കൊല്ലം: സ്കൂട്ടറിൽ കടത്തിയ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുളങ്കാടകം പള്ളി തെക്കതിൽ വീട്ടിൽ സുനേഷ് (45) ആണ് പിടിയിലായത്. ഒന്നേകാൽ കിലോഗ്രാം കഞ്ചാവ്, 5,070 രൂപ, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. സ്കൂട്ടറിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു കഞ്ചാവ്.
ശക്തികുളങ്ങര മത്സ്യബന്ധന ഹാർബർ, മുളങ്കാടകം, തിരുമുല്ലവാരം, അഞ്ചുകല്ലുംമൂട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിവന്നിരുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്നു വിവിധ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് മൊത്തവിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെരീതി.
ശക്തികുളങ്ങര ഹാർബറിൽ ഇത്തരത്തിൽ വൻതോതിൽ കഞ്ചാവുകച്ചവടം നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കർ പറഞ്ഞു.