സഹോദരിക്ക് കൂടുതല്‍ പ്രാധാന്യം നല്കിയത് മനസിനെ മുറിപ്പെടുത്തി, എപ്പോഴും കുറ്റപ്പെടുത്തിയതോടെ വെറുപ്പായി, കൊന്നു കുഴിച്ചുമൂടുകയായിരുന്നു ലക്ഷ്യം, കേഡലിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

kedal jinsonഎം.സുരേഷ്ബാബു

തിരുവനന്തപുരം: മാതാപിതാക്കള്‍ ഉള്‍പ്പെടെ നാല് പേരെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി കേഡലിന്റെ മനസ്സ് കൊടും ക്രിമിനലിന്‍റേതാണെന്ന് മനശാസ്ത്ര വിദഗ്ധനും പോലീസും. ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണത്തിന്റെ ഭാഗമായാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന കേഡലിന്റെ നേരത്തെയുള്ള മൊഴി പോലീസിനെ കുഴയ്ക്കുന്നതിനും പുകമറ സൃഷ്ടിക്കാനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മനശാസ്ത്രജ്ഞന്റെ സാന്നിധ്യത്തില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കേഡല്‍ കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

തന്റെ മാതാപിതാക്കള്‍ കാട്ടിയ അവഗണനയിലുള്ള പകയാണ് കൊലപാതകം നടത്താന്‍ കാരണമെന്നാണ് കേഡല്‍ ജിന്‍സന്‍ രാജ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായി മാതാപിതാക്കള്‍ തന്നോട് പുലര്‍ത്തിയിരുന്ന അവഗണന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തനിക്ക് ഒരു പ്രാധാന്യവും നല്‍കാതെ സഹോദരിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും എപ്പോഴും തന്നെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ തന്റെ മനസ്സില്‍ കൂടുതല്‍ വൈരാഗ്യത്തിന് ഇടയാക്കിയിരുന്നുവെന്നാണ് കേഡല്‍ ചോദ്യം ചെയ്യല്‍ വേളയില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെടുന്നത് കാണാനും ആത്മാവുമായി സംസാരിക്കാനുമാണ് താന്‍ കൊലപാതകം നടത്തിയതെന്നും തനിക്ക് സിദ്ധിയും ശക്തിയുമുണ്ടെന്നായിരുന്നു കേഡല്‍ പറഞ്ഞിരുന്നത്. കേഡലിന്റെ മൊഴികള്‍ പരസ്പര വിരുദ്ധമായതിന്റെ പേരിലാണ് മനശാസ്ത്രജ്ഞന്റെ സഹായത്തോടെ പോലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

മാതാപിതാക്കളെ കൊലപ്പെടുത്താന്‍ മാസങ്ങളായി പദ്ധതി തയാറാക്കിയിരുന്നുവെന്നും കേഡല്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ച് മൂടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും കേഡല്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയതില്‍ യാതൊരു കുറ്റബോധവും ഭാവ വ്യത്യാസവുമില്ലാതെയാണ് ചോദ്യം ചെയ്യല്‍ വേളയില്‍ കേഡല്‍ പെരുമാറിയത്. പല ചോദ്യങ്ങള്‍ക്കും പുഞ്ചിരിയോടെയാണ് കേഡല്‍ മറുപടി നല്‍കിയത്. എന്നാല്‍ ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ച് കഴിഞ്ഞ പത്ത് വര്‍ഷമായി പഠനം നടത്തി വന്നിരുന്നുവെന്നും കേഡല്‍ വെളിപ്പെടുത്തിയിരുന്നു. ഇന്‍റര്‍നെറ്റിലൂടെ ആസ്ട്രല്‍ പ്രൊജക്ഷന്റെ കാര്യങ്ങള്‍ വിവിധ സൈറ്റുകളില്‍ നിന്നും മനസിലാക്കിയിരുന്നു. കൂടാതെ പുസ്തകങ്ങളും വായിക്കുക പതിവായിരുന്നുവെന്നും കേഡല്‍ പോലീസിനോട് പറഞ്ഞു.

Related posts