തിരുവനന്തപുരം ക്രിക്കറ്റ് ആരവത്തിലേക്ക്, പരിശീലനം ഒഴിവാക്കി ഇന്ത്യന്‍ ടീം, സ്റ്റേഡിയം പരിസരത്ത് വന്‍ സുരക്ഷ സംവിധാനങ്ങള്‍, കളി കാണാന്‍ ടിക്കറ്റ് മാത്രം പോരാ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യാ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മാച്ചിനോടനുബന്ധിച്ചു വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സിറ്റി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, ഡിസിപി ആര്‍. ആദിത്യ എന്നിവര്‍ കൂടാതെ എട്ട് എസ്പിമാര്‍ 18 ഡിവൈഎസ്പിമാര്‍ 60 സിഐമാര്‍, 140 എസ്‌ഐമാര്‍ ഉള്‍പ്പടെ 1500 പോലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.

തിരുവനന്തപുരം റേഞ്ചിനു കീഴിലുള്ള, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, തിരുവനന്തപുരം റൂറല്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഇവരെ കൂടാതെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെയും വിവിധ സ്ഥലങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളതായി സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് അറിയിച്ചു. ഇന്നലെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഐ ജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന മീറ്റിങ്ങിലാണ് സുരക്ഷ ക്രമീകരണങ്ങളെ സംബന്ധിച്ച തീരുമാനം എടുത്തത്.

കളി കാണാന്‍ വരുന്നവരുടെ ശ്രദ്ധയ്ക്ക്

പ്രവേശന ടിക്കറ്റ് പേടിഎം വഴി ആണ് എടുക്കേണ്ടത്. കളി കാണാന്‍ വരുന്നവര്‍ ഇ – ടിക്കറ്റിനോടൊപ്പം ഫോട്ടോ പതിച്ച ഐഡി കാര്‍ഡും കൊണ്ടുവരണം. പോലീസ് ഉള്‍പ്പെടെ ഡ്യൂട്ടി പാസ് ഇല്ലാത്ത, സ്റ്റേഡിയം ഡ്യൂട്ടിയില്‍ ഉള്ള ആരെയും സ്റ്റേഡിയത്തിന്റെ പരിസരത്തോ ഉള്ളിലോ യാതൊരു കാരണവശാലും പ്രവേശിപ്പിക്കുന്നതല്ല. നവംബര്‍ ഒന്നിന് ഉച്ചക്ക്12 മുതല്‍ മാത്രമേ പൊതുജനങ്ങളെ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളു.

പ്ലാസ്റ്റിക് കുപ്പികള്‍, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങള്‍, കറുത്ത കൊടി, പടക്കങ്ങള്‍, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ യാതൊന്നും സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കുന്നതല്ല. കളി കാണാന്‍ വരുന്നവരുടെ മൊബൈല്‍ ഫോണ്‍ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവരെ ഒരു കാരണവശാലും സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കുന്നതല്ല.

Related posts