എല്ലാ ചോദ്യത്തിനും ഉത്തരം നൽകി! ദിലീപിനോട് ചോദിച്ചത് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ മുതൽ നടിയുമായുള്ള ബന്ധം വരെ; നടിയുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ദിലീപ്

Dileep_250617

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരായ ദിലീപിനോട് പോലീസ് ചോദിച്ചറിഞ്ഞത് റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ മുതൽ നടിയുമായുള്ള വ്യക്തിബന്ധം വരെയുള്ള വിഷയങ്ങൾ. എല്ലാ ചോദ്യത്തിനും ഉത്തരം നൽകിയ ദിലീപ് പോലീസുമായി നന്നായി സഹകരിക്കുകയും ചെയ്തു.

നടിയുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ചോദ്യം ചെയ്യലിൽ ദിലീപ് പോലീസിനോട് സമ്മതിച്ചു. നേരത്തെ നല്ല ബന്ധത്തിലായിരുന്നുവെന്നും കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് പിന്നീട് ബന്ധം മോശമാവുകയായിരുന്നുവെന്നും ദിലീപ് പോലീസിനോട് പറഞ്ഞു. സ്വത്തുക്കൾ സംബന്ധിച്ച് തർക്കങ്ങൾ എന്തെങ്കിലുമുണ്ടായിരുന്നോ, സുനി കത്തിൽ പറഞ്ഞ സ്ഥലത്ത് പോയിട്ടുണ്ടോ, സുനിയുമായി പരിചയമുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പോലീസ് ആരാഞ്ഞത്.

സുനിയുമായി തനിക്ക് ഒരു പരിചയവുമില്ലെന്നും നടി ആക്രമിക്കപ്പെട്ട സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദിലീപ് പോലീസിനോട് പറഞ്ഞു. സ്വത്തുക്കൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും ദിലീപ് ഉത്തരം നൽകി.

ഐജി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ദിലീപിന്‍റെയും നാദർഷയുടെയും അപ്പുണ്ണിയുടെയും മൊഴി രേഖപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് ആലുവ പോലീസ് ക്ലബിൽ തുടങ്ങിയ ചോദ്യം ചെയ്യൽ അവസാനിച്ചത് ഇന്ന് പുലർച്ചെ 1.30-നാണ്. മൂവരുടെയും മൊഴി പരിശോധിച്ച ശേഷം വൈരുദ്ധ്യം കണ്ടാൽ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് ആലുവ റൂറൽ എസ്പി എ.വി.ജോർജ് പറഞ്ഞു.

Related posts