പറഞ്ഞ അക്ഷരം ഒന്നും മാറിപ്പോയിട്ടില്ലല്ലോ, എല്ലാത്തിനും ഒരു പരിധിയുണ്ട്! പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേരള പോലീസ്

മറ്റ് യാത്രക്കാര്‍ മുഴുവന്‍ കയറി ബസ് നിറയുന്നതു വരെ വിദ്യാര്‍ത്ഥികളായ യാത്രക്കാരെ ബസിന് വെളിയില്‍ നിര്‍ത്തുന്നത് കേരളത്തില്‍ സ്ഥിരം കണ്ടു വരുന്ന കാഴ്ചയാണ്. ഇതിനോടകം പലതവണ ബസ് ജീവനക്കാര്‍ക്ക് അധികാരികള്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞെങ്കിലും വീണ്ടും ഇത് പതിവ് കാഴചയാവുകയാണ്. ഈ ദിവസങ്ങളില്‍ പകല്‍ സമയത്ത് റെക്കോര്‍ഡ് വെയിലും ചൂടും രേഖപ്പെടുത്തുന്ന സമയത്തും സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളെ ബസിന് പുറത്ത് നിര്‍ത്തിയിരിക്കുന്ന കാഴ്ച പലരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയുണ്ടായി.

ഇപ്പോഴിതാ ഈ പ്രവണതയ്ക്ക് അവസാന താക്കീതെന്ന നിലയില്‍ കേരള പോലീസ് രംഗത്തെത്തിയിരിക്കുന്നു. മറ്റ് യാത്രക്കാര്‍ ബസില്‍ കയറുന്നത് വരെ വിദ്യാര്‍ത്ഥികളെ പുറത്ത് നിര്‍ത്തുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് കേരള പോലീസ് അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ മറ്റു യാത്രക്കാരെപ്പോലെ പരിഗണിക്കണമെന്ന് കൃത്യമായ നിയമം നിലവിലിരിക്കെയാണ് ഈ കൊടും വേനലിലും ഈ ക്രൂരതയെന്നും പോലീസ് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു.

ഇത്തരത്തില്‍ നികൃഷ്ടമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത്തരം നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലോ വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു. കല്ല്യാണരാമന്‍ സിനിമയിലെ ഇന്നസെന്റിന്റെ ട്രോള്‍ ഉപയോഗിച്ചാണ് പൊലീസ് വിഷയം അവതരിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

വിദ്യാര്‍ത്ഥികളെ ബസില്‍ മറ്റു യാത്രക്കാരെപ്പോലെ പരിഗണിക്കണമെന്ന കൃത്യമായ നിയമം നിലവിലിരിക്കെ ഈ കൊടുംവേനലില്‍പ്പോലും മറ്റു യാത്രക്കാര്‍ കയറും വരെ ബസ്സിനകത്തു കയറ്റാതെ വിദ്യാര്‍ത്ഥികളെ പുറത്തു നിര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നികൃഷ്ടമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നത് ഓര്‍മപ്പെടുത്തുന്നു. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലോ വിവരം അറിയിക്കുക.

Related posts