മീനില്ലാതെ വിഷമിച്ചിരുന്ന കുമരകത്തെ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയത് ചാകരയുമായി

മത്സ്യ ലഭ്യതയില്ലാതെ നട്ടം തിരിഞ്ഞ വേമ്പനാട്ടു കായലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി ഇന്നലെ ലഭിച്ചത് വല നിറയെ കൂരിവാള. കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷമാണ് കായലില്‍ പോയി മീന്‍ പിടിക്കുന്ന തൊഴിലാളികള്‍ മീന്‍ ലഭിക്കാതെ പട്ടിണിയിലാക്കിയത്.

മലവെള്ളത്തിനു മുമ്പു ലഭിച്ചുകൊണ്ടിരുന്ന കരിമീന്‍, കൊഞ്ച്, മുരശ്, കൂരി, കണ്ണി, കണമ്പ് തുടങ്ങി വേമ്പനാട്ടു കായലില്‍ സുലഭമായിരുന്ന മത്സ്യ വര്‍ഗങ്ങളാണ് വെള്ളം ഇറങ്ങിയതോടെ അപ്രത്യക്ഷമായത്. ഇതോടെ പല മത്സ്യ തൊഴിലാളികളും കായലിലേക്ക് പോകാതെയായി. മത്സ്യ ബന്ധനമേഖല പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ അഞ്ചു വള്ളങ്ങളില്‍ കായലില്‍ പോയവര്‍ക്ക് വളര്‍ത്തു മീനായ കൂരിവാള ആയിരത്തിലധികം കിലോ ലഭിച്ചത്.

കര്‍ഷകരുടെ ഫാമുകളില്‍ നിന്നു വെള്ളപ്പൊക്കത്തില്‍ ഒഴുകി കായലില്‍ എത്തിയതാണ് കൂരിവാള എന്നാണ് തൊഴിലാളികള്‍ പറയുന്നത്. റജിമോന്‍ പുതുച്ചിറ, ശശി കണ്ടാന്തറ എന്നിവരുടെ മത്സ്യബന്ധന വള്ളമാണ് നിറയെ കൂരിവാളയുമായി ആദ്യം അട്ടിപ്പീടികയില്‍ എത്തിയത്. ഇവര്‍ക്ക് 205 കിലോഗ്രാം മത്സ്യമാണ് ലഭിച്ചത്.

പിന്നാലെ എത്തിയ നാലു വള്ളക്കാര്‍ക്കും ഏറെ മത്സ്യം ലഭിച്ചിരുന്നു. കുമരകം മാര്‍ക്കറ്റിലെ മത്സ്യവ്യാപാരികള്‍ക്കാണ് മത്സ്യം വിറ്റത്. ഈ മത്സ്യത്തിന് കുമരകത്ത് ഏറെ പ്രിയമില്ലാത്തതിനാല്‍ ജില്ലയിലെ മറ്റു മാര്‍ക്കറ്റുകളിലെത്തിച്ചാണ് മീന്‍ വില്ക്കുന്നതെന്ന് മത്സ്യ വ്യാപാരിയായ രാജേഷ് പറഞ്ഞു.

Related posts