കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതികള്‍ കെവിനെ ചാലിയേക്കര പുഴയിലേക്ക് ഓടിച്ചിറക്കുകയായിരുന്നു! കെവിന്‍ വധക്കേസില്‍ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

കെവിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതികള്‍ കെവിനെ പുഴയിലേക്ക് ഓടിച്ചിറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാന കാര്യം. ദുരഭിമാനക്കൊലയില്‍ അറസ്റ്റിലായ പ്രതികളുടെ വാദം തള്ളിയാണ് റിപ്പോര്‍ട്ട്. പുഴയില്‍ വീഴ്ത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ പിന്തുടര്‍ന്നു ചാലിയേക്കര പുഴയിലേക്ക് കെവിനെ ഓടിച്ചുവീഴ്ത്തുകയായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയുമടക്കമുള്ള കുറ്റങ്ങള്‍ പ്രതികളുടെ മേല്‍ ചുമത്തി. കെവിന്‍ തങ്ങളുടെ അടുക്കല്‍നിന്ന് ഓടിപ്പോയെന്നും പിന്നീടു കണ്ടില്ലെന്നുമാണ് കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു അടക്കമുള്ള പ്രതികള്‍ നല്‍കിയ മൊഴി. തെന്മല ഭാഗത്തുവച്ചു കാര്‍ നിര്‍ത്തിയപ്പോള്‍ പുറത്തിറങ്ങിയ കെവിന്‍ ഇറങ്ങി ഓടി. സ്ഥലത്തെക്കുറിച്ച് നല്ല മുന്‍ പരിചയമുള്ള പ്രതികള്‍ ഗൂഡമായി വളഞ്ഞ് പ്രതിയെ ആഴമുള്ള പുഴയിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കെവിന് നീന്താനറിയില്ലെന്ന് നേരത്തേ കുടുംബവും വ്യക്തമാക്കിയിരുന്നു.

നീനുവിനെ വിവാഹം കഴിച്ചതിനാല്‍ കെവിനോടും ഇരുവര്‍ക്കും താമസസൗകര്യമൊരുക്കിയതിന് ബന്ധുവായ അനീഷിനോടും പ്രതികള്‍ക്ക് കടുത്ത വിരോധമുണ്ടായിരുന്നതായി അന്വേഷണസംഘത്തിനു നേതൃത്വം നല്‍കുന്ന ഡിവൈ.എസ്.പി: ഗിരീഷ് പി. സാരഥി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദേഹോപദ്രവമേല്‍പിച്ചു കൊലപ്പെടുത്തുക, നീനുവിനെ തിരികെ കൊണ്ടുപോകുക എന്ന ഉദ്ദേശ്യത്തോടെയാണു പ്രതികള്‍ കോട്ടയത്ത് എത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ സംഘം കെവിന്‍ താമസിച്ച അനീഷിന്റെ വീട് ആക്രമിച്ചു.

വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുപകരണങ്ങള്‍ നശിപ്പിച്ച് 75,000 രൂപയുടെ നഷ്ടമുണ്ടാക്കി. കെവിനെയും അനീഷിനെയും മര്‍ദ്ദിച്ചശേഷം പ്രതികള്‍വന്ന കെ.എല്‍. 01 ബി.എം. 8800 ഇന്നോവ, ചുവന്ന നിറത്തിലുള്ള ഐ 20 എന്നീ കാറുകള്‍ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. യാത്രയില്‍ ഉടനീളം ഇരുവരെയും പ്രതികള്‍ മര്‍ദിച്ചു. യാത്രയ്ക്കിടയില്‍ അനീഷ് ഛര്‍ദ്ദിക്കണമെന്ന് പറഞ്ഞപ്പോള്‍ തെന്മലഭാഗത്ത് നിര്‍ത്തി.

തുടര്‍ന്നായിരുന്നു കെവിനെ തൊട്ടടുത്ത ആള്‍പാര്‍പ്പില്ലാത്ത പ്രദേശത്തു വെച്ച് പുഴയിലേക്ക് ഓടിച്ചിറക്കിയത്. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും സംഘര്‍ഷമുണ്ടാകാനും സാധ്യതയുള്ളതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, അറസ്റ്റിലായ പോലീസുകാര്‍ക്കു കുറ്റകൃത്യത്തില്‍ പങ്കില്ലാത്തതിനാല്‍ കൊലപാകതക്കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇവരെ ഉള്‍പ്പെടുത്തുകയില്ല.

Related posts