നാ​ട്ടു​കാരുടെ ക​പ്പ ഉ​മ്മ! 95-ാം വയസിലും സുലേഖ ബീവി പച്ചക്കപ്പ കച്ചവടത്തിലാണ്; ഇന്ന് ലോക വയോജന ദിനം

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: പ​ച്ച​ക്ക​പ്പ വാ​ങ്ങ​ണ​മെ​ന്ന് തോ​ന്നി​യാ​ൽ ആ​രു​ടെ മ​ന​സി​ലും ആ​ദ്യം എ​ത്തു​ന്ന​ത് മു​പ്പ​ത്ത​ഞ്ചാം മൈ​ലി​ലെ ക​പ്പ ഉ​മ്മ​യേ​യാ​ണ്. 95വ​യ​സു​ള്ള ക​പ്പ ഉ​മ്മ​യെ അ​റി​യാ​ത്ത​വ​രാ​രും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലി​ല്ല.

ക​പ്പ ഉ​മ്മ​യെ​ന്ന് നാ​ട്ടു​കാ​ർ സ്നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന കീ​ച്ച​ൻ​പാ​റ പു​തു​പ്പ​റ​ന്പി​ൽ സു​ലേ​ഖ ബീ​വി ക​പ്പ​വി​ൽ​പ്പ​ന ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ക്കി​യി​ട്ട് 60 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. 13 വ​യ​സു​ള്ള​പ്പോ​ഴാ​യി​രു​ന്നു വി​വാ​ഹം. മീ​രാ​വ​യ്യാ​ൻ കു​ഞ്ഞാ​ണ് ഭ​ർ​ത്താ​വ്. അ​ഞ്ചു മ​ക്ക​ളുണ്ട്. ഭ​ർ​ത്താ​വും മ​ക്ക​ളി​ൽ ഒ​രാ​ളും മ​ര​ണ​മ​ട​ഞ്ഞു. തു​ട​ർ​ന്ന് ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യാ​ണ് ക​പ്പ​വി​ൽ​പ്പ​ന തു​ട​ങ്ങി​യ​ത്.

ഒ​ന്ന​ര സെ​ൻ​റ് സ്ഥ​ല​വും വീ​ടു​മാ​ണ് ഉ​ള്ള​ത്. ക​പ്പ കൃ​ഷി​ക്കാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ക​പ്പ വാ​ങ്ങി മു​പ്പ​ത്ത​ഞ്ചാം മൈ​ലി​ലെ​ത്തി വി​ൽ​പ്പ​ന ന​ട​ത്തും. ഇ​വി​ടെ​നി​ന്നു ല​ഭി​ക്കു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് മ​ക്ക​ളെ വ​ള​ർ​ത്തി​യ​ത്. മ​ക്ക​ളെ​ല്ലാം പ്രാ​യ​പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ക​പ്പ​വി​ൽ​പ്പ​ന ഉ​മ്മ നി​റു​ത്തി​യി​ല്ല. ഇ​പ്പോ​ൾ വി​ധ​വ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് ഒ​ന്നി​നും തി​ക​യി​ല്ലെ​ന്നാ​ണ് ഉ​മ്മ പ​റ​യു​ന്ന​ത്.

തു​ട​ക്ക​ത്തി​ൽ കോ​രു​ത്തോ​ട്, മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ, പെ​രു​വ​ന്താ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്ന് ക​പ്പ, ചേ​ന, ചേ​ന്പ് തു​ട​ങ്ങി​യ​വ വാ​ങ്ങി ത​ല​ച്ചു​മ​ടാ​യി​ട്ടാ​ണ് മു​പ്പ​ത്ത​യ​ഞ്ചാം മൈ​ലി​ൽ എ​ത്തി​ച്ച് വി​റ്റി​രു​ന്ന​ത്. ഉ​മ്മയു​ടെ ഓ​ർ​മ​യി​ൽ 20 പൈ​സ​യ്ക്കാ​ണ് ക​പ്പ വി​ൽ​പ്പ​ന തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ ലോ​റി​ക​ളി​ൽ ക​പ്പ എ​ത്തി​ക്കു​ന്ന​തു​മൂ​ലം മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ക​പ്പ​വി​ൽ​പ്പ​ന​യു​ണ്ടെ​ങ്കി​ലും ക​പ്പ​ ഉ​മ്മ​യു​ടെ വി​ൽ​പ്പ​ന​യ്ക്ക് യാ​തൊ​രു കു​റ​വു​മി​ല്ല.

രാ​വി​ലെ ക​പ്പ വി​ൽ​പ്പ​ന​യ്ക്കെ​ത്തു​ന്ന ഉ​മ്മ ഇ​തി​നി​ടെ തോ​ട്ട​ത്തി​ൽനി​ന്ന് വി​റ​കും ശേ​ഖ​രി​ക്കും. വൈ​കു​ന്നേ​രം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ൾ ത​ല​യി​ൽ ഒ​രു​കെ​ട്ട് വി​റ​കും കാ​ണും. 95-ാം വ​യ​സി​ലും സ്വ​യം അ​ധ്വാ​നി​ച്ച് ജീ​വി​ക്കു​ന്ന ഉ​മ്മ ഏ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്നു സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്നു.

Related posts