ബോളിവുഡിലെ താരദമ്പതിമാരായ കിയാരാ അദ്വാനിക്കും സിദ്ധാർഥ് മൽഹോത്രയ്ക്കും കഴിഞ്ഞ ജൂലൈയിലാണ് പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതും കുഞ്ഞിന് പേരിട്ടതുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
സരായ എന്നാണ് ഇവർ കുഞ്ഞിനു പേരിട്ടത്. ഇപ്പോഴിതാ, ഗർഭിണിയായിരിക്കെ വയറ്റിൽ കിടക്കുകയായിരുന്ന മകളോട് താൻ സംസാരിക്കാറുണ്ടായിരുന്നുവെന്ന് പറയുകയാണ് കിയാര. ചിത്രീകരണം നടക്കുന്ന സിനിമകളുടെ സംവിധായകർക്കും നിർമാതാക്കൾക്കും മാത്രമേ അന്ന് താൻ ഗർഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുള്ളു.
വൈകാരികമായ രംഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞശേഷം താൻ കാരവാനിലെ ചെറിയ ശുചിമുറിയിലേക്ക് പോയശേഷം കുഴപ്പമൊന്നുമില്ല എന്ന് തന്റെ കുഞ്ഞിനോട് പറയും. “അമ്മ അഭിനയിക്കുകയായിരുന്നു കേട്ടോ… ഓകെ? ഇതൊന്നും യഥാർഥത്തിലുള്ളതല്ല’ എന്നാണ് ഉദരത്തിൽ തലോടിക്കൊണ്ട് ഞാൻ കുഞ്ഞിനോട് പറഞ്ഞിരുന്നത്-കിയാര പറയുന്നു.
അമ്മയായുള്ള ജീവിതം പൂർണമായി ഞാൻ ആസ്വദിക്കുന്നു. സരായയുടെ ഓരോ ചെറിയ കാര്യവും ഞാൻ ശ്രദ്ധിക്കും. വളരെ ചെറിയ നിമിഷങ്ങൾ പോലും വിലമതിക്കാനാകാത്തതാണ്-വോഗിന് നൽകിയ അഭിമുഖത്തിൽ കിയാര പറഞ്ഞു. അതേസമയം, കുഞ്ഞിന്റെ ചിത്രം കിയാരയും സിദ്ധാർഥും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
