ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തില്‍ വന്നിരുന്നു ! കൊല്ലത്തെ ബേസ് മൂവ്‌മെന്റ് സ്‌ഫോടനത്തിനു പിന്നിലും പ്രവര്‍ത്തിച്ചതും തൗഹീദ് ജമായത്തോ ? കണ്ടെത്തിയ വിവരങ്ങള്‍ കേരളത്തെ നടുക്കുന്നത്…

ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പിന്നിലെ മുഖ്യ തല സഹ്രാന്‍ ഹാഷിം കേരളം സന്ദര്‍ശിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ശ്രീലങ്കയിലെ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ തലവനായ സഹ്രാന്‍ ഹാഷിം 2017ല്‍ മലപ്പുറത്തെത്തിയതായാണ് കണ്ടെത്തല്‍. കൊളംബോയിലെ ഷാംഗ്രിലാ ഹോട്ടലിലെ സ്‌ഫോടനത്തില്‍ ഹാഷിം കൊല്ലപ്പെട്ടിരുന്നു.

ഹാഷിമിനെ കൂടാതെ സ്‌ഫോടനത്തില്‍ ചാവേറായ മുഹമ്മദ് മുബാറക് അസാനും രണ്ടു തവണ ഇന്ത്യയില്‍ എത്തിയിരുന്നു. എന്നാല്‍ ഇവിടെ ഇവര്‍ എന്തു ചെയ്തു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഐഎസുമായി ബന്ധമുള്ള സംഘടനയിലെ രണ്ടാമനായിരുന്നു അസാന്‍. ഇരുവരും കേരളത്തില്‍ എത്തിയെന്ന വാര്‍ത്തയെ കേരള പോലീസും ഗൗരവകരമായാണ് കാണുന്നത്.

കേരളത്തെ കൂടാതെ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, തിരിച്ചിറപ്പള്ളി, തിരുനെല്‍വേലി, വെല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളും ഹാഷിം സന്ദര്‍ശിച്ചുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം.ഇന്ത്യയിലെ കിഴക്കന്‍ തീരമായ രാമനാഥ പുരവുമായും ലങ്കയിലെ കല്‍പ്പാത്തിയയും കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തും ഹാഷിമിന്റെ സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്നും സൂചനകളുണ്ട്. തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന് ഇന്ത്യയിലും അനുയായികള്‍ ഉണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു.

ഹാഷിമിന്റെ കേരളാ സന്ദര്‍ശനത്തെ കുറിച്ചുള്ള വാര്‍ത്ത ഹിന്ദുസ്ഥാന്‍ ടൈമ്സാണ് പുറത്തു വിട്ടത്. ഇയാള്‍ സലഫി നേതാക്കളെ കാണാനാണ് എത്തിയതെന്നാണ് സൂചന. ഇയാളുടെ പ്രഭാഷണങ്ങള്‍ക്ക് കേരളത്തിലെ സലഫി പ്രഭാഷകരുടെ ശൈലിയായിരുന്നു ഉണ്ടായിരുന്നത്. ജിഹാദികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഇടമുണ്ടെന്ന ആശയത്തിലേക്ക് ഹാഷിമിനെയും കൂട്ടരെയും എത്തിച്ചത് കേരളത്തിലെ മത പഠനമാണോ എന്നും സംശയിക്കുന്നുണ്ട്.

ശ്രീലങ്കയിലെ ലക്ഷ്വറി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പൊട്ടിത്തെറിച്ച ഇന്‍ഷാഫും ഇല്‍ഹാമും മികച്ച വിദ്യാഭ്യാസം നേടിയവരാണ്.ഹോട്ടലിലെ സ്‌ഫോടനത്തില്‍ വിദേശ ടൂറിസ്റ്റുകളടക്കം 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സംഭവത്തിനു ശേഷം സഹോദരന്മാരുടെ ആഡംബര വസതിയില്‍ പോലീസ് പരിശോധന നടത്തിയപ്പോഴാണ് ഇളയ സഹോദരന്‍ ഇല്‍ഹാമിന്റെ ഭാര്യ ചാവേറായത്. ഇവരുടെ മൂന്നു മക്കളും മൂന്നു പോലീസുകാരും സ്‌ഫോടനത്തില്‍ ചാരമായി.

കേരളത്തില്‍ നിന്ന് വെറും അരമണിക്കൂര്‍ ദൂരം മാത്രമുള്ള ശ്രീലങ്കയിലെ സ്‌ഫോടനം കേരളത്തെയും ജാഗരൂകരാക്കിയിരിക്കുകയാണ്. കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതായാണ് സൂചന.2016 ജൂണില്‍ കൊല്ലം കളക്ടറേറ്റിലെ കോടതിവളപ്പിലുണ്ടായ സ്‌ഫോടനത്തിലെ പ്രതികള്‍ക്ക് ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവരുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശ്രീലങ്കയിലെയും കൊല്ലത്തെയും സ്‌ഫോടനങ്ങളുടെ സമാനതയും പരിശോധിക്കുകയാണ്.

കോഴിക്കോടും മൈസൂരും സമാനരീതിയില്‍ സ്‌ഫോടനം നടന്നിരുന്നു ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നിരോധിത തീവ്രവാദ സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരെ എന്‍ഐഎ സംഘം പിടികൂടുന്നത്. ഇവര്‍ക്ക് തൗഹീദ് ജമാ അത്തുമായി ബന്ധമുണ്ടെന്നാണ് സൂചന.

കൊല്ലം കോടതിവളപ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു സ്‌ഫോടനങ്ങള്‍ അന്ന് നടത്തിയത്. സംഭവത്തില്‍ തീവ്രവാദസംഘടനകള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് ആദ്യം തന്നെ തിരിച്ചറിഞ്ഞെങ്കിലും കേസ് ആദ്യം അന്വേഷിച്ച കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം അത് നിസ്സാരവത്ക്കരിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതിലും കൊല്ലം പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായി. മൈസൂര്‍ സ്‌ഫോടന ക്കേസിലെ മുഖ്യസൂത്രധാരനും പ്രതിയുമായ മുഹമ്മദ് അയൂബിനെ മാപ്പു സാക്ഷിയാക്കിയാണ് കൊല്ലം പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊല്ലം സ്‌ഫോടനത്തില്‍ അറസ്റ്റിലായ ബേസ്മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷംസുണ്‍ കരിംരാജ, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ എന്നിവരുമായി ബന്ധമുള്ളവരാണ് ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയതെന്നും സൂചനയുണ്ട്.

ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുമായി ബന്ധപ്പെട്ട് 60 മലയാളികള്‍ നിരീക്ഷണത്തിലാണ്. വണ്ടിപ്പെരിയാര്‍, പാലക്കാട്, തൃശൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍.
തമിഴ്നാട്ടിലെ നാഷണല്‍ തൗഹീദ് ജമാഅത്ത് 2016ല്‍ മധുരയിലും, നാമക്കലിലും ചേര്‍ന്ന രഹസ്യയോഗങ്ങളില്‍ ഈ അറുപതുപേരും പങ്കെടുത്തതായി സംസ്ഥാന ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. ഐഎസില്‍ ചേര്‍ന്ന, ഇന്റര്‍പോള്‍ തേടുന്ന കാസര്‍കോട്ടുകാരായ ചിലര്‍ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. ഇത് നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനാണെന്നാണ് ഏജന്‍സികളുടെ അനുമാനം. ഇതൊക്കെയാണ് കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നതും.

Related posts