കേരളത്തില്‍ 22,552 അമ്മമാര്‍ പ്രായപൂര്‍ത്തിയാവാത്തവര്‍! പത്തൊമ്പത് വയസിനിടെ മൂന്ന് പ്രസവം വരെ നടത്തിയവര്‍ നൂറ് കണക്കിന്; സാക്ഷരകേരളത്തില്‍ നടത്തിയ പഠനത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെല്ലാം പല കാര്യങ്ങളിലും മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സാക്ഷരത, വിദ്യാഭ്യാസം, സമ്പത്ത്, ശുചിത്വം തുടങ്ങി പല കാര്യങ്ങളിലും കേരളം മുന്നിലാണ്. എന്നാല്‍ ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേരളത്തില്‍ പ്രായപൂര്‍ത്തിയാവാത്ത അമ്മാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാവുന്നു എന്നതാണത്.

കേരളത്തില്‍ 19 വയസില്‍ താഴെയുള്ള 22,552 അമ്മമാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്ത് വിട്ട സ്റ്റേറ്റ് ഇക്കണോമിക് ആന്‍ഡ് സ്റ്റാസ്റ്റിക്കല്‍ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017 ലെ വിവരങ്ങള്‍ പ്രകാരമാണ് റിപ്പോര്‍ട്ട് തയാറാക്കി, ഇക്കഴിഞ്ഞ ദിവസം പുറത്തു വിട്ടിരിക്കുന്നത്.

2017 ല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത പ്രസവങ്ങളില്‍ 4.48 ശതമാനം 15 നും 19 നും ഇടയിലുള്ള പെണ്‍കുട്ടികളാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. നഗരപ്രദേശങ്ങളില്‍ 16,639 ഉം ഗ്രാമപ്രദേശങ്ങളില്‍ 5,913 പ്രസവങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ കണക്കുകള്‍ പ്രകാരം പ്രസവത്തിനെത്തിയ 137 പേര്‍ 19 വയസില്‍ താഴെയുള്ളവരാണ്. ഇതിന് പുറമേ, 48 പേര്‍ മൂന്നാം പ്രസവത്തിനും 37 പേര്‍ നാലാമത്തെ പ്രസവത്തിനുമാണ് എത്തിയത്.

ഇത്തരത്തില്‍ ചെറിയ പ്രായത്തില്‍ തന്നെ അമ്മമാരായവരില്‍ 17,202 പേര്‍ പത്താം ക്ലാസിനും ബിരുദത്തിനും ഇടയില്‍ വിദ്യാഭ്യാസം നേടിയവരാണ്. എന്നാല്‍ 86 പേര്‍ നിരക്ഷരരും, 91 പേര്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍ ചുവടെയുള്ളവരുമാണെന്നും വ്യക്തമാക്കുമ്പോള്‍ 3,420 പേര്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ല.

Related posts