മുഖ്യമന്ത്രിയായപ്പോഴും സൈക്കിളില്‍ സഞ്ചരിച്ച ലളിതജീവിതക്കാരന്‍, ബിജെപി നേതാവെങ്കിലും ഗോവയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെ ബഹുമാനിച്ച വ്യക്തിത്വം, രണ്ടുമുറി വീട്ടില്‍ അവസാനശ്വാസം വരെ രാജ്യത്തിനായി ജോലിചെയ്ത മനോഹര്‍ പരീക്കറുടെ ആരുമറിയാത്ത ജീവിതം

ഒരിക്കല്‍ ഗോവയിലെ തിരക്കേറിയ റോഡില്‍ ഒരു അപകടം നടന്നു. വിലയേറിയ കാര്‍ ഒരു ബൈക്കിന്റെ പിന്നിലിടിച്ചു. കാറില്‍ നിന്ന് സമ്പന്നനെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന യുവാവ് ക്ഷോഭത്തോടെ പുറത്തിറങ്ങി പറഞ്ഞു, ഞാന്‍ സിറ്റി പോലീസ് കമ്മീഷണറുടെ മകനാണ്. അപ്പോള്‍ ബൈക്ക് യാത്രികന്‍ വിനയത്തോടെ മറുപടി നല്കി, ഞാന്‍ ഗോവയുടെ മുഖ്യമന്ത്രിയാണ്. അന്തരിച്ച മനോഹര്‍ പരീക്കറെക്കുറിച്ച് രാഷ്ട്രീയ എതിരാളികള്‍ പോലും പറഞ്ഞു നടക്കുന്ന കഥയാണിത്. അതേ രാഷ്ടീയ എതിരാളികള്‍ പോലും ബഹുമാനിച്ചിരുന്ന പരീക്കറുടെ നിര്യാണം രാജ്യത്തിന് ഏല്പിച്ചത് വലിയ നഷ്ടം തന്നെയാണ്.

ലാളിത്യമായിരുന്നു പരീക്കറുടെ മുഖമുദ്ര. തീരെ വിലകുറഞ്ഞ വസ്ത്രങ്ങളായിരുന്നു പലപ്പോഴും അണിഞ്ഞിരുന്നത്. ലാളിത്യം ആരെയും കാണിക്കാന്‍ വേണ്ടിയായിരുന്നില്ലെന്നുമാത്രം. ഇഷ്ടം അരക്കൈയന്‍ ഷര്‍ട്ട്. വേഷത്തിലെ ചുളിവുകള്‍ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. വിലകുറഞ്ഞ ചെരുപ്പുകളാണു കൂടുതല്‍ പ്രിയം. റിക്ഷയില്‍ വിമാനത്താവളത്തിലെത്തി ഡല്‍ഹിക്കു പോകുന്ന പരീക്കറെ കുറ്റപ്പെടുത്തിയവരില്‍ സഹപ്രവര്‍ത്തകര്‍ പോലുമുണ്ട്.

വ്യക്തിപരമായ തിരിച്ചടികള്‍ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. 2000 ലാണ് ആദ്യമായി ഗോവയുടെ മുഖ്യമന്ത്രിയായത്. മാസങ്ങള്‍ക്കുശേഷം ഭാര്യ മേധ ക്യാന്‍സര്‍ ബാധിച്ചു മരിച്ചു. അതോടെ കൗമാരക്കാരായ ഉത്പലിന്റെയും അഭിജിത്തിന്റെയും ചുമതല അദ്ദേഹത്തിനായി. സാധാരണ രക്ഷകര്‍ത്താക്കളെപ്പോലെ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ പരീക്കറുണ്ടായിരുന്നു.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാര്‍ അനുവദിച്ച ഇന്നോവാ കാര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയപ്പോഴും മാറ്റാന്‍ അദ്ദേഹം തയാറായില്ല. രോഗം പിടികൂടിയപ്പോള്‍ കൂടുതല്‍ സൗകര്യമുള്ള കാര്‍ വാങ്ങണമെന്നു സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല.

1955 ഡിസംബര്‍ 13ന് ഗോവയില്‍ മപുസയിലെ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണു മനോഹര്‍ പരീക്കര്‍ ജനിച്ചത്. പഠനത്തില്‍ അസാധാരണ മികവു പുലര്‍ത്തിയിരുന്ന പരീക്കര്‍ ബോംബെ ഐഐടിയില്‍ നിന്ന് മെറ്റലര്‍ജിക്കില്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടി. സ്‌കൂള്‍ പഠനകാലത്തു തന്നെ ആര്‍എസ്എസിന്റെ ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും ബിരുദ പഠനത്തിന് മുംബൈയില്‍ എത്തിയതോടെയാണ് ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായി മാറിയത്.

പരീക്കറിന്റെ പ്രവര്‍ത്തനമികവു കണ്ട് നോര്‍ത്ത് ഗോവയില്‍ സംഘടനയെ വളര്‍ത്തുകയെന്ന വലിയ ദൗത്യം ആര്‍എസ്എസ് അദ്ദേഹത്തെ ഏല്‍പ്പിച്ചു. നോര്‍ത്ത് ഗോവയില്‍ അദ്ദേഹം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പിന്നീട് സംസ്ഥാനം മുഴുവന്‍ വ്യാപിക്കാന്‍ ആര്‍എസ്എസിനെ പ്രാപ്തമാക്കിയത്. അയോധ്യയിലെ രാമജന്‍മഭൂമി പ്രക്ഷോഭത്തില്‍ സംഘപരിവാറിന്റെ ആശയ ഉപദേശകരില്‍ ഒരാളായും പരീക്കര്‍ മാറി.

Related posts