മുസ്‌ലീം ലീഗ് രാഷ്ട്രീയ ലക്ഷ്യത്തിനായി എന്റെ മകന്റെ മരണം പോലും ഉപയോഗിച്ചു, വീടു വയ്ക്കാന്‍ 20 ലക്ഷം രൂപ തരാമെന്ന് പറഞ്ഞ് കേരളത്തിലെ യോഗങ്ങളില്‍ പങ്കെടുപ്പിച്ചു, ലീഗിനെതിരേ ആഞ്ഞടിച്ച് രോഹിത് വെമൂലയുടെ അമ്മ രാധിക

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമൂലയുടെ അമ്മയ്ക്ക് മുസ്ലീം ലീഗ് നല്കാമെന്ന് വാഗ്ദാനം ചെയ്ത തുക നല്കാതെ പറ്റിച്ചതായി അമ്മ രാധിക വെമൂലയുടെ വെളിപ്പെടുത്തല്‍. രാഷ്ട്രീയ നേട്ടത്തിനായി തന്നെ ലീഗ് ബലിയാടാക്കിയെന്നും രാധിക പറയുന്നു. ന്യൂസ്മിനിറ്റ്‌ഡോട്ട്‌കോം, ഇന്ത്യന്‍ എക്‌സ്പ്രസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രോഹിത് മരിച്ചശേഷം ഏതാനും ദിവസങ്ങള്‍ക്കകം ഏതാനും ലീഗ് നേതാക്കള്‍ എന്നെ സന്ദര്‍ശിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. സ്വന്തം വീടില്ലാതിരുന്ന ഞങ്ങള്‍ക്ക് വീട് നിര്‍മിച്ചു തരാമെന്ന് അറിയിക്കുകയും കേരളത്തിലെ വിവിധ മുസ്ലിം ലീഗ് പരിപാടികളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. പക്ഷേ ഇതുവരെ വീട് ഉണ്ടായിട്ടില്ല. അവര്‍ നല്കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിന്റെ പേരില്‍ മടങ്ങുകയും ചെയ്തു. എന്തിനാണ് എന്നെയും എന്റെ കുടുംബത്തെയും ലീഗ് നേതൃത്വം പറഞ്ഞു പറ്റിച്ചതെന്ന് രാധിക ചോദിക്കുന്നു. തന്റെ മരണം പോലും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും രാധിക പറയുന്നു.

2016 ജനുവരി 16 നാണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ പി.എച്ച്ഡി വിദ്യാര്‍ഥിയും അംബേദ്കര്‍ സ്റ്റുഡന്റ്സ് യൂണിയന്‍ നേതാവുമായ രോഹിത് വെമൂല ആത്മഹത്യ ചെയ്യുന്നത്. സ്‌കോളര്‍ഷിപ്പ് തടഞ്ഞും മറ്റും അധികൃതര്‍ പീഡിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ഈ ദളിത് യുവാവ് ആത്മഹത്യ ചെയ്തത്.

Related posts