സ്ത്രീ ജന്മം പുണ്യജന്മം…! സ്ത്രീകളെ ബഹുമാനിക്കുന്നവരായി കുട്ടികളെ വളർത്തിയാൽ നാട് പുരോഗതി കൈവരിക്കുമെന്ന് കവിയൂർ പൊന്നമ്മ

kaviyoorponnammaതേവലക്കര: സ്ത്രീകളെ ബഹുമാനിക്കുന്നവരായി കുട്ടികളെ വളർത്തിയാൽ ഒരു നാട് പുരോഗതിയിലേക്ക് പോകുമെന്ന് ചലച്ചിത്രതാരം കവിയൂർ പൊന്നമ്മ പറഞ്ഞു. തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ ഇന്റർ നാഷണൽ സ്കൂളിലെ കെജി തല പ്രവേശനോത്സവവും പുതിയ പിആർഒ ബ്ലോക്കായ മാസിസോയുടെ (രക്ഷകർത്താക്കളുടെ സംശയ നിവാരണം തീർക്കൽ) ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.

കുട്ടികളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും അറിയാൻ രക്ഷകർത്താക്കൾക്കാകണം.അമ്മ വാത്സല്യവും കരുതലുമുണ്ടെങ്കിൽ ഒരോ കുഞ്ഞും നന്മയുളളവരായിത്തീരും. തികച്ചും ഗ്രാമവിശുദ്ധിയിൽ നില കൊളളുന്ന ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഗ്രാമത്തിലെ മറ്റൊരു വിദ്യ പകർന്ന് തരുന്ന ദേവാലയമാണന്നും ചലച്ചിത്ര ലോകത്തെ അമ്മ അഭിപ്രായപ്പെട്ടു.

സ്കൂളിലെ പുതിയ മൊബൈൽ ആപ്പായ ഒഡിഗോസിന്റെ (മൊബൈലിൽ മാർഗനിർദേശം നൽകൽ) ഉദ്ഘാടനം ഫെഡറൽ ബാങ്ക് മാനേജർ ബിനോയി പാലത്തിങ്കിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഓഫീസർ എസ്. സുരേന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എൽ.ലീന, അക്കാദമിക് കോ–ഓർഡിനേറ്റർ കാതറിൻജോസ്, ജീൻ ജേക്കബ്, ജാനിസ് നൊറോണ എന്നിവർ പ്രസംഗിച്ചു.

Related posts