ആ വീഡിയോയ്ക്ക് പിന്നിലെ സത്യം പുറത്ത്, തൃശൂരില്‍ വൃദ്ധനെ പോലീസ് ആക്രമിച്ചെന്ന പ്രചരണം വീഡിയോ സഹിതം പൊളിച്ചടുക്കി പോലീസ്, നടന്ന സംഭവങ്ങള്‍ ഇങ്ങനെ

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്കു പിന്നിലെ വാസ്തവം ബോധ്യപ്പെടുത്തി പോലീസ്. പോലീസുകാരന്‍ വൃദ്ധനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നത്. പോലീസുകാരന്റെ ആക്രമണത്തില്‍ വൃദ്ധന്റെ തലയില്‍ പരിക്കുപറ്റിയെന്നും ആക്രമണം തടയാന്‍ ശ്രമിക്കാതെ മറ്റുള്ളവര്‍ കാഴ്ചക്കാരായി നിന്നുവെന്നുമാണ് പ്രചരിപ്പിച്ചിരുന്നത്.

കേരള പോലീസില്‍ ക്രൂരന്‍മാര്‍ പെരുകുന്നുവെന്നും രാഷ്ട്രീയക്കാരുടെ സഹായം ഉള്ളതിന്റെ ഹുങ്കാണ് ഇവര്‍ക്കെന്നും ഇവനെ പോലീസില്‍ നിന്നും ഡിസ്സ്മിസ്സ് ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്ത് ട്രെയിനിങ് ആണ് പോലീസ് അക്കാദമിയില്‍ നല്‍കുന്നത് . ഇതാണോ ഇങ്ങനെയാണോ പോലീസിന്റെ ഉത്തരവാദിത്വം നാണമില്ലേ കേരളാ പോലീസെ നിങ്ങള്‍ക്ക് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയാണ് കേരള പോലീസിന്റെ ഫേസ്ബുക്കില്‍ വീഡിയോക്കൊപ്പം പങ്കുവെച്ച പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഒരു സംഭവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്കു (ഇടതുവശത്തെ ചിത്രം) പിന്നിലെ വാസ്തവം തിരിച്ചറിയുക. ആ വീഡിയോയില്‍ കാണുന്ന വൃദ്ധന്‍ മദ്യലഹരിയില്‍ പ്ലാറ്റ് ഫോമില്‍ മറ്റുയാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നതരത്തില്‍ അസഭ്യം വിളിച്ചു മോശമായി പെരുമാറിയപ്പോള്‍ അയാളെ അവിടെ നിന്ന് നീക്കം ചെയ്യുന്നതിനായി പോലീസ് ശ്രമിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

അതിനിടയില്‍ വൃദ്ധന്‍ പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമില്‍ കടന്നുപിടിക്കുകയും, മദ്യലഹരിയില്‍ മറിഞ്ഞു വീഴുകയുമാണുണ്ടായത്. പോലീസ് ഉദ്യോഗസ്ഥന്‍ ആ വൃദ്ധനോട് ഒരുതരത്തിലുള്ള ബലപ്രയോഗവും നടത്തിയിട്ടില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതവും ദൗര്‍ഭാഗ്യകരവുമാണ്. പ്രചരിപ്പിക്കപ്പെട്ട വീഡിയോയുടെ അനുബന്ധം (വലതുവശത്തെ വീഡിയോ) ശ്രദ്ധിക്കുക.

പോലീസിനെതിരെയുള്ള ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി അറിയാതെ അവ പ്രചരിപ്പിക്കാതിരിക്കുക.

Related posts