തളർന്നിരിക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കുന്ന ആൾ..! ക്യാമറയ്ക്കു മുമ്പിൽ കാവ്യ മാധവൻ

ഏറെ നാളുകൾക്കു ശേഷം ക്യാമറയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് നടി കാവ്യ മാധവന്‍.

നൃത്തകലയിൽ തന്റെ ഗുരുവായ ആനന്ദൻ മാസ്റ്റർ ആരംഭിക്കുന്ന പുതിയ സംരംഭത്തിന് ആശംസകൾ നൽകാനാണ് കാവ്യ മാധവൻ എത്തിയത്.

ലോകത്തിലെ ആദ്യത്തെ ക്ലാസിക്കൽ ‍ഡാൻസ് ബാൻഡ് ആയ ആനന്ദ വൈഭവം എന്ന സംരംഭവുമായാണ് ആനന്ദൻ മാസ്റ്റർ എത്തുന്നത്.

ആനന്ദ വൈഭവം എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു കാവ്യയുടെ ആശംസ വിഡിയോ പുറത്തുവന്നത്.

‘‘ലോകത്തിലെ ആദ്യത്തെ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ബാൻഡ് ആനന്ദവൈഭവം. അതെന്റെ ഗുരുനാഥനിലൂടെ സാധ്യമാകുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം.

ഏകദേശം ഇരുപതോളം വർഷമായി ഞാൻ ആനന്ദ് മാഷിന്റെ വിദ്യാർഥിയായിട്ട്. അദ്ദേഹത്തോട് നിർവചിക്കാൻ കഴിയാത്ത അത്രയും വലിയ ബന്ധമാണുള്ളത്. 

എറണാകുളത്തേക്ക് താമസം മാറി, നൃത്തം പഠിക്കണം എന്ന ആഗ്രഹം വന്നപ്പോൾ ഒരു ഗുരുനാഥനെ കണ്ടെത്തേണ്ട ആവശ്യം വന്നു.

അങ്ങനെയാണ് ആനന്ദ്മാഷിലേക്കെത്തുന്നത്. അവിടെ നിന്നാണ് കലയോടുള്ള എന്റെ സമീപനം മാറുന്നത് തന്നെ.

അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, വിദ്യാർഥികളെ അത്രയും മനസിലാക്കിയാണ് അടവുകൾ പഠിപ്പിച്ചിരുന്നത്.

അഭിനയത്തിനും സ്വരങ്ങൾക്കും പ്രാധാന്യം കൊടുത്തുള്ള നൃത്തരൂപങ്ങളാണ് അദ്ദേഹം എനിക്കായി ഒരുക്കിയിരുന്നത്.

മാഷ് ഒരിക്കലും വഴക്ക് പറഞ്ഞിട്ടില്ല. കേരളത്തിൽ ഒരുപാട് നൃത്ത വേദികളിൽ നൃത്തം അവതരിപ്പിക്കാൻ എനിക്ക് കഴിഞ്ഞു. അതിന്റെ ഫുൾ ക്രെഡിറ്റും മാഷിനുള്ളതാണ്.

ഞാൻ അത്ര കോൺഫിഡൻസും ധൈര്യവുമുള്ള ആളൊന്നുമല്ല. എന്നിട്ടും നൃത്തം മനോഹരമായ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹം കാരണമാണ്.

എനിക്ക് പേടി ആയിരുന്നപ്പോഴൊക്കെ മാഷ് തന്ന ഒരു ധൈര്യം അത് എടുത്തു പറയേണ്ടതാണ്.

മാഷുമായുള്ള അനുഭവം ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്ന ഒന്നല്ല. ലൊക്കേഷനിൽ വന്നു വരെ അദ്ദേഹം എന്നെ നൃത്തം പഠിപ്പിച്ചിട്ടുണ്ട്.

എന്റെ പിതാവിന്റെയും മാതാവിന്റെയും സ്ഥാനത്തു നിൽക്കുന്ന ആളാണ്. പലപല രൂപങ്ങളിൽ മാഷിനെ നിർവചിക്കാൻ കഴിയും.

നമ്മൾ തളർന്നിരിക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കുന്ന ആളാണ് അദ്ദേഹം. മാഷിന്റെ കുടുംബം എന്റെ സ്വന്തം കുടുംബം പോലെയാണ്.

അദ്ദേഹത്തിന്റെ പുതിയ സംരഭത്തിന് എന്റെ എല്ലാവിധ ആശംസകളും. അവിടേക്ക് എത്താൻ കഴിയില്ലെങ്കിലും മനസ്സുകൊണ്ട് താൻ പെരിങ്ങോട്ടുകരയിൽ തന്നെ ഉണ്ട്.’’ കാവ്യ പറഞ്ഞു.

അതേസമയം ഒരുപാട് കാലത്തിനു ശേഷം കാവ്യയെ കണ്ടതിലെ സന്തോഷം ആരാധകരും പ്രകടമാക്കുന്നുണ്ട്. ‘കാവ്യ തിരിച്ചു വരണം,

ദൈവം അനുഗ്രഹിച്ച കലാകാരിയാണ്. മലയാളികൾ ഇത്രയേറെ പിന്തുണയും സ്നേഹവും കൊടുത്ത മറ്റൊരു നടിയില്ല,’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍.

അഭിനയത്തില്‍നിന്നു വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി.

2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്.

Related posts

Leave a Comment