ഇതൊക്കെ എന്ത് ..! പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി ട്രാക്കിൽ കുതിച്ച് ഒന്നാമതായി കെ.സി. ജോസഫ്

kc-josephപാലാ: പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി ട്രാക്കിൽ കുതിക്കുകയാണ് വള്ളിച്ചിറ കണ്ടനാട്ട് കെ.സി. ജോസഫ്. തിരുവന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന 37–ാമത് വെറ്ററൻസ് അത്ലറ്റിക് സംസ്‌ഥാന ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ, 5000 മീറ്റർ ഓട്ടമത്സരങ്ങളിലും അഞ്ച് കിലോമീറ്റർ നടത്തത്തിലും ഒന്നാം സ്‌ഥാനം നേടിയാണ് ഈ 79 കാരൻ ഇന്നത്തെ യുവതലമുറയ്ക്ക് വിസ്മയമായത്.

പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പഠനകാലത്തു തന്നെ ട്രാക്കിനോടു പ്രിയമുണ്ടായിരുന്ന കെ.സി. ജോസഫ് ഇന്റർ സ്കൂൾ മീറ്റിൽ ഒന്നാം സ്‌ഥാനം നേടിയിട്ടുണ്ട്. അതും 1500, 5000 കിലോമീറ്റർ ഓട്ടത്തിൽ തന്നെയായിരുന്നു നേട്ടങ്ങളെല്ലാം. പത്താം ക്ലാസിനു ശേഷം ടൈപ്പ് പഠിച്ച ശേഷം സ്വകാര്യ കമ്പനിയിൽ ടൈപ്പിസ്റ്റായി ചേർന്നു. തുടർന്ന് രാഷ്ട്രീയ ട്രാക്കിലിറങ്ങിയ ജോസഫ് മൂന്നുവട്ടം മുത്തോലി ഗ്രാമപഞ്ചായത്തംഗം, മുത്തോലി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സോമിൽ ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം.

ദീർഘനാളായി ഉള്ളിലൊതുക്കിയിരുന്ന ജോസഫിലെ കായികതാരം പിന്നീട് പുറത്തുവരുന്നത് 1993 ൽ കോട്ടയത്ത് നടന്ന വെറ്ററൻസ് മത്സരത്തിലായിരുന്നു. സ്കൂൾ കാലഘട്ടത്തിലെ തന്റെ പ്രിയപ്പെട്ട ഇനമായ 5000 മീറ്ററിലും അഞ്ചു കിലോമീറ്റർ നടത്തത്തിലും പങ്കെടുത്ത ഇദ്ദേഹം രണ്ടിലും ഒന്നാം സ്‌ഥാനം നേടി. പിന്നീട് 24 വർഷമായി സംസ്‌ഥാനത്ത് നടക്കുന്ന എല്ലാ വെറ്ററൻസ് അത്ലറ്റിക്സ് മത്സരവേദികളിലെയും സ്‌ഥിരം സാന്നിധ്യമാണ് ജോസഫുചേട്ടൻ. പങ്കെടുക്കുന്ന ഇനങ്ങളിലെല്ലാം ആദ്യ മൂന്നു സ്‌ഥാനങ്ങളിലൊന്നിൽ ജോസഫുചേട്ടൻ ഇടംപിടിക്കാറുണ്ട്. ജോസഫുചേട്ടൻ ഓടി നേടിയ നൂറിലധികം വരുന്ന മെഡലുകളുടെ ശേഖരം വള്ളിച്ചിറയിലെ വീട്ടിലെത്തുന്നവരെ ആകർഷിക്കുന്ന കാഴ്ചയാണ്.

ഒൻപതു തവണ വെറ്ററൻസ് ദേശീയ മത്സത്തിൽ പങ്കെടുത്തിട്ടുള്ള കെ.സി. ജോസഫ് നാലു പ്രാവശ്യം സ്വർണം നേടിയിട്ടുണ്ട്. ദേശീയതലത്തിലെ നേട്ടങ്ങളെല്ലാം തന്നെ 5000 മീറ്ററിലാണെന്നതും ശ്രദ്ധേയമാണ്. 2008 ൽ മലേഷ്യയിൽ നടന്ന ഏഷ്യൻ മീറ്റിൽ ഇന്ത്യക്കായി മത്സരിക്കാൻ സാധിച്ചതാണ് ജോസഫ് ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം. 5000 മീറ്ററിൽ മൂന്നാം സ്‌ഥാനം സ്വന്തമാക്കാൻ ഇദ്ദേഹത്തിനായി.

വയസ് എഴുപത്തൊമ്പതിൽ എത്തിയെങ്കിലും സമാന പ്രായക്കാർ നേരിടുന്ന രോഗങ്ങളും വർധക്യസഹജമായ അവശതകളും ഇദ്ദേഹത്തിനില്ല. ദിവസവും പുലർച്ചെ അഞ്ചിന് വള്ളിച്ചിറയിലെ വീട്ടിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള കോഴിക്കൊമ്പിലേക്കുള്ള ഓട്ടം ഒഴിവാക്കാനാവാത്ത ദിനചര്യയാണ്. ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കുകയും ചെയ്യും.

എല്ലാത്തരത്തിലുള്ള ആഹാരവും കഴിക്കുന്ന ഇദ്ദേഹം ഇപ്പോഴും പറമ്പിലെ പണിയെടുക്കുന്നതിൽ നിന്നും മാറിനിൽക്കാറില്ല. സ്കൂൾ പഠനകാലത്ത് തന്റെ പ്രിയപ്പെട്ട കായികാധ്യാപകൻ സി. ജോസഫിന്റെ നിർദേശങ്ങളും മറ്റുമാണ് തന്റെ മത്സരങ്ങളിൽ അനുവർത്തിക്കുന്നതെന്ന് ജോസഫ് പറയു ന്നു. വെറ്ററൻസ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ കുടുംബാംഗങ്ങളും മികച്ച പിന്തുണയാണ് നൽകുന്നത്. പരേതയായ മേരിക്കുട്ടിയാണ് ഭാര്യ. മക്കൾ: അലക്സ്, ഫെലിക്സ്, ബിനു, ബിജു, ബീന.

Related posts