മുംബൈ: ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട ഖാലിദ് ജമീലിന്റെ കരാര്‍ കാലാവധി സംബന്ധിച്ച വിവരം എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) പുറത്തുവിട്ടു. 2027വരെ നീളുന്ന രണ്ടു വര്‍ഷ കരാറിലാണ് ഖാലിദ് ജമീല്‍ ഒപ്പുവച്ചിരിക്കുന്നത്. ഒരു വര്‍ഷംകൂടി കരാര്‍ നീട്ടാനുള്ള അവസരവുമുണ്ട്. ഐഎസ്എല്‍ ക്ലബ്ബായ ജംഷഡ്പുര്‍ എഫ്സിയുടെ മുഖ്യപരിശീലകനായിരിക്കേയാണ് ജമീലിനെ ഇന്ത്യയുടെ മാനേജരായി തെരഞ്ഞെടുത്തത്.
ജംഷഡ്പുര്‍ എഫ്സിയില്‍നിന്നു രാജിവച്ച്, ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ പരിശീലകനായി ജമീല്‍ പ്രവര്‍ത്തിക്കുമെന്നും എഐഎഫ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. 15ന് ബംഗളൂരുവിലെ ദ്രാവിഡ്-പദുക്കോണ്‍ സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് എക്സലന്സില്വച്ച് ജമീലിന്റെ ശിക്ഷണത്തിനു കീഴില്‍ ടീമിന്റെ ആദ്യ ട്രെയ്നിംഗ് ക്യാമ്പ് നടക്കും.
സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് (സിഎഎഫ്എ) നേഷന്‍സ് കപ്പാണ് ജമീലിന്റെ കീഴില്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരവേദി. ഗ്രൂപ്പ് ബിയില്‍ ഓഗസ്റ്റ് 29നു തജിക്കിസ്ഥാനെയും സെപ്റ്റംബര്‍ ഒന്നിന് ഇറാനെയും സെപ്റ്റംബര്‍ നാലിന് അഫ്ഗാനിസ്ഥാനെയും ഇന്ത്യ നേരിടും. തുടര്‍ന്ന് എഎഫ്സി ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ റൗണ്ടില്‍ സിംഗപ്പുരിനെതിരേയാണ് (ഒക്ടോബര്‍ 9, 14) ഇന്ത്യയുടെ മത്സരം.
48കാരനായ ഖാലിദ് ജമീല്‍ 1998-2006 കാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയില്‍ 40 മത്സരങ്ങള്‍ കളിച്ചു, നാലു ഗോള്‍ സ്വന്തമാക്കി. നീണ്ട 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് ഒരു സ്വദേശി മുഖ്യപരിശീലകനെ ലഭിക്കുന്നത്. സാവിയോ മെദീറയായിരുന്നു (2011-12) ഇന്ത്യന്‍ ടീമിന്റെ അവസാന സ്വദേശി പരിശീലകന്.