ഞാനിപ്പോള്‍ അനാഥയായതുപോലെ! ഞാന്‍ നിങ്ങളെ മിസ് ചെയ്യും അപ്പാ! കണ്ടുമുട്ടിയ നാളിലെയും അവസാന കൂടിക്കാഴ്ചയിലെയും ചിത്രങ്ങള്‍ പങ്കുവച്ച്, കരുണാനിധിയുടെ വേര്‍പാടില്‍ കണ്ണീര്‍വാര്‍ത്ത് ഖുശ്ബു

രാജ്യമൊന്നാകെ കലൈഞ്ജര്‍ക്ക് വിട നല്‍കുകയാണ്, പ്രിയ നേതാവിന്റെ വേര്‍പാടില്‍ കണ്ണീര്‍ വാര്‍ക്കുകയാണ്. പ്രമുഖരടക്കമുള്ള നിരവധിയാളുകള്‍ കരുണാനിധിക്ക് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു. കൂട്ടത്തില്‍ ചിലരുടെയെല്ലാം യാത്രാമൊഴി ശ്രദ്ധേയവും കണ്ണ് നനയിക്കുന്നതുമായിരുന്നു. അക്കൂട്ടത്തിലൊന്നാണ് നടി ഖുശ്ബുവിന്റേത്.

കരുണാനിധിയെ അനുസ്മരിച്ചുകൊണ്ടുള്ള ഖുശ്ബുവിന്റെ ട്വിറ്ററിലെ കുറിപ്പാണ് ഇപ്പോള്‍ കരുണാനിധിയുടെ ആരാധകരുടെ കണ്ണ് നനയിച്ചുകൊണ്ടിരിക്കുന്നത്. അതിങ്ങനെയായിരുന്നു..’അപ്പായെ നഷ്ടമായി, ഞാന്‍ അനാഥയായതു പോലെ. കലൈഞ്ജര്‍ കരുണാനിധി യുഗം അവസാനിച്ചു. തമിഴ് ജനതയുടെ ഹൃദയത്തിലും ചിന്തകളിലും കൊത്തിവെയ്ക്കപ്പെട്ട പേര്്. അവസാന ശ്വാസം വരെ സ്വന്തം ജനതയെ സേവിച്ച പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും, കലൈഞ്ജര്‍ അനശ്വരനാണ്’. ഖുശ്ബു കുറിച്ചു.

കരുണാനിധിയെ ഒരു മാസം മുന്‍പ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രവും കുറിപ്പിനൊപ്പം ഖുശ്ബു പങ്കുവെച്ചു. ‘ഏതാണ്ട് ഒരു മാസം മുന്‍പ് അദ്ദേഹത്തോടൊപ്പമെടുത്ത അവസാനത്തെ ചിത്രമാണിത്. ഈ വലിയ നേതാവിനെ അവസാനമായി കാണുകയാണെന്ന് എനിക്കന്ന് അറിയില്ലായിരുന്നു. ഞാന്‍ നിങ്ങളെ മിസ് ചെയ്യും അപ്പ’. ഖുശ്ബു കുറിച്ചു.

ഡിഎംകെയില്‍ ചേര്‍ന്ന ദിവസമെടുത്ത ചിത്രവും ഖുശ്ബു പങ്കുവെച്ചു. ‘എന്റെ ഗുരുവിനൊപ്പം അവിസ്മരണീയമായ ദിനമെന്നാണ് ഖുശ്ബു ആ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

Related posts