കോട്ടയം: ഡൽഹിയിൽ നിന്നുള്ള ട്രെയിനിൽ കോട്ടയം ജില്ലയിൽ എത്തിയത് 56 പേർ. എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഇവരെ രണ്ടു കെഎസ്ആർടിസി ബസുകളിലായി പുലർച്ചെ 4.45ന് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ചു. ഇവരെ ഇറക്കിയശേഷം ഒരു ബസ് തിരികെ എറണാകുളത്തിനു മടങ്ങി.
ഇവരിൽ രണ്ടു പേരെ ക്വാറന്റയിൻ കേന്ദ്രമായ എംജി യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിൽ എത്തിച്ചു. ബാക്കിയുള്ളവരെ ഇവർ എത്തിയ ബസിലും കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള മറ്റൊരു ബസിലുമായി വിവിധ ക്വാറന്റയിൻ കേന്ദ്രങ്ങളിൽ എത്തിച്ചു. കുറച്ചു പേരെ ബന്ധുക്കളെത്തി വീടുകളിലേക്കു കൂട്ടികൊണ്ടു പോയി.
ഇന്നലെ ലഭിച്ച 40 പരിശോധനാഫലവും നെഗറ്റീവ്
കോട്ടയം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്ന ഇന്നലെ കോട്ടയം ജില്ലയിൽ ലഭിച്ച 40 പരിശോധന ഫലവും നെഗറ്റീവ്. ഇന്നലെ 61 പേരുടെ സ്രവ സാംപിളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. ഇതോടെ ജില്ലയിൽ ഇനി ലഭിക്കാനുള്ളതു 78 പേരുടെ സ്രവ സാംപിൾ ഫലമാണ്.
കോവിഡ് സ്ഥീരികരിച്ച രണ്ടു പേരും നിരീക്ഷണത്തിലുള്ള മൂന്നു പേരുമുൾപ്പെടെ അഞ്ചു പേരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നത്. ഇന്നലെ മാത്രം ഹോം ക്വറന്റയിനിൽ നിർദേശിച്ചതു 259 പേർക്കാണ്. ഇതിൽ വിദേശത്തുനിന്ന് എത്തിയതു രണ്ടു പേരും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയത് 257 പേരുമാണ്.