ഇതാണ് സൈബര്‍ ക്വട്ടേഷന്‍ ; ലൈക്ക് വേണോ അണ്‍ലൈക്ക് വേണോ കാശെറിഞ്ഞാല്‍ മതി; സമൂഹ മാധ്യമങ്ങളില്‍ അനുകൂല തരംഗം സൃഷ്ടിക്കാനുള്ള ആ വളഞ്ഞ വഴികള്‍ ഇങ്ങനെ…

cyber600നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ അന്ന് ദിലീപിനെതിരേയായിരുന്നു സോഷ്യല്‍ മീഡിയ. എന്നാല്‍ രണ്ടു ദിവസത്തിനകം കാര്യങ്ങള്‍ മാറിമറിഞ്ഞു. ദിലീപിനോട് ഐക്യദാര്‍ഢം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തിയവരുടെ എണ്ണം പൊടുന്നനെയാണ് കൂടിയത്. ഇത് ചില ഏജന്‍സികളുടെ പരിശ്രമഫലമാണെന്ന വാര്‍ത്തയും പിന്നാലെ പുറത്തുവന്നു.’സൈബര്‍ ക്വട്ടേഷന്‍’ എന്ന ഓമനപ്പേരിലാണ് ഈ പരിപാടി അറിയപ്പെടുന്നത്.

സമൂഹ മാധ്യമങ്ങളില്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സല്‍പേരുണ്ടാക്കാനും എതിരാളികളെ മോശക്കാരാക്കാനും പണിയെടുക്കുന്ന കമ്പനികളുണ്ട്. നിര്‍ദോഷമായ രീതിയില്‍ നമ്മള്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളുടെ സ്രഷ്ടാക്കള്‍ ഇവരാകാം. ഓണ്‍ലൈന്‍ റെപ്യൂട്ടേഷന്‍ മാനേജ്‌മെന്റ് (ഒആര്‍എം) എന്നാണ് ഈ പിആര്‍ തന്ത്രത്തിന്റെ സാങ്കേതിക നാമം.വന്‍കിട കമ്പനികള്‍ മുതല്‍ രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും വരെ ‘സൈബര്‍ ക്വട്ടേഷന്റെ’ ഉപയോക്താക്കളാണ്. ഒരു കമ്പനി ചെലവഴിക്കുന്നത് 10 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെ. 2014 ലെ കണക്കു പ്രകാരം 200 കോടി രൂപ മൂല്യമുള്ള വിപണി.

നിശ്ചിത പണമടച്ചാല്‍ ലൈക്കുകളും ഫോളോവേഴ്‌സും കൂട്ടുന്നതാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു രീതി. 100 ലൈക്കിന് 1500 രൂപയാണ് നിരക്ക്. വിവിധ പാക്കേജുകളും ലഭ്യം. പ്രത്യേക കംപ്യൂട്ടര്‍ സ്‌ക്രിപ്റ്റുകള്‍ ഉപയോഗിച്ചാണ് കൂടുതല്‍ ലൈക്കുകള്‍ നേടുന്നത്. ക്ലിക് ഫാമുകള്‍ എന്നറിയപ്പെടുന്ന സൈബര്‍ തൊഴിലാളികളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

സ്വന്തം ബ്രാന്‍ഡിനെ പുകഴ്ത്താനും എതിര്‍ ബ്രാന്‍ഡിനെ തകര്‍ക്കാനും വ്യാജ ഐഡികള്‍ ഉപയോഗിച്ചു നടത്തുന്ന കമന്റ് ആക്രമണം അറിയപ്പെടുന്നത് റെപ്യൂട്ടേഷന്‍ ബോംബിംഗ് എന്നാണ്. ഇനി ഫേസ്ബുക് പേജുകളിലെ തരികിടകളിലേക്കു വരാം. ഒരു ഏജന്‍സി തന്നെ നൂറുകണക്കിനു പേജുകള്‍ നിര്‍മിക്കും. സ്വാഭാവികമെന്ന രീതിയില്‍ പല കണ്ടന്റുകളും ഈ പേജുകളിലൂടെ വില്‍ക്കുന്നു. ഫോളോവേഴ്‌സ് കൂടിയ പേജുകള്‍ക്കു റേറ്റും കൂടും. സാംസ്‌കാരിക രംഗത്തെ പ്രമുഖരുടേതെന്ന പേരില്‍ പ്രചരിക്കുന്ന പല പേജുകളും ഇത്തരം കണ്ടന്റുകള്‍ വിറ്റഴിക്കാനുള്ള ഇടങ്ങളാണ്.

ഇങ്ങനെ സേര്‍ച്ച് എഞ്ചിന്‍ സൈറ്റുകളില്‍ നെഗറ്റീവ് കണ്ടന്റുകള്‍ വര്‍ധിക്കുമ്പോള്‍ കൂടുതല്‍ റാങ്കിംഗുള്ള സൈറ്റുകളെ സ്വാധീനിച്ച് പോസിറ്റീവ് കണ്ടന്റ് നല്‍കുകയാണ് മറ്റൊരു രീതി. ഇതോട ഗൂഗിളില്‍ സൈറ്റുകള്‍ തിരയുമ്പോള്‍ ഒരു പോസിവീറ്റ് മുഖം ലഭിക്കുന്നു. നെഗറ്റീവ് കണ്ടന്റ് വരുന്ന സൈറ്റുകളെ തകര്‍ക്കാനുള്ള പണികളും നടക്കാറുണ്ടെങ്കിലും അതത്ര സാധാരണമല്ല. ലക്ഷക്കണക്കിന് ഐപി വിലാസങ്ങള്‍ ഉപയോഗിച്ച് സൈറ്റിന്റെ പ്രവര്‍ത്തനം താറുമാറാക്കുന്ന ഈ രീതിയ്ക്ക് ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് അറ്റാക്ക് എന്നാണ് പറയുക. പുറമേ നിഷ്‌കളങ്കമെന്നും ഒറ്റനോട്ടത്തില്‍ വസ്തുതാപരമെന്നും തോന്നുന്ന ട്രോളുകള്‍ പരത്തുന്നത് മറ്റൊരു രീതിയാണ്.

നെഗറ്റീവ് റിവ്യു എഴുതിയവര്‍ എത്രയും പെട്ടെന്നത് നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കാനും ആളുണ്ട്. ഇതിനായി സാധാരണ ഫേക്ക് ഐഡികള്‍ രൂപീകരിക്കാറുണ്ട്. പാര്‍ട്ട് ടൈം ജോലിയായി പോസിറ്റീവ് റിവ്യൂകള്‍ എഴുതുന്നവരാണ് മറ്റൊരു കൂട്ടര്‍. ഗൂഗിള്‍ റിവ്യൂസ്, പ്ലേ സ്റ്റോര്‍, ജോബ് ലിസ്റ്റിങ് സൈറ്റുകള്‍ എന്നിവയാണു ഇത്തരക്കാരുടെ പ്രധാന പണിസ്ഥലങ്ങള്‍. സൈബര്‍ ക്വട്ടേഷന്‍ ഫലപ്രദമായി ചെയ്ത പല സംഭവങ്ങളും സമീപകാലത്തുണ്ടായിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം.

Related posts