നിങ്ങളുടെ പേരില്‍ മൊബൈല്‍ കണക്ഷനുകളോ ബാങ്ക് അക്കൗണ്ടുകളോ തുടങ്ങിയേക്കാം! ഇന്റര്‍നെറ്റ് കഫേകളോ പൊതു കംമ്പ്യൂട്ടറുകളോ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ; കേരളാ പോലീസ് നല്‍കുന്ന മുന്നറിയിപ്പുകള്‍

സൈബര്‍ കുറ്റകൃത്യങ്ങള്‍ വലിയ രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. വ്യക്തികളുടെ ചെറിയ വിവരങ്ങള്‍ കിട്ടിയാല്‍ പോലും അത് വന്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സൈബര്‍ കുറ്റവാളികള്‍ക്കറിയാം. അതായാത് നമുക്ക് സംഭവിക്കുന്ന ചെറിയ അബദ്ധങ്ങള്‍ പോലും വലിയ കുറ്റകൃത്യങ്ങള്‍ക്കായി ഇക്കൂട്ടര്‍ ഉപയോഗിച്ചെന്നിരിക്കും. അതിനുദാഹരണമാണ് എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി കംപ്യൂട്ടര്‍ സെന്ററുകളിലും മറ്റും കൊണ്ടുപോയിട്ട് അവിടെ നാം മറന്നുവച്ചുപോരുന്ന വിലപ്പെട്ട രേഖകള്‍. എന്തെല്ലാം കാര്യങ്ങളാണ് ഇതിനായി ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് കേരളാ പോലീസ്. അതിങ്ങനെയാണ്…

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വ്യക്തികള്‍ തങ്ങളുടെ സ്വകാര്യ വിവരങ്ങളും രേഖകളും പൊതു കംപ്യൂട്ടറില്‍ ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കണം. നിരവധി ആള്‍ക്കാര്‍ ആധാര്‍ രേഖകള്‍, ഇലക്റ്ററല്‍ കാര്‍ഡുകള്‍ തുടങ്ങി അവരവരുടെ തിരിച്ചറിയല്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും വിലപിടിപ്പുള്ളതും സ്വകാര്യമായതുമായ മറ്റു പല രേഖകളും ഡി.റ്റി.പി. സെന്ററുകളിലും ഇന്റര്‍നെറ്റ് കഫേകളിലും മറ്റും കൊണ്ടുപോയി സ്‌കാന്‍ ചെയ്തു കോപ്പി എടുക്കുകയും പല അപേക്ഷകള്‍ ഇത്തരം സെന്ററുകള്‍ വഴി അയക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ സ്‌കാന്‍ ചെയ്യപ്പെടുന്ന ഡോക്യുമെന്റുകള്‍ ആ സെന്ററുകളിലെ പൊതു കംപ്യൂട്ടറുകളില്‍ തന്നെ ഉപേക്ഷിക്കപ്പടുന്നതായാണ് സാധാരണ കാണാറുള്ളത്. വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഇത്തരത്തിലുള്ള ഡോക്യമെന്റുകള്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

അശ്രദ്ധകൊണ്ടോ അറിവില്ലായ്മ കൊണ്ടോ ഇത്തരം സെന്ററുകളിലെ പൊതുകംപ്യൂട്ടറില്‍ ഉപേക്ഷിക്കപ്പെടുന്ന ഡോക്യുമെന്റുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവ വ്യാജമായി എടുത്തു തട്ടിപ്പുകള്‍ നടത്താന്‍ സാധിക്കും. ഇത്തരത്തില്‍ സ്‌കാനിംഗ് ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളില്‍ സ്‌കാന്‍ ചെയ്തു കോപ്പി ചെയ്യുന്നത് സ്വന്തം പെന്‍ഡ്രൈവുകളില്‍ ആണെന്നും സെന്ററുകളിലെ കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കുകളില്‍ അല്ലെന്നും ഉറപ്പു വരുത്തണം. അഥവാ അങ്ങനെ സെന്ററുകളിലെ കംപ്യൂട്ടറുകളില്‍ കോപ്പി ചെയ്യേണ്ടി വന്നാല്‍ അവ ആവശ്യം കഴിഞ്ഞാല്‍ ഉടനെതന്നെ പൂര്‍ണ്ണമായും (റീസൈക്കിള്‍ ബിന്നില്‍ നിന്നുള്‍പ്പെടെ) ഡിലീറ്റ് ചെയ്തു എന്നു ഉറപ്പു വരുത്തണം.

അപേക്ഷകളോ മറ്റോ അയയ്ക്കേണ്ടതിലേക്കായി ഇമെയില്‍ അക്കൗണ്ടുകളോ, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളോ മറ്റു യൂസര്‍ അക്കൗണ്ടുകളോ ലോഗിന്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കില്‍ അവ ആവശ്യം കഴിഞ്ഞാല്‍ ലോഗ് ഔട്ട് ചെയ്തു എന്നു ഉറപ്പുവരുത്തിയ ശേഷം മാത്രം സെന്റര്‍ വിട്ടുപോകണം. വ്യക്തികളുടെ സ്വകാര്യ രേഖകള്‍ മറ്റുള്ളവരുടെ കൈകളില്‍ അകപ്പെടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. കമ്പനികളുടെയും മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെയും പേരില്‍ വരുന്ന പല ഫോണ്‍ കാളുകളും മെസ്സേജുകളും ഇമെയിലുകളും ശ്രദ്ധക്കുറവും അറിവില്ലായ്മയും മുതലെടുത്ത് വിവരങ്ങള്‍ ചോര്‍ത്തുന്നതിനു വേണ്ടിയുള്ളവയാകാം. അത്തരം ഫോണ്‍ കോളുകള്‍ക്കോ മെസേജുകള്‍ക്കോ ഇമെയിലുകള്‍ക്കോ മറുപടി നല്‍കുന്നതിനു മുമ്പായി അവയുടെ ആധികാരികത യഥാര്‍ത്ഥ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണം.

 

Related posts