കേശവാനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള ! ഇന്ത്യയിലെ നിയമവിദ്യാര്‍ഥികള്‍ക്കെല്ലാം മനപാഠമായ കേസ്; എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി വിടവാങ്ങുമ്പോള്‍…

എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി സ്വാമി(79) സമാധിയായി. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു വിയോഗം. മൗലീകാവകാശ സംരക്ഷണത്തിനുള്ള നിയമയുദ്ധത്തിലൂടെ കേരള സര്‍ക്കാരിനെ സുപ്രിം കോടതിയില്‍ നിര്‍ത്തിപ്പൊരിച്ച കേശവാനന്ദ ഭാരതി ഇന്ത്യയിലെ നിയമപുസ്തകങ്ങളില്‍ ഒളിമങ്ങാത്ത പേരുകളിലൊന്നാണ്.

മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പത്മാവതിയമ്മയുടെയും മകനായ കേശവാനന്ദ ഭാരതി 1960 നവംബര്‍ 14ന് തന്റെ 19-ാം വയസിലാണ് എടനീര്‍ മഠാധിപതിയായത്.

രാജ്യം കണ്ട ചരിത്രപ്രധാനമായ കേസുകളില്‍ ഒന്നായിരുന്നു കേശവാനന്ദ ഭാരതിയും കേരളാ സംസ്ഥാനവും തമ്മില്‍ നടന്നത്. കേശവാനന്ദ ഭാരതി sv സ്റ്റേറ്റ് ഓഫ് കേരള എന്ന പേരില്‍ ഇന്നും ഇന്ത്യയിലെ നിയമവൃത്തങ്ങൡ ഈ കേസ് സുപരിചിതമാകുന്നു.

ഈ കേസ് ഒരു തവണയെങ്കിലും വായിക്കാത്ത നിയമവിദ്യാര്‍ഥികളും രാജ്യത്തുണ്ടാവില്ല. സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടനാ കേസാണ് കേശവാനന്ദ ഭാരതിയും കേരളാ സര്‍ക്കാരും തമ്മില്‍ നടന്നത്.

1969ലാണ് അദ്ദേഹം കേരള സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌ക്കരണ നിയമത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ചത്. സ്വത്തവകാശം മൗലീക അവകാശമാണോയെന്ന തര്‍ക്കം ഈ കേസില്‍ പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു.

ഇന്ത്യന്‍ പാര്‍ലമെന്റിന് ഭരണഘടനാ ഭേദഗതിയാവാം പക്ഷെ അത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചു കൊണ്ടാവരുത് എന്ന വിധിപ്രഖ്യാപനത്തിലേക്ക് സുപ്രീംകോടതി എത്തുകയും ചെയ്തു എന്നതാണ് ഈ കേസിനെ പ്രമുഖമാക്കുന്നത്.

ഭൂപരിഷ്‌കരണ നിയമപ്രകാരം കാസര്‍ഗോഡിനു സമീപമുള്ള എടനീര്‍ മഠത്തിന്റെ സ്വത്തുക്കള്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തതായിരുന്നു കേസിന്റെ തുടക്കം. മഠാധിപതിയായിരുന്ന സ്വാമി കേശവാനന്ദഭാരതി ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കകയും ഭൂപരിഷ്‌കരണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുകയും ചെയ്തു.

ഇതോടൊപ്പം മതസ്വാതന്ത്ര്യത്തിനും മതസ്ഥാപനങ്ങള്‍ നടത്തുന്നതിനുമുള്ള അവകാശം, തുല്യതയ്കുള്ള അവകാശം, സമത്വത്തിനുള്ള അവകാശം, സ്വത്തവകാശം തുടങ്ങിയ തന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന പ്രാര്‍ത്ഥനകളും 1970 മാര്‍ച്ച് 21 ന് സമര്‍പ്പിച്ച ഈ റിട്ട് ഹര്‍ജിയില്‍ (റിട്ട് ഹര്‍ജി നം. 1970 ല്‍ 135) കേശവാനന്ദഭാരതി ഉയര്‍ത്തിയിരുന്നു.

1971-ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969-ലെ കേരള ഭൂപരിഷ്‌കരണനിയമവും 1971-ലെ കേരളാ ഭൂപരിഷ്‌കരണ ഭേദഗതി നിയമവുമാണ് സ്വാമി റിട്ട് ഹര്‍ജിയിലൂടെ ചോദ്യം ചെയ്തത്. ഭൂപരിഷ്‌കരണം ഒരു നിമിത്തമായെങ്കിലും മൗലികാവകാശ നിയമഭേദഗതിക്കെതിരേ പരമോന്നത കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ആദ്യ ഹര്‍ജിക്കാരനായി മാറി കേശവാനന്ദ സ്വാമി.

രാഷ്ട്രീയരംഗത്തെ തിരയിളക്കങ്ങള്‍ കൊണ്ട് കേസിന്റെ തുടക്കത്തില്‍ത്തന്നെ കോടതിയിലും ഭരണകേന്ദ്രങ്ങളിലും സമ്മര്‍ദം ഉയര്‍ന്നു. 13 ജഡ്ജിമാര്‍ ഉള്‍പ്പെട്ട സുപ്രീം കോടതിയിലെ ഫുള്‍ബെഞ്ച് 66 ദിവസമാണ് കേസ് വിചാരണ ചെയ്തത്. അതും ചരിത്രമായിരുന്നു. രാജ്യത്തെ വര്‍ത്തമാനപത്രങ്ങളില്‍ കേശവാനന്ദയുടെ പേര് എല്ലാ ദിവസവും നിറഞ്ഞു.

സാധാരണ ജനത്തിന്റെ നന്മയ്ക്കായി മൗലീകാവകാശത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് മാറ്റം വരുത്താമെന്നു വാദിച്ച കേരള സര്‍ക്കാര്‍ ഇത് സ്ഥാപിക്കാനായി പല വളഞ്ഞ വഴികളും പയറ്റി. കേസില്‍ സര്‍ക്കാരിനെതിരായ നിലപാടെടുത്ത ന്യായാധിപന്മാര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു.

എന്നാല്‍ അന്തിമ വിജയം നീതിപീഠത്തിന്റേതായിരുന്നു. ഭരണഘടനയുടെ അടിസ്ഥാന മൂല്യം ചോദ്യം ചെയ്യാനാവില്ലെന്ന് ഏഴില്‍ ആറ് ഭൂരിപക്ഷത്തിന് സുപ്രിം കോടതി വിധിച്ചു. 1973 ഏപ്രില്‍ 24നാണ് ആ ചരിത്ര വിധിയുണ്ടായത്.

1971-ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969- ലെ കേരള ഭൂപരിഷ്‌കരണ നിയമവും 1971-ലെ കേരള ഭൂപരിഷ്‌കരണ ഭേദഗതി നിയമവുമാണ് സ്വാമി റിട്ട് ഹര്‍ജിയിലൂടെ പരമോന്നത കോടതിയില്‍ ചോദ്യംചെയ്തത്. ഭരണഘടന പൗരന്മാര്‍ക്ക് അനുവദിച്ച മൗലികാവകാശം കൃഷ്ണമണിപോലെ കാക്കേണ്ടതുണ്ട്.

ഭൂരിപക്ഷത്തിന്റെയോ മറ്റെന്തിന്റെയോ പേരില്‍ മൗലികാവകാശത്തില്‍ ഭരണകൂടം കൈകടത്തുന്നത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന ഉള്‍വിളിയില്‍നിന്നാണ് ജനാധിപത്യരീതിയില്‍ അതിനെതിരെ നീങ്ങിയതെന്ന് സ്വാമി കേശവാനന്ദ ഭാരതി പറയുന്നു. കേശവാനന്ദ ഭാരതിയുടെ സഹോദരി സാവിത്രിയുടെ മകന്‍ ജയറാമാണ് എടനീര്‍ മഠത്തിലെ അടുത്ത സ്ഥാനപതി.

Related posts

Leave a Comment