കോകിലയുടെ അപേക്ഷ വോട്ടര്‍ കേട്ടു, തേവള്ളി ഡിവിഷനില്‍ മത്സരിച്ച അമ്മയ്ക്ക് തകര്‍പ്പന്‍ ജയം, ആശ്വാസത്തോടെ ബിജെപി

kokilaകൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പി ബിജെപി സ്ഥാനാര്‍ത്ഥി ബി ഷൈലജയ്ക്ക് ജയം. 393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൈലജ വിജയിച്ചത്.നേരത്തെ മരണമടഞ്ഞ കൗണ്‍സിലര്‍ വോട്ടഭ്യര്‍ഥിക്കുന്ന തരത്തില്‍ ബിജെപി പുറത്തിറക്കിയ കത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അപകടത്തില്‍ കോകിലയുടെ അച്ഛനും മരിച്ചിരുന്നു. താനും അച്ഛനും നഷ്ടപ്പെട്ട അമ്മയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നാണ് കത്തില്‍ പറഞ്ഞു വയ്ക്കുന്നത്.

‘എന്റെ പ്രിയ കുടുംബാംഗമേ’ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. നിങ്ങളെ സേവിക്കാന്‍ നിങ്ങള്‍ നല്‍കിയ അവസരം പൂര്‍ത്തീകരിക്കാന്‍ കാലം എന്നെ അനുവദിച്ചില്ലെന്നും അതിന് തന്റെ അമ്മയെ അനുവദിക്കണമെന്നുമാണ് കോകിലയുടെ പേരില്‍ പ്രചരിക്കുന്ന കത്തില്‍ ആവശ്യപ്പെട്ടത്. ബുധനാഴ്ച്ചയായിരുന്നു കൊല്ലം നഗരസഭയിലെ തേവള്ളി ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 68.2 ശതമാനം പോളിങ നടന്നിരുന്നു. ആകെയുള്ള 4805 വോട്ടര്‍മാരില്‍ 3278 പേര്‍ നാലു പോളിങ് ബൂത്തുകളിലായി വോട്ടു ചെയ്തു. സിപിഐ എമ്മിലെ എന്‍ എസ് ബിന്ദുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ആര്‍എസ്പിയിലെ എസ് ലക്ഷ്മി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്നു. കോണ്‍ഗ്രസിലെ ഗീത ദേവകുമാര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മത്സര രംഗത്തുണ്ടായിരുന്നു.

കൊല്ലം കര്‍മലറാണി ട്രെയിനിങ് കോളജിലെ ബി.എഡ് വിദ്യാര്‍ത്ഥിനി കൂടിയായ കോകില കോര്‍പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറായിരുന്നു. കോകിലയും അച്ഛനും സഞ്ചരിച്ച സ്കൂട്ടര്‍ മദ്യലഹരിയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചാണ് കോകില ദാരുണമായി മരിച്ചത്. ഇതേ തുടര്‍ന്നാണ് ഇവിടെ വോട്ടെടുപ്പ് വേണ്ടിവന്നതും. സംസ്ഥാനത്തെ 15 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫ് നേടി. ഒരു സീറ്റ് ബിജെപിയില്‍ നിന്നും മൂന്നെണ്ണം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന് രണ്ട് സീറ്റും ബിജെപിയ്ക്ക് മൂന്ന് സീറ്റുമുണ്ട്.ഒരിടത്ത് കോണ്‍ഗ്രസിന്റെ വാര്‍ഡ് കേരള കോണ്‍ഗ്രസ് എം പിടിച്ചെടുത്തു.

Related posts