പ്രളയകാലത്ത് കേരളത്തെ രക്ഷിച്ച ‘ഫിഷര്‍മാന്‍’ ഇന്ന് കിടപ്പാടം വിട്ട് നെട്ടോട്ടമോടുന്നു ! മഴയും കടലാക്രമണവും കനത്തതോടെ കടപ്പുറത്തു നിന്ന് പാലായനം ചെയ്തത് നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍

തിരുവനന്തപുരം: പ്രളയ സമയത്ത് കേരളത്തിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ കിടപ്പാടം വിട്ട് നെട്ടോട്ടമോടുകയാണ്. മഴയും ചുഴലിക്കാറ്റും ട്രോളിംഗ് നിരോധനവും ഒന്നിച്ചെത്തിയതാണ് കേരളത്തിന്റെ രക്ഷകര്‍ക്ക് ദോഷകരമായി ഭവിച്ചത്. തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ എവിടെ തലചായ്ക്കുമെന്നു പോലും പലര്‍ക്കും നിശ്ചയമില്ല.

കേരളത്തെ ഒന്നടങ്കം പ്രളയം വിഴുങ്ങിയതോടെ രക്ഷാകരം നീട്ടിയെത്തിയത് മല്‍സ്യത്തൊഴിലാളികള്‍ ആയിരുന്നു. കേടുപാടുകളും ബുദ്ധിമുട്ടും നോക്കാതെ വള്ളവുമായി അവര്‍ രംഗത്തിറങ്ങി. ഇതോടെ ആയിരങ്ങളാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ മഴയും ട്രോളിങ് നിരോധനവും ആയതോടെ കേരളത്തിന്റെ സൈന്യമെന്ന് എല്ലാവരും വിളിച്ച മല്‍സ്യത്തൊഴിലാളികളുടെ കാര്യം കഷ്ടത്തിലായി.

കടല്‍ക്ഷോഭം കനത്തതോടെ തെങ്ങുകള്‍ കടപുഴകുന്നത് തീരത്തെ പതിവു കാഴ്ചയാണ്. മലപ്പുറത്ത് മാത്രം 100ന് അടുത്ത് വീടുകളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോയി. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള തീരങ്ങളില്‍ ഇതാണ് അവസ്ഥ. ഒരു കൈ സഹായമില്ലാതെ കേരളത്തിന്റെ സൈന്യത്തിന് രക്ഷപെടാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഈ അവസരത്തില്‍ അവരെ സഹായിക്കാനായില്ലെങ്കില്‍ അത് കേരളത്തിന്റെ പരാജയമായിരിക്കും എന്ന് പറയാതെ വയ്യ.

Related posts