ബാങ്കുകാര്‍ പറയുന്നത് 80 ലക്ഷം വായ്പയുണ്ടെന്ന് ! വീട്ടുകാരുടെ അറിവില്‍ വായ്പ 20 ലക്ഷം മാത്രം; ജീവനൊടുക്കിയ ആളുടെ വായ്പ സംബന്ധിച്ച് സര്‍വത്ര ദുരൂഹത…

കരുവന്നൂര്‍ ബാങ്ക് തിരിമറി ചൂടുപിടിച്ച ചര്‍ച്ചയാകുമ്പോള്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ മുന്‍ പഞ്ചായത്തംഗം ടി.എം. മുകുന്ദന്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കില്‍നിന്നു വായ്പയെടുത്ത തുകയുടെ കാര്യത്തില്‍ ദുരൂഹത തുടരുന്നു.

മുകുന്ദന്‍ 80 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറയുമ്പോള്‍ 20 ലക്ഷം വായ്പയെടുത്തെന്ന കാര്യം മാത്രമേ വീട്ടുകാര്‍ക്ക് അറിയൂ…

ഈടുവച്ച ഭൂരേഖകള്‍ ഉപയോഗിച്ച് തട്ടിപ്പു നടന്നോ എന്ന് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ബാങ്കിന്റെ വീഴ്ചയാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു പൊതുപ്രവര്‍ത്തകര്‍ ആരോപിച്ചു.

ബാങ്കില്‍ പണയംവച്ച ഭൂമിയടക്കമുള്ള രേഖകളില്‍ ഉടമകള്‍ അറിയാതെ ജീവനക്കാരും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും ഒത്തുകളിച്ച് കോടികള്‍ വായ്പയെടുത്തിട്ടുണ്ടെന്നാണ് ആരോപണം.

20 ലക്ഷം വായ്പ 80 ലക്ഷമായതില്‍ അന്വേഷണം വേണമെന്നു മുകുന്ദന്റെ സഹോദരി ആവശ്യപ്പെട്ടു. വടക്കാഞ്ചേരി വ്യാസ കോളജിലെ ജീവനക്കാരനായിരുന്നു മുകുന്ദന്‍.

1995-ല്‍ സ്ഥലവും വീടും ഈടുവച്ച് പത്തുലക്ഷം രൂപയും അഞ്ചു വര്‍ഷം മുമ്പു മകളുടെ വിവാഹത്തിനു പത്തു ലക്ഷം രൂപയും വായ്പയെടുത്തതായി വീട്ടുകാര്‍ക്ക് അറിവുണ്ട്. എന്നാല്‍, 80 ലക്ഷത്തിലേക്കു തുക എത്തിയത് എങ്ങനെയാണെന്ന് അവര്‍ക്കറിയില്ല.

ബാങ്ക് അധികൃതര്‍ പറയുന്നതുപോലെ, 2018 മാര്‍ച്ച് 30-ന് അമ്പതുലക്ഷം എടുത്തതിന്റെയോ പിന്നീടു ജാമ്യക്കാരനായി കക്ഷിചേര്‍ന്നു 30 ലക്ഷം എടുത്തതിന്റെയോ വിവരം വീട്ടുകാര്‍ക്കില്ല.

ഈ കണക്കുകളില്‍ സംശയമുണ്ടെന്നും സഹോദരി പറഞ്ഞു. ഇത്രയും തുക വായ്പയെടുക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ലായിരുന്നു.

മികച്ച പൊതുപ്രവര്‍ത്തനെന്ന നിലയില്‍ നാടിന്റെ വികസനത്തിനു നേതൃത്വം വഹിച്ചയാളാണ് മുകുന്ദന്‍. ഇദ്ദേഹം ബാങ്കില്‍ സമര്‍പ്പിച്ച രേഖകളില്‍ കൂടുതല്‍ പരിശോധന വേണമെന്നും ആധാരത്തിന്മേല്‍ തട്ടിപ്പു നടന്നെന്നുമുള്ള നിലപാടിലാണു ബന്ധുക്കള്‍.

ബാങ്കിന്റെ സോഫ്റ്റ്വേര്‍ അടക്കമുള്ളവയില്‍ തിരിമറി നടത്തിയാണു ബാങ്ക് ഉദ്യോഗസ്ഥര്‍ കോടികള്‍ വിവിധ അക്കൗണ്ടുകളിലേക്കു മറിച്ചതെന്നാണു വിവരം.

2019ല്‍ നടത്തിയ പരിശോധനയില്‍ കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കാത്തതില്‍ വിജിലന്‍സ് അന്വേഷണമടക്കം ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല.

കോടികളുടെ തട്ടിപ്പ് പുറത്തറിഞ്ഞതോടെ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തെങ്കിലും രേഖകളുടെ പരിശോധന ആരംഭിച്ചിട്ടില്ല.

Related posts

Leave a Comment