എനിക്ക് ഇന്നും ആ ദിവസം കൃത്യമായി ഓര്‍മ്മയുണ്ട്. 2012 മെയ് 4. ഒരുറക്കം കഴിഞ്ഞു കാണും. രാത്രി ഏതാണ്ട് 11 മണിയോടെ മൊബൈല്‍ ഫോണ്‍ ബെല്ല് തുടര്‍ച്ചയായി അടിച്ചു കൊണ്ടിരുന്നു, ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട രാത്രിയെപ്പറ്റി കെഎം ഷാജഹാന്‍

കെഎം ഷാജഹാന്‍

എനിക്ക് ഇന്നും ആ ദിവസം കൃത്യമായി ഓര്‍മ്മയുണ്ട്. 2012 മെയ് 4. ഒരുറക്കം കഴിഞ്ഞു കാണും. രാത്രി ഏതാണ്ട് 11 മണിയോടെ മൊബൈല്‍ ഫോണ്‍ ബെല്ല് തുടര്‍ച്ചയായി അടിച്ചു കൊണ്ടിരുന്നു. ഉറക്കമുണര്‍ന്ന് ഫോണെടുത്തു. ഏഷ്യാനെറ്റില്‍ നിന്നായിരുന്നു ഫോണ്‍. ഫോണെടുത്ത ഞാന്‍ കേട്ടത് ‘ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടു, പ്രതികരണം അറിയാന്‍ വിളിച്ചതാണ്’ എന്ന വാക്കുകളാണ്. ഒരു നിമിഷം, സപ്ത നാഡികളും തളര്‍ന്നു പോയി. മറുപടിയായി ഏതാനും ചില വാക്കുക്കള്‍ പറഞ്ഞതായി ഓര്‍ക്കുന്നു. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടെന്നോ? വിശ്വസിക്കാനായില്ല. പുറകെ വാര്‍ത്ത വന്നു. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു, രാത്രി 10.45 ന് വടകരയില്‍ വള്ളിക്കാട് വച്ച്.

പിറ്റേന്ന് രാവിലെ കോഴിക്കോട്ടേക്ക് തിരിച്ചു. ഉച്ചകഴിഞ്ഞ് കോഴിക്കോട് ടൗണ്‍ ഹാളിലെത്തി. പൊതുദര്‍ശനത്തിന് വച്ച ചന്ദ്രശേഖരന്റെ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളു. ഒരു മുഖവായിരുന്നോ അത്? തലങ്ങും വിലങ്ങും തുന്നിക്കെട്ടുകള്‍, മുഖമാകെ. പിന്നീടാണ് അറിഞ്ഞത്. മുഖത്തിന് ഒരാകൃതി വരുത്താന്‍ ഡോക്ടറന്മാര്‍ മൂന്നര മണിക്കൂര്‍ ഭഗീരഥപ്രയത്‌നം നടത്തേണ്ടി വന്നുവെന്ന്! ചന്ദ്രശേഖരനേറ്റ 51 വെട്ടുകളില്‍ 90 ശതമാനവും മുഖത്തായിരുന്നു.

ചന്ദ്രശേഖരന്റെ മൃതദേഹവും പേറിയുള്ള വിലാപയാത്ര രാത്രി ഓര്‍ക്കാട്ടേരിയിലെത്തി. അന്തരീക്ഷത്തില്‍ മുഴുവന്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ മുദ്രവാക്യം വിളികള്‍: ‘ചന്ദ്രശേഖരന്‍ മരിക്കുന്നില്ല ജീവിക്കുന്നു നമ്മളിലൂടെ. ഓരോ തവണ മുദ്രാവാക്യം വിളിക്കുമ്പോഴും നെഞ്ചിന് ആഞ്ഞൊരിടി കിട്ടും പോലെ!

തൊട്ട് പിറകെ സിപിഎമ്മിന്റെ പ്രസ്താവന വന്നു. ചന്ദ്രശേഖരന്റെ കൊല അപലപനീയം, പാര്‍ടിക്ക് പങ്കില്ല. പിന്നെ എന്തൊക്കെ വിശദീകരണങ്ങള്‍ നമ്മള്‍ കേട്ടു. അക്ര മികളെത്തിയ ഇന്നോവ കാറില്‍ ‘മാഷാ അള്ളാ’ എന്ന സ്റ്റിക്കര്‍, അത് കൊണ്ട് തീവ്രവാദ ബന്ധം; ബോംബെ വ്യവസായിക്ക് പങ്ക്; പി സി ജോര്‍ജിന് പങ്ക് എന്നിങ്ങനെയൊക്കെ. പക്ഷേ മാസങ്ങള്‍ക്കുള്ളില്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാവുകയും, പാര്‍ട്ടി നേതാവ് പി കെ കുഞ്ഞനന്തന്‍ ഒളിവില്‍ പോവുയും ചെയ്തതോടെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം തെളിഞ്ഞു.

എരഞ്ഞിപ്പലം സെഷന്‍സ് കോടതിയില്‍ 2013 ല്‍ ടി പി ചന്ദ്രശേഖരന്‍ കേസ് വാദം ആരംഭിച്ചതോടെ സിപിഎം, കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായെത്തി. കേസിലെ 284 സാക്ഷികളില്‍ 52 പേരാണ് കൂറുമാറിയത്, അല്ല കൂറ് മാറ്റിച്ചത്. സാക്ഷികളുടെ വീടിന് മുന്നില്‍ റീത്ത് കണ്ട സംഭവം പോലും ഉണ്ടായി. കേസന്വേഷണം നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടു.

കൊടും ക്രിമിനലും കേസില്‍ മൂന്നാം പ്രതിയുമായ കൊടി സുനിക്ക് വേണ്ടി ഹാജരായത് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന കേരളത്തിലെ ഏറ്റവും പ്രമുഖ ക്രിമിനല്‍ വക്കീല്‍: ബി. രാമന്‍പിള്ള.പ്രതികള്‍ക്ക് എല്ലാവര്‍ക്കും വക്കീലന്മാരെ ഏര്‍പ്പാടാക്കിയത് പാര്‍ട്ടി. ടി പി ചന്ദ്രശേഖരന്‍ കേസ് നടത്തിപ്പിന് പാര്‍ട്ടിക്ക് ചിലവായത് 3 കോടി രൂപയെന്ന് പാര്‍ട്ടിക്കകത്തുള്ളവര്‍ പറയുന്നു. ഗൂഢാലോചന നടത്തിയ ഉന്നത നേതാക്കള്‍ രക്ഷപെട്ടു എങ്കിലും കൊല നടത്തിയ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു.

ഏതായാലും, തങ്ങളല്ലാതെ മറ്റൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്രമായി കേരളത്തില്‍ പ്രവര്‍ത്തിക്കേണ്ട എന്ന് സിപിഎം തീരുമാനിച്ചു. ആര്‍എംപി യുടെ പ്രവര്‍ത്തകരെ സിപിഎം വളഞ്ഞിട്ട് ആക്രമിച്ചു. സിപിഎം 2016 ല്‍ അധികാരത്തിലെത്തിയതോടെ ആ ക്രമണത്തിന്റെ ശക്തി പതിന്മടങ്ങ് വര്‍ദ്ധിച്ചു. ആര്‍എംപിയുടെ പാര്‍ടി ഓഫീസകളും, ടി.പി ചന്ദ്രശേഖരന്റെ സ്തൂപങ്ങളും പോലും ആക്രമിക്കപ്പെട്ടു. പ്രവര്‍ത്തകര്‍ക്കെതിരെ നൂറ് കണക്കിന് കള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ചന്ദ്രശേഖരന്റെ വിധവ രമ സാമൂഹ്യ മാധ്യമത്തില്‍ അവഹേളിക്കപ്പെട്ടു, അപകീര്‍ത്തിക്ക് വിധേയയായി.

പക്ഷേ ആര്‍എംപി യുടെ പ്രവര്‍ത്തകര്‍ കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു. അവര്‍ ചന്ദ്രശേഖരന്റെ യുടെ പോരാട്ട വീറിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ചെറുത്തു നിന്നു. പരാജയം സമ്മതിച്ച് പിന്മാറാന്‍ അവര്‍ തയ്യാറല്ലായിരന്നു. ടി പി ചന്ദ്രശേഖരന്‍ രക്തസാക്ഷിത്തം വരിച്ച് ഇന്ന് ഏഴ് വര്‍ഷം തികയുമ്പോള്‍ ആര്‍എംപി, ആര്‍എംപിഐയാണ് (റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ). പഞ്ചാബില്‍ സി പി എമ്മിനേക്കാള്‍ ശക്തിയുണ്ട് ആര്‍ എം പി ഐ ക്ക്.

ഇന്ന് ഈ പാര്‍ടിക്ക് കേരളം അംഗീകരിക്കുന്ന, ആദരിക്കുന്ന ഒരു വനിതാ നേതാവുണ്ട്, കെ കെ രമ.കേരളത്തിലെ മറ്റേതൊരു വനിതാ നേതാവിനെക്കാളും പോരാട്ട വീര്യവും ആര്‍ജ്ജവവും ഈ വനിതാ നേതാവിനുണ്ട്. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ രമയെ പ്രതിരോധിക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറിക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നു.തെരഞ്ഞെടുപ്പില്‍ മലബാറിലാകെ കൊലപാതക രാഷ്ട്രീയം ചര്‍ച്ചയാക്കുന്ന ക്യാമ്പെയ്ന്‍ നടന്നത് രമയുടെ നേതൃത്വത്തിലായിരുന്നു.രമക്ക് പിന്തുണയുമായി വേണുവും, ഹരിഹരനും, പ്രകാശനും ഉള്‍പ്പെടുന്ന, ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും കൈമുതലായുള്ള മറ്റ് നേതാക്കളും രംഗത്തുണ്ട്. ഇവര്‍ക്ക് പുറത്ത് നിന്ന് എല്ലാ പിന്തുണയുമായി കവിയും ചിന്തകനുമായ കെ സി ഉമേഷ് ബാബുവും ഒപ്പമുണ്ട്.

ചന്ദ്രശേഖരന്റെ അരുംകൊലയോടെ സിപിഎമ്മിന്റെ തകര്‍ച്ചയുടെ ആക്കം പതിന്മടങ്ങ് വര്‍ദ്ധിച്ചതും നാം കാണാതിരുന്നു കൂട.2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന് തിരിച്ചടിയേല്‍ക്കാനുള്ള ഏറ്റവും പ്രധാന കാരണം ടി പി വധമായിരുന്നു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും ടി പി വധം പ്രധാന പ്രചരണായുധമായിരുന്നു.

2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് കടുത്ത പ്രതിസന്ധികള്‍ സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഈ പശ്ചാത്തലത്തില്‍ ആര്‍എം പിഐക്ക് കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ ഭാവിയില്‍ വലിയ പങ്ക് വഹിക്കാനുണ്ട്.

ധീര രക്തസാക്ഷി ടി പി ചന്ദ്രശേഖരന്റെ ഏഴാം രക്തസാക്ഷി ദിനത്തില്‍, ആ സഖാവിന്റെ പോരാട്ട വീറും ഉയര്‍ന്ന കമ്മ്യൂണിസ്റ്റ് ബോധവും, വിട്ട് വീഴ്ചയില്ലാത്ത നിലപാടുകളും കൈമുതലാക്കി, ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട്, വന്‍തോതില്‍ ജനങ്ങളെ സംഘടിപ്പിച്ച് മുന്നേറാന്‍ കഴിഞ്ഞാല്‍, ആര്‍ എം പി ഐ ക്ക് കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും.

Related posts