ഇങ്ങനെ പോയാല്‍ പണിയാകും..! ക്വാറി സമരം നീണ്ടാല്‍ മെട്രോയുടെ നിര്‍മാണം പ്രതിസന്ധിയിലാകും

ekm-metro-lകൊച്ചി: അനിശ്ചിതകാല ക്വാറി സമരം പിന്‍വലിച്ചില്ലെങ്കില്‍ കൊച്ചി മെട്രോ നിര്‍മ്മാണം പ്രതിസന്ധിയിലായേക്കാം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മെറ്റലുള്‍പ്പെടെയുള്ള സാധനങ്ങള്‍ യാര്‍ഡുകളില്‍ ശേഖരിച്ചു വച്ചിട്ടുണ്ടെങ്കിലും സമരം തുടര്‍ന്നാല്‍ മെട്രോ നിര്‍മ്മാണത്തെ ബാധിക്കുമെന്നാണ് ഡിഎംആര്‍സി അധികൃതര്‍ പറയുന്നത്. നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമം  തൊഴിലാളികളില്‍ ഭൂരിഭാഗം പേര്‍ക്കും പണിയില്ലാത്ത അവസ്ഥയുണ്ടാകും. 6000 പേരാണ് ഡിഎംആര്‍സിയുടെ കീഴിലുള്ള വിവിധ കരാറുകാര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത്.  മെട്രോ സ്‌റ്റേഷനുകളുടേയും മറ്റും നിര്‍മ്മാണം നടക്കുന്നതിനാല്‍ കൂടുതല്‍ തൊഴിലാളികളെ ആവശ്യമുള്ള സമയമാണിത്.

ക്വാറി സമരം തുടര്‍ന്നാല്‍ ജോലി ഇല്ലാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയേക്കാം. സമരം തീര്‍ന്ന് നിര്‍മ്മാണ സാമഗ്രികള്‍ ലഭിച്ച് തുടങ്ങിയാലും ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തത് മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കും.  ഈ മാസം 26നാണ് അനിശ്ചിതകാല ക്വാറി സമരം ആരംഭിച്ചത്.

അഞ്ച് ഹെക്ടറില്‍ താഴെയുള്ള കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് പാരിസ്ഥിതിക അനുമതി വേണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്റെ നേതാക്കള്‍ തിരുവനന്തപുരത്ത് ഇന്നലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കോടതി ഉത്തരവിനെ തുടര്‍ന്ന് കേരളത്തിലെ ആകെയുള്ള 2600 ചെറുകിട ക്വാറികളില്‍ 95 ശതമാനവും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്ന് ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. ബാബു പറഞ്ഞു. ഇതിനെ ആശ്രിയിച്ച് കഴിയുന്നവര്‍ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. പരിസ്ഥിതി അനുമതിയില്‍ നിന്നും 50 സെന്റ് വരേയുള്ള പെര്‍മിറ്റ് ക്വാറിക്കാരെ സംസ്ഥാനത്തിന്റെ ഫെഡറല്‍ അധികാരം ഉപയോഗിച്ച് നിയമനിര്‍മ്മാണം നടത്തി ഒഴിവാക്കി തരണം.

മുഖ്യമന്ത്രിയും സര്‍ക്കാരും ഇതിന് തയ്യാറാകണമെന്നും എം.കെ. ബാബു ആവശ്യപ്പെട്ടു. ചെറുകിട കരിങ്കല്‍ ക്വാറി മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ഇന്നു മുഖ്യമന്ത്രിയുമായി ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തുമെന്നും എം.കെ. ബാബു അറിയിച്ചു.

Related posts