എന്നാലും ഇതത്ര ദഹിച്ചില്ല; പാമ്പിനെ കിട്ടാതെ വിശന്നു വലഞ്ഞ രാജവെമ്പാല ഒടുവില്‍ വിശപ്പടക്കിയത് ഈ പാവം ജീവിയെ വിഴുങ്ങി

king-cobraചെറു പാമ്പുകളാണ് രാജവെമ്പാലയുടെ ഇഷ്ടഭക്ഷണം. എന്നാല്‍ വിശപ്പടക്കാന്‍ പാമ്പിനെ കിട്ടാതെ വന്നാല്‍ പിന്നെ എന്തു ചെയ്യും. കിട്ടുന്നതു കൊണ്ട് വിശപ്പടക്കണം അത്ര തന്നെ. പാമ്പിനെ കിട്ടാതെ വന്നപ്പോള്‍ രാജവെമ്പാല ഉടുമ്പിനെയാണ് ഇരയാക്കിയത്.കാഞ്ഞിരക്കൊല്ലി വനമേഖലയില്‍ അളകാപുരി വെള്ളച്ചാട്ടത്തിനു സമീപം ലോക സര്‍പ്പദിനമായി അറിയപ്പെടുന്ന 16ന് ആണ് തളിപ്പറമ്പിലെ പരിസ്ഥിതി സ്‌നേഹിയും പാമ്പ് ഗവേഷകനുമായ വിജയ് നീലകണ്ഠന്‍ ഈ അത്യപൂര്‍വ ദൃശ്യം പകര്‍ത്തിയത്. സാധാരണയായി പാമ്പുകളെ മാത്രമാണ് രാജവെമ്പാല ഭക്ഷണമാക്കാറുള്ളത്. മറ്റു ജീവികളെ ഇവ ഭക്ഷണമാക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വര്‍ഷങ്ങളായി രാജവെമ്പാലയുള്‍പ്പെടെയുള്ള പാമ്പുകളുമായി ഏറെ പരിചയമുള്ള വിജയ് നീലകണ്ഠന്‍ പറയുന്നു.

കാഞ്ഞിരക്കൊല്ലിയില്‍ രാജവെമ്പാലയെ കണ്ടെത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശിയും വനം വകുപ്പിന്റെ ദ്രുതകര്‍മസേന അംഗവുമായ എം.പി.ചന്ദ്രനൊപ്പം സ്ഥലത്തെത്തിയപ്പോഴാണ് നാഗരാജാവ് ഉടുമ്പിനെ വിഴുങ്ങുന്ന അപൂര്‍വ ദൃശ്യം കണ്ടത്. അപൂര്‍വമായി ഇവ പല്ലി വര്‍ഗത്തിലുള്ള ജീവികളെ ഭക്ഷണമാക്കാറുണ്ടെങ്കിലും ത്വക്കിന് ഏറെ കട്ടിയുള്ള ഉടുമ്പിനെ ഭക്ഷണമാക്കുന്നത് അപൂര്‍വമാണത്രെ. വിഴുങ്ങിയാല്‍ ഇവ ദഹിക്കുവാന്‍ ചിലപ്പോള്‍ മാസങ്ങള്‍ തന്നെ എടുക്കുമെന്നതിനാലാണിത്. വിശന്നു വലഞ്ഞ് നാളുകളായിട്ടും പാമ്പുകളെയൊന്നും ലഭിക്കാത്ത സാഹചര്യത്തിലായിരിക്കണം ഇത് ഉടുമ്പിനെ പിടികൂടിയതെന്നാണ് ഇവര്‍ കരുതുന്നത്. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിലൂടെയായിരിക്കണം ഇത് ഉടുമ്പിനെ പിടികൂടിയതെന്നും കരുതുന്നു.

ഒടുക്കം ഭക്ഷണം കഴിച്ച് അവശനായ രാജവെമ്പാലയെ പിടികൂടിയപ്പോള്‍ പാമ്പിന്റെ ദേഹത്ത് പരിക്കു പറ്റിയിരുന്നു. തിരികെ പാമ്പിനെ കാട്ടിലേക്ക് വിട്ടയയ്ക്കാന്‍ നേരം അത് വയറിലുള്ള പാമ്പിനെ ഛര്‍ദിച്ചു കളയുകയും ചെയ്തു. രാജ്യത്തില്‍ തന്നെ അപൂര്‍വമായേ രാജവെമ്പാലയുടെ ഇത്തരം ഭക്ഷണ രീതി കണ്ടെത്താനായിട്ടുള്ളൂവെന്ന് സംസ്ഥാനത്തിനകത്തും പുറത്തും നിരവധി രാജവെമ്പാലകളെ പരിചരിച്ച വിജയ് ചൂണ്ടിക്കാട്ടി. ഒരിക്കല്‍ ഇരപിടിച്ചാല്‍ മാസങ്ങള്‍ തന്നെ ഭക്ഷണം കഴിക്കാതിരിക്കുന്ന സ്വഭാവക്കാരാണ് രാജവെമ്പാലകള്‍. കേരള-കര്‍ണാടക അതിര്‍ത്തിയിലുള്ള വനമേഖലകളില്‍ പാമ്പുകള്‍ക്ക് അസ്വാഭാവികമായ വിനാശം സംഭവിക്കുന്നു എന്നതാണ് ഈ സംഭവം ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. രാജവെമ്പാലയെ വംശനാശം നേരിടുന്ന ഉരഗവര്‍ഗമായി 2012 ല്‍ ഐയുസിഎന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇവയെ കൊല്ലുകയോ പരുക്കേല്‍പ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. എന്തായാലും ഇതു കണ്ടവരെല്ലാം ഞെട്ടിത്തരിച്ചിരിക്കുകയാണ്. പാമ്പിനെ കിട്ടാത്ത സാഹചര്യത്തില്‍ രാജവെമ്പാലകള്‍ കോഴിയെയോ മറ്റോ നോട്ടമിടുമോ എന്നതാണിവരുടെ ആശങ്ക.

Related posts