തിരുവനന്തപുരം: ഇന്ന് കര്‍ക്കടക വാവ്, പിതൃസ്മരണയില്‍ ബലിതര്‍പ്പണം അര്‍പ്പിച്ച് ഹൈന്ദവ വിശ്വാസികള്‍. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വന്‍ ഭക്തജനതിരക്കാണ് ബലിതര്‍പ്പണത്തിന് അനുഭവപ്പെടുന്നത്. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം ദേവിക്ഷേത്രം, കഠിനംകുളം മഹാദേവ ക്ഷേത്രം, വര്‍ക്കല പാപനാശം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജില്ലയിലെ അന്‍പതില്‍പ്പരം ക്ഷേത്രങ്ങളിലും നദിയുടെ സമീപത്തുമായാണ് ബലി തര്‍പ്പണചടങ്ങുകള്‍ പുരോഗമിക്കുന്നത്.
ബലിതര്‍പ്പണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പുണ്യ സ്ഥലമായ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. ക്ഷേത്രത്തിനകത്തെ കല്‍മണ്ഡപത്തിലും പുറത്ത് സജ്ജീകരിച്ചിരിക്കുന്ന കല്മണ്ഡപത്തിലുമാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ തിരുവല്ലത്തെ പരശുരാമസ്വാമി ക്ഷേത്രം ബലി തര്‍പ്പണ ചടങ്ങില്‍ ഏറെ പ്രധാനപ്പെട്ടതാണ്.
വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടെ ബലി തര്‍പ്പണ ചടങ്ങുകള്‍ നടത്താറുണ്ട്. ശ്രീ ശങ്കരാചാര്യര്‍ ഉള്‍പ്പെടെയുള്ള സന്യാസിവര്യന്മാര് അവരുടെ പിതൃക്കള്‍ക്ക് വേണ്ടി തിരുവല്ലത്ത് ബലിതര്‍പ്പണം നടത്തിയിട്ടുണ്ടെന്നാണ് ഐതിഹ്യം. സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നും ആയിരകണക്കിന് വിശ്വാസികളാണ് തങ്ങളുടെ പിതൃക്കള്‍ക്ക് വേണ്ടി ബലിതര്‍പ്പണം നടത്താന്‍ തിരുവല്ലത്ത് എത്തിക്കൊണ്ടിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ബലി തര്‍പ്പണം നടത്താന്‍ എത്തുന്നവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ദേവസ്വം ബോര്‍ഡും വിവിധ ഹൈന്ദവ സംഘടനകളും ഒരുക്കിയിട്ടുണ്ട്.