ബിനാമി പ്രോപ്പര്‍ട്ടി എന്നാല്‍ എന്ത്? മോദി സര്‍ക്കാര്‍ പിടിമുറുക്കാന്‍ തയാറെടുക്കുന്ന ബിനാമി ആക്ടിനെക്കുറിച്ച് അറിയാം

binamiനോട്ട് റദ്ദാക്കല്‍ നടപടിയ്ക്ക് ശേഷം മോദി സര്‍ക്കാര്‍ നോട്ടമിട്ടിരിക്കുന്നത് ബിനാമി ഇടപാടുകാരെയും സ്വത്തുടമകളെയുമാണ്. അനധികൃത ഇടപാടുകളിലൂടെ നിയമം ലംഘിച്ച് വസ്തുവകകള്‍ സമ്പാദിച്ചവരെ കുടുക്കാനുള്ള നടപടിയാണിത്. 1988 ല്‍ നിലവില്‍ വന്ന ബിനാമി പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷന്‍ ആക്ടിന്റെ പുതുക്കിയ ഭേദഗതിയാണ് 2016 നവംബര്‍ ഒന്നിന് നിലവില്‍ വന്നത്.

എന്താണ് ബിനാമി ആക്ട് ?

വസ്തുവകകള്‍ വാങ്ങുന്ന ആള്‍ സ്വന്തം പേരില്‍ അവ വാങ്ങാതെ മറ്റൊരാളുടെ പേരില്‍ വാങ്ങുന്നതിനെ ബിനാമി ഇടപാടെന്നും അങ്ങനെ സ്വത്ത് കൈവശമാക്കുന്ന വ്യക്തിയെ ബിനാമംഡര്‍ എന്നും വിശേഷിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വ്യവസ്ഥയാണിത്. യഥാര്‍ത്ഥത്തില്‍ ആരുടെ പേരിലാണോ ഇടപാടുകള്‍ നടത്തുന്നത് അയാള്‍ക്ക് ഗുണഫലങ്ങള്‍ കിട്ടാതെ മറ്റൊരാള്‍ക്ക് കിട്ടും വിധം ചെയ്യുന്ന ഇടപാടുകളെയാണ് ബിനാമി എന്ന് പറയുന്നത്.

ബിനാമി ആക്ടിനെതിരെയുള്ള കുറ്റങ്ങള്‍

കള്ളപ്പേരിലോ പകരക്കാരന്റെ പേരിലോ സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നവര്‍ക്ക് വലിയ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. 1988 ല്‍ പുറത്തിറക്കിയ പ്രൊഹിബിഷന്‍ ഓഫ് ബിനാമി ആക്ട് (പിബിപിടി) പ്രകാരം മൂന്ന് വര്‍ഷത്തെ തടവായിരുന്നു ശിക്ഷ. എന്നാല്‍ 2016 ലെ  പുതിയ നിയമ പ്രകാരം ബിനാമി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് അഞ്ച് മുതല്‍ ഏഴ് വരെ വര്‍ഷം വരെ തടവും ഇതിലൂടെ സമ്പാദിച്ച സ്വത്തിന്റെ വിപണിവിലയുടെ 25 ശതമാനം പിഴയും ഈടാക്കേണ്ടി വരും.

ബിനാമി ആക്ടിന്റെ അധീനതയിലുള്ള വസ്തു വീണ്ടെടുക്കാന്‍ വ്യവസ്ഥയുണ്ടൊ?

ഇത്തരത്തിലുള്ള അവകാശങ്ങള്‍ നിലവിലില്ല. എന്നാല്‍ പ്രൊഹിബിഷന്‍ ഓഫ് ബിനാമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം ബിനാമി ഇടാപാടുകളേക്കുറിച്ചുള്ള കേസുകളില്‍ അപ്പീല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേസ് തെളിഞ്ഞാല്‍ അവകാശിയ്ക്ക് യാതൊരു നഷ്ടപരിഹാരവും നല്‍കാതെ ബിനാമി ഇടപാടിലൂടെ സമ്പാദിച്ച സ്വത്ത് മുഴുവന്‍ കേന്ദ്ര സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയാണ് സാധാരണയായി ചെയ്യുക.

അനിവാര്യമായ നടപടികള്‍ എടുക്കാന്‍ ഉത്തരവാദിത്വപ്പെട്ടിരിക്കുന്നവര്‍ ആരൊക്കെ?

ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ ഒരോ പ്രദേശത്തുമുള്ള ഇന്‍കം ടാക്‌സ് കമ്മീഷണര്‍, ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍, ടാക്‌സ് റിക്കവറി ഓഫീസര്‍ എന്നിവരെയാണ് പിബിപിടി ആക്ട് പ്രകാരം അന്വേഷണം നടത്താനും ആവശ്യമായ നടപടികളെടുക്കാനും ചുമതലപ്പെടുത്തിയിരിക്കുന്നത്.

Related posts