എല്ലാം ഭാവന! കോട്ടയത്ത് ആഡംബര വീട്ടില്‍നിന്നു സീരിയല്‍ താരങ്ങളുടെ നേതൃത്വത്തില്‍ അനാശാസ്യം പിടിച്ചെന്ന വാര്‍ത്തയടിച്ച് ഓണ്‍ലൈന്‍ മാധ്യമം, കഥയെഴുത്തുകാരുടെ ഭാവനയെന്ന് പോലീസ്‌

news

ഇറാക്കിലെ ഐഎസ് ഭീകരരുടെ പക്കല്‍നിന്ന് കോടികള്‍ അടിച്ചുമാറ്റി മലയാളികള്‍ നാടുവിട്ടെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് വന്നത്. ഒറ്റനോട്ടത്തില്‍ തന്നെ അസംബന്ധമെന്ന് വ്യക്തം. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്ത പെടച്ചുവിട്ടത്. ഇപ്പോഴിതാ കോട്ടയത്തെ അപമാനിച്ചുകൊണ്ടുള്ള വാര്‍ത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം. വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ- കോട്ടയത്തെ ആഡംബര ഫഌറ്റില്‍ അനാശാസ്യം; സീരിയല്‍ താരം അടക്കം അഞ്ചുപേര്‍ പിടിയില്‍, നടന്നത് പ്രകൃതിവിരുദ്ധ അനാശാസ്യം.

വാര്‍ത്തയില്‍ പറയുന്ന പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ- നഗരത്തിനു സമീപത്തെ ആഡംബര ഫല്‍റ്റില്‍ കേന്ദ്രീകരിച്ച അനാശാസ്യ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തു സ്ത്രീകളും അഞ്ചു പുരുഷന്‍മാരും അടക്കമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘത്തില്‍ സ്വവര്‍ഗ പ്രേമികളായ സ്ത്രീ പുരുഷന്‍മാരും ഉണ്ടായിരുന്നതായാണ് സൂചനകള്‍. ആഡംബര ഫ്‌ളാറ്റില്‍ മുറിയെടുത്ത് നടന്നത് പ്രകൃതി വിരുദ്ധ അനാശാസ്യ പ്രവര്‍ത്തനങ്ങളാണെന്നും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിട്ടുണ്ട്.

സംക്രാന്തിയ്ക്കു സമീപത്തെ ആഡംബര ഫഌറ്റില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിക്കുശേഷമായിരുന്നു ഗാന്ധിനര്‍ പോലീസിന്റെ മിന്നല്‍ പരിശോധന. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം സ്ഥലത്ത് എത്തിയ പോലീസ് സംഘം ഫല്‍റ്റ് വളഞ്ഞ് അകത്തു കയറുകയായിരുന്നു. ഫ്‌ളാറ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലെ പല മുറിയ്ക്കുള്ളിലായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഒരു പുരുഷനൊപ്പം ഒന്നിലധികം സ്ത്രീകളുണ്ടായിരുന്നതായും പൊലീസ് സംഘം കണ്ടെത്തി. ഫ്‌ളാറ്റിന്റെ അകത്തു നിന്നു പൂട്ടിയ വാതില്‍ കുത്തിപ്പൊളിച്ചാണ് സംഘം ഉള്ളില്‍ പ്രവേശിച്ചത്……

ഇങ്ങനെ പോകുന്നു വാര്‍ത്ത. ഈ വാര്‍ത്ത സത്യമാണോയെന്ന് ചോദിച്ച് നിരവധി ഫോണ്‍കോളുകളും മെസേജും ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. സത്യാവസ്ഥ അന്വേഷിക്കാന്‍ രാഷ്ട്രദീപികഡോട്ട്‌കോമില്‍നിന്ന് ആദ്യം ബന്ധപ്പെട്ടത് ഗാന്ധിനഗര്‍ എസ്‌ഐ എം.ജെ. അരുണ്‍കുമാറിനെയാണ്. ഇത്തരത്തിലൊരു സംഭവം പോലും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഏതോ കഥയെഴുത്തുകാരന്റെ ഭാവനയില്‍ വിരിഞ്ഞത് ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ചതാകാമെന്നാണ് എസ്‌ഐ പറയുന്നത്. വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts