പോയിട്ട് ധൃതിയുണ്ട്! ദേശീയ, സംസ്ഥാന മീറ്റുകളില്‍ വിജയം നേടിയ കായികതാരങ്ങള്‍ക്ക്, സ്റ്റേജില്‍ നിന്ന് സമ്മാനം എറിഞ്ഞുകൊടുത്ത് അപമാനിച്ച് മന്ത്രി; വീഡിയോ പുറത്തു വന്നതോടെ വിമര്‍ശനം ശക്തം

അധികാരം കിട്ടിക്കഴിഞ്ഞാല്‍ നേതാക്കളുടെ അഹങ്കാരം പറഞ്ഞറിയിക്കാനാവാത്തതാണ് എന്നാണ് പൊതുവെ പറയപ്പെടുന്നത്. സമാനമായ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിരിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒരു പൊതു ചടങ്ങിനെത്തിയ മന്ത്രിയുടെ ഔചിത്യരഹിതമായ പെരുമാറ്റമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

ദേശീയ, സംസ്ഥാന മീറ്റുകളില്‍ വിജയം നേടിയ കായിക താരങ്ങള്‍ക്കായിരുന്നു കര്‍ണാടകയില്‍ മന്ത്രിയുടെ വക അപമാനം നേരിടേണ്ടി വന്നത്. കായികോപകരണങ്ങള്‍ വിതരണം ചെയ്യാനെത്തിയ കര്‍ണാടക റവന്യു മന്ത്രി ആര്‍ വി ദേശ്പാണ്ഡെയുടെ നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

സമ്മാനമായി നല്‍കിയ കായികോപകരണങ്ങള്‍ വേദിക്ക് താഴെ നില്‍ക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് എറിഞ്ഞു നല്‍കുകയതാണ് വിവാദവും വിമര്‍ശനവും ഏറ്റുവാങ്ങാന്‍ ഇടയാക്കിയത്. പരിപാടിക്ക് ശേഷം മറ്റൊരു പരിപാടിക്ക് പോകേണ്ടതിനാലാണ് ഇത്തരത്തില്‍ ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സ്വന്തം മണ്ഡലത്തില്‍ പിഡബ്ല്യുഡി നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതാണ് മന്ത്രി. ഉദ്ഘാടനത്തിനും അതിഥികളുടെ പ്രസംഗത്തിനും ശേഷമാണ് കിറ്റുകളുടെ വിതരണം തുടങ്ങിയത്.

പേരുകളുടെ പട്ടിക നീണ്ടപ്പോള്‍ ക്ഷുഭിതനായ മന്ത്രി സമയം ലാഭിക്കാന്‍ താരങ്ങള്‍ക്ക് കിറ്റ് എറിഞ്ഞ് നല്‍കുകയായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് രാജ്യമൊട്ടാകെ ഉയരുന്നത്.

Related posts