‍ മൂന്നുലക്ഷം രൂപയ്ക്കുവരെ കദളിക്കുലകള്‍ ഗുരുവായൂരില്‍ വിറ്റുപോയിരുന്നു.

കൊറോണ വലിയ നഷ്ടമാണ് വരുത്തിയത് അലക്‌സ് പറഞ്ഞു. പത്ത് ഏക്കര്‍ വരുന്ന തോട്ടത്തില്‍ പന്ത്രണ്ടായിരത്തിലധികം വാഴകളുണ്ട്.

ക്വാറിയില്‍നിന്നുള്ള വെള്ളം ഉപയോഗിച്ച് സൂക്ഷ്മകണികാ ജലസേചനത്തിലൂടെയാണ് കൃഷി.

കദളിവിപണിക്കായി വടക്കാഞ്ചേരി ഗ്രീന്‍ ആര്‍മിയുടെ സഹായം ഒടുവില്‍ അലക്‌സ് തേടി. വെള്ളാറ്റഞ്ഞൂര്‍ സഹകരണബാങ്കുമായി ഗ്രീന്‍ ആര്‍മി കോ-ഓര്‍ഡിനേറ്റര്‍ ബന്ധപ്പെടുത്തി.

അവരുടെ മൊബൈല്‍ പച്ചക്കറിവില്‍പ്പനശാലയില്‍ കദളിക്കുലയും ഉള്‍പ്പെടുത്തി. ഇതുവഴി വെട്ടിയിട്ട കദളിക്കുലകളുടെ പത്തുശതമാനമെങ്കിലും ജനത്തിന് പ്രയോജനപ്പെടുമെന്ന ചിന്തയാണ് അലക്‌സിന്.

വൈശാഖമാസത്തിനു മുമ്പേ കൊറോണ ലോകത്തു നിന്ന് പോകണമെന്നാണ് പ്രാര്‍ഥനയെന്ന് അലക്‌സ് പറയുന്നു.

Related posts

Leave a Comment