ആർഭാടങ്ങളില്ലാത കലോത്സവം നടക്കും: വേദി മാറ്റം സംബന്ധിച്ച തീരുമാനം പിന്നീട്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ആർഭാടങ്ങളില്ലാതെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. പ്രളയക്കെടുതിയേത്തുടർന്ന് കലോത്സവം നടത്തേണ്ട എന്നായിരുന്നു സർക്കാർ തീരുമാനമെങ്കിലും വിദ്യാർഥികളുടെ ഗ്രേസ്മാർക്ക് ഉൾപ്പെടെ പരിഗണിച്ച് കലോത്സവം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, യാതൊരുവിധ ആർഭാടങ്ങളും ഇത്തവണത്തെ കലോത്സവത്തിന് ഉണ്ടാകില്ലെന്നും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തെരഞ്ഞെടുക്കുന്നതിനും ഗ്രേഡ് നൽകുന്നതിനും ഇതുവഴി അർഹരായ കുട്ടികൾക്ക് ഗ്രേസ്മാർക്ക് നഷ്ടപ്പെടുത്താതിരിക്കുന്നതിനും വേണ്ടി മാത്രമായിരിക്കും കലോത്സവം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

കുട്ടികൾക്ക് ഗ്രേസ്മാർക്ക് ലഭിക്കുന്നതിനു പുറമേ അവർക്ക് ലഭിക്കേണ്ട ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നഷ്ടപ്പെടരുതെന്നും സർക്കാരിന് നിർബന്ധമുണ്ട്. കലാമേളയ്ക്കു പുറമേ കായിക-ശാസ്ത്ര മേളകളും ഇത്തരത്തിൽ ആഘോഷങ്ങളേതുമില്ലാതെയായിരിക്കും നടത്തപ്പെടുകയെന്നും മന്ത്രി അറിയിച്ചു.

ഈ മാസം 17ന് കലോത്സവ മാന്വൽ കമ്മിറ്റി യോഗം ചേർന്ന് മാന്വലിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കും. ഇതിനു ശേഷം മാത്രമായിരിക്കും കലോത്സവത്തിന്‍റെ വേദിയുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമെടുക്കുക-മന്ത്രി വ്യക്തമാക്കി.

വേദിക‍ൾ മാറ്റുന്നത് സംബന്ധിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. പ്രളയത്തേത്തുടർന്ന് ഓണപ്പരീക്ഷകൾ‌ വേണ്ടെന്നു വച്ചെങ്കിലും അർധവാർഷിക പരീക്ഷൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കലോത്സവങ്ങളും അന്താരാഷ്ട്ര ചലച്ചിത്ര മേളയും പ്രളയക്കെടുതിയെത്തുടർന്ന് നടത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ അഭാവത്തിൽ ചേർന്ന മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ഈ തീരുമാനത്തിനെതിരെ മന്ത്രിസഭാംഗങ്ങൾ തന്നെ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. മന്ത്രിസഭാംഗങ്ങൾക്കു പിന്നാലെ പ്രതിപക്ഷവും ഇക്കാര്യത്തിൽ എതിർപ്പ് ശക്തമാക്കി. ഇതേത്തുടർന്നാണ് വിഷയത്തേക്കുറിച്ച് വീണ്ടും ആലോചിക്കുമെന്ന് സർക്കാർ അറിയിച്ചത്. ഇതിനു പിന്നാലെ വിദേശത്ത് ചികിത്സക്കായിപ്പോയ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപ്പെടുകയായിരുന്നു.

കലോത്സവം നടത്താതെ കുട്ടികളുടെ ഗ്രേസ് മാർക്ക് നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടാക്കരുതെന്നും ആർഭാടങ്ങൾ ഒഴിവാക്കി കലോത്സവവും മറ്റ് മോളകളും നടത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദേശം പരിഗണിച്ചാണ് സർക്കാർ പുതിയ തീരുമാനത്തിലെത്തിയത്. അതേസമയം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നടത്തിപ്പു സംബന്ധിച്ച് സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് വിവരം.

Related posts