കാഷ്മീരിലെ തെരുവുകള്‍ ഭീകരരുടെ പിടിയില്‍; ഭീകരന്റെ അനുസ്മരണച്ചടങ്ങില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു; പോലീസിനെ ഓടിച്ചിട്ടു തല്ലി നാട്ടുകാര്‍; കാഷ്മീര്‍ ഇന്ത്യയില്‍ നിന്ന് അകലുന്നു ?

1നോട്ട് അസാധുവാക്കലിനു ശേഷം കാഷ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ വിലയിരുത്തല്‍ തെറ്റാണെന്നു തെളിയിക്കുന്നതാണ് കാഷ്മീരിലെ ഇപ്പോഴത്തെ സ്ഥിതി. ഭീകരര്‍ കൂടുതല്‍ കരുത്താര്‍ജിച്ചതായി തെളിയിക്കുന്നതാണ് ജമ്മു-കാഷ്മീരില്‍ അടുത്തിടെയുണ്ടായ സംഭവ പരമ്പരകള്‍. ജനങ്ങളില്‍ നിന്നും ഭീകരര്‍ക്ക് വലിയ തോതിലുള്ള പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

കുല്‍ഗാമില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശവസംസ്‌കാരച്ചടങ്ങുകളില്‍ നാട്ടുകാര്‍ക്കൊപ്പം നാല് ഭീകരരും പങ്കെടുത്തത് ഈ പിന്തുണയ്ക്ക് തെളിവാണ്. ആകാശത്തേയ്ക്ക് വെടിവെച്ചുകൊണ്ടാണ് ഭീകരര്‍ തങ്ങളുടെ സുഹൃത്തിന് അന്ത്യോപചാരം അര്‍പ്പിച്ചത്. അനന്ത്നാഗില്‍ പൊലീസ് വാഹനവ്യൂഹത്തെ ആക്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഫയാസ് അഹമ്മദ് അഷ്വറിന്റെ ശവസംസ്‌കാരത്തിനാണ് ഭീകരര്‍ പരസ്യമായി പങ്കെടുത്തത്. പൊലീസുകാരെയും സൈന്യത്തെയും കല്ലെറിഞ്ഞും മറ്റും തുരത്തിയാണ് ഭീകരര്‍ക്ക് നാട്ടുകാര്‍ സുരക്ഷയൊരുക്കിയത്.

11ഇന്ന് കാഷ്മീര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദത്തെ ജനങ്ങള്‍ പിന്തുണയ്ക്കുന്നു എന്നതാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഭീകരസംഘടനകളില്‍ ചേരുന്ന നാട്ടുകാരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഹിസ്ബുള്‍ മുജാഹിദീനും ലഷ്‌കര്‍ ഇ-തൊയ്ബയും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും ഭീകരരെ കൂടുതല്‍ കരുത്തരാക്കിയിട്ടുണ്ട്. ഈ രണ്ടു ഭീകരസംഘടനകള്‍ ഒന്നായത് വെല്ലുവിളി ഇരട്ടിപ്പിച്ചിരിക്കുകയാണെന്ന് കാഷ്മീര്‍ പോലീസ് തലവന്‍ എസ്പി വാലിദ് പറയുന്നു.

തെക്കന്‍ കാഷ്മീരിലെ 90 ശതമാനം ഭീകരരും നാട്ടുകാര്‍ തന്നെയാണ്. വടക്കന്‍ കാഷ്മീരിലെ 90 ശതമാനം ഭീകരരും വിദേശികളാണ്. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതോടെ നുഴഞ്ഞുകയറ്റം ബുദ്ധിമുട്ടായതോടെയാണ് തദ്ദേശിയരെ ഭീകരസംഘടനയിലേക്ക് ചേര്‍ക്കാന്‍ തുടങ്ങിയതെന്ന് സുരക്ഷാ അധികൃതര്‍ പറയുന്നു. ബാങ്കുകള്‍ ആക്രമിക്കുന്നതും കൊള്ള നടത്തുന്നതും പൊലീസുദ്യോഗസ്ഥരുടെ വീടുകള്‍ ആക്രമിക്കുന്നതുമൊക്കെ പ്രദേശവാസികളായ ഭീകരരുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്നുള്ള പുതിയ വെല്ലുവിളികളാണെന്നും അധികൃതര്‍ പറയുന്നു.

Related posts