ഒടുവില്‍..! കരള്‍ രോഗികളുടെ ദുരിതം സമൂഹത്തിനു മുന്നില്‍ എത്തിച്ചു ബാബു വിടവാങ്ങി

ekm-babu-l

ജെയിസ് വാട്ടപ്പിള്ളില്‍

മൂവാറ്റുപുഴ: കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായവരുടെ ദുരിതം സമൂഹത്തിനു മുന്നില്‍ എത്തിക്കുന്നതിനു നേതൃത്വം നല്‍കിയ ഓള്‍ കേരള ലിവര്‍ ട്രാന്‍സ്പ്ലാന്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കോതമംഗലം വാരപ്പെട്ടി കോച്ചേരിക്കുടിയില്‍ കെ.എസ്. ബാബു വിടവാങ്ങി. മൂന്നുവര്‍ഷം മുമ്പ് കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രി 12ഓടെയായിരുന്നു മരണം.

കരള്‍ രോഗം ബാധിച്ചതിനെതുടര്‍ന്നു ഭാര്യയുടെ കരളാണു ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിനു വച്ചുപിടിപ്പിച്ചത്. പിന്നീട് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലൂടെ സഞ്ചരിച്ചു കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായിട്ടുള്ളവരെ സംഘടിപ്പിച്ചു സംസ്ഥാന തലത്തില്‍ ലിവര്‍ട്രാന്‍സ്പ്ലാന്റേഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. നിലവില്‍ 500ഓളം പേര്‍ സംഘടനയില്‍ അംഗങ്ങളാണ്.

കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായിട്ടുള്ളവരുടെ ദുരിതം സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും മുന്നില്‍ എത്തിക്കാന്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ സംഘടനയ്ക്കു സാധിച്ചു. നിരവധി ആവശ്യങ്ങള്‍ സര്‍ക്കാരില്‍നിന്നു നേടിയെടുക്കാന്‍ സാധിച്ചെങ്കിലും സംഘടന ഉന്നയിച്ച പല ആവശ്യങ്ങളും ഇപ്പോഴും പരിഹരിക്കപ്പെടാത്ത സ്ഥിതിയാണ്.

കരള്‍ മാറ്റിവച്ചവര്‍ക്കുള്ള മരുന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയോ നീതി സ്റ്റോറുകള്‍ വഴിയോ സൗജന്യമായി വിതരണം ചെയ്യുക, സര്‍ക്കാര്‍ ജോലിയില്‍ പ്രത്യേക പരിഗണന നല്‍കുക, മെഡിക്കല്‍ കോളജുകളിലെ മികച്ച ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്കു പ്രത്യേക പാനല്‍ രൂപീകരിക്കുക, ഭാരിച്ച ചികിത്സാ ചെലവും മരുന്നുവിപണിയിലെ ചൂഷണവും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇവയില്‍ ചിലതുമാത്രമാണ്.

കഴിഞ്ഞ ദിവസം ബാബുവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച മന്ത്രി എം.എം. മണിയുടെ ശ്രദ്ധയില്‍ ഇക്കാര്യം അസോസിയേഷന്‍ ഭാരവാഹികള്‍ സൂചിപ്പിക്കുകയും ചെയ്തു. സ്വന്തം ജീവിതത്തിലുണ്ടായ അനുഭവങ്ങളാണു ബാബുവിനെ മരണം വരെ കരള്‍മാറ്റല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായിട്ടുള്ളവര്‍ക്കുവേണ്ടി പോരാടാന്‍ പ്രചോദിപ്പിച്ചത്. ബാബുവിന്റെ സംസ്കാരം ഇന്നലെ വൈകുന്നേരം മൂന്നിന് വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ വീട്ടുവളപ്പില്‍ നടന്നു.

ഭാര്യ: എം.ജി. സിന്ധു (അധ്യാപിക, ബസാനിയ പബ്ലിക് സ്കൂള്‍ ചേലാട്). മക്കള്‍: മഞ്ജു (എംബിബിഎസ് വിദ്യാര്‍ഥിനി), അഞ്ജു (പത്താംക്ലാസ്). ബാബുവിന്റെ നിര്യാണത്തില്‍ മന്ത്രി എം.എം. മണി, ജോയ്‌സ് ജോര്‍ജ് എംപി, ആന്റണി ജോണ്‍ എംഎല്‍എ, എല്‍ദോ ഏബ്രഹാം എംഎല്‍എ എന്നിവരും ലിവര്‍ ട്രാന്‍സ്പ്ലാന്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയും അനുശോചിച്ചു.

Related posts