
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് സമിതിയുടെ ഒൗദ്യോഗിക ഭാരവാഹികളും, ജീവനക്കാരും വിഷു ദിനത്തിൽ കുഞ്ഞുങ്ങൾക്ക് നൽകിയ കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.
കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന നാടിന് കൈത്താങ്ങായി ആറ് വയസിൽ താഴെയുള്ള കുരുന്നുകളുടെ വിഷുകൈനീട്ടം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ജെ.എസ് .ഷിജൂഖാൻ മന്ത്രി കെ.കെ.ശൈലജയ്ക്ക് കൈമാറി.
ട്രഷറർ ആർ.രാജുവും ചടങ്ങിൽ പങ്കെടുത്തു. വിഷു ദിനത്തിൽ തൈക്കാട് സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലുള്ള 80 കുട്ടികൾക്കായി ആകർഷകമായ വിഷുകണിയും പായസവും തൂശനിലയിൽ സദ്യയും അമ്മമാർ ഒരുക്കിയിരുന്നു.
അമ്മത്തൊട്ടിൽ വഴിയും മറ്റ് പല കാരണങ്ങളാലും സമിതിയുടെ പരിചരണയ്ക്കായി എത്തിയവരാണ് ഇവിടെത്തെ കുരുന്നുകൾ. മാസങ്ങൾ പിന്നിടുന്പോൾ കുട്ടികളില്ലാത്തവരുടെ സ്വന്തമായി സമിതിയിൽ നിന്നും ഇവർ പടിയിറങ്ങും.
വിദേശത്ത് ഉൾപ്പെടെ അനവധി ദന്പതികളാണ് ഈ കുരുന്നുകളെ ദത്ത് കൊണ്ടു പോകാൻ കാത്തിരിക്കുന്നത്.കോവിഡ്ക്കാലമായതിനാൽ സർക്കാരുകളുടെ മാർഗ നിർദ്ദേശങ്ങൾ കാത്തിരിക്കുകയാണ് കുരുന്നുകളും.
ലോക് ഡൗണ്‍ കഴിഞ്ഞാൽ പലരും മാതാപിതാക്കളോടൊപ്പം വിമാനം കയറി വിദേശത്തേയ്ക്കും സ്വദേശത്തേയ്ക്കുമായി പറക്കും.