ഇത് കെഎസ്ആര്‍ടിസി ബസോ അതോ ചരക്കുതീവണ്ടിയോ! ലോഫ്‌ളോര്‍ ബസുകള്‍ ദീര്‍ഘദൂരയാത്രയ്ക്കായി ഉപയോഗിക്കുന്നതു വഴി യാത്രക്കാര്‍ക്കുണ്ടാക്കുന്നത് ഗുരുതര ബുദ്ധിമുട്ടുകള്‍ തുറന്നുകാട്ടി യാത്രക്കാരന്റെ തുറന്ന കത്ത്

കെഎസ്ആര്‍ടിസി മുന്നേറ്റത്തിന്റെ പാതയിലാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴും കെഎസ്ആര്‍ടിസിയുടെ പല സേവനങ്ങളും ചൂഷണം ചെയ്യപ്പെടുകയാണെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. നഗരഗതാഗതത്തിനായി രൂപകല്‍പന ചെയ്ത ലോഫ്‌ളോര്‍ ബസുകള്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നുവെന്ന കെഎസ്ആര്‍ടിസിയുടെ വീരവാദങ്ങള്‍ക്കിടെയാണ് ഗതാഗതവകുപ്പ് മന്ത്രിയ്ക്ക് ഒരു യാത്രക്കാരനയച്ച തുറന്ന കത്ത് ചര്‍ച്ചയായിരിക്കുന്നത്.

ഇരുകൈയിലും വലിയ ലഗേജുമായി എത്തുന്ന വിദേശയാത്രക്കാര്‍ക്കായി നെടുമ്പാശേരിയില്‍ നിന്ന് കോഴിക്കോടേയ്ക്ക് ലഗേജ് സൂക്ഷിക്കാന്‍ യാതൊരു സൗകര്യവുമില്ലാത്ത ബസ് സര്‍വീസ് നടത്തുന്നതിനെപ്പറ്റിയാണ് നബീല്‍ എ എം എന്ന യാത്രക്കാരന്റെ പരാതി.

റൂട്ടില്‍ യാത്ര ചെയ്യുന്ന യാത്രക്കാരെപ്പറ്റി യാതൊരു ചിന്തയുമില്ലാതെയാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള ദീര്‍ഘദൂരബസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്ന് നബീല്‍ ആരോപിക്കുന്നു. നിലവില്‍ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലേയ്ക്ക് സര്‍വീസ് നടത്തുന്ന ബസുകളെല്ലാം ജനറം പദ്ധതിപ്രകാരം കേരളത്തിന് ലഭിച്ച വോള്‍വോ ലോഫ്‌ലോര്‍ ബസുകളാണ്.

നഗരഗതാഗതം മെച്ചപ്പെടുത്താനായി അനുവദിച്ചിരിക്കുന്ന ബസുകളുടെ നിര്‍മിതിയും ഹ്രസ്വദൂരയാത്രകളെ ഉദ്ദേശിച്ചുള്ളതാണ്. താഴ്ന്ന ഫ്‌ളോറും വീതിയേറിയ വാതിലുകളും നിന്നു യാത്ര ചെയ്യാന്‍ സഹായിക്കുന്ന കൈപ്പിടികളുമെല്ലാമുള്ള ലോഫ്‌ലോര്‍ ബസുകള്‍ ലോകത്തൊരിടത്തും സാധാരണയായി ദീര്‍ഘദൂരയാത്രയ്ക്ക് ഉപയോഗിക്കാറില്ല.

എന്നാല്‍ അല്‍പം പോലും ലഗേജ് സ്ഥലമില്ലാത്തതും ഇരുന്നു യാത്ര ചെയ്യാന്‍ 32 സീറ്റുകള്‍ മാത്രമുള്ളതുമായ ബസുകള്‍ ദീര്‍ഘദൂരയാത്രയ്ക്കായി ഉപയോഗിക്കുന്നതു വഴി യാത്രക്കാരെ കെയുആര്‍ടിസി ബുദ്ധിമുട്ടിക്കുകയാണെന്നാണ് യാത്രക്കാരന്റെ പരാതി. നിലവില്‍ ബസിന്റെ മധ്യഭാഗം മുഴുവന്‍ ലഗേജുകള്‍ കൊണ്ട് നിറഞ്ഞ നിലയിലാണ് കെയുആര്‍ടിസി ലോഫ്‌ളോര്‍ ബസുകള്‍ ദീര്‍ഘദൂരസര്‍വീസുകള്‍ നടത്തുന്നത്.

കെഎസ്ആര്‍ടിസിയുടെ കൈവശം നിലവിലുള്ള ഗരുഡ വോള്‍വോ ബസുകളും സ്‌കാനിയ ബസുകളും ഉപയോഗിച്ച് ഈ സര്‍വീസുകള്‍ നടത്തണമെന്നാണ് യാത്രക്കാരുടെ നിര്‍ദേശം. ലഗേജ് സൂക്ഷിക്കാന്‍ പ്രത്യേകം സ്ഥലമുണ്ടെന്നതിനു പുറമെ സീറ്റുകള്‍ കൂടുതലുണ്ടെന്നതും മേന്മയാണ്. നഗരറോഡുകള്‍ക്ക് അനുയോജ്യമായ ബസുകള്‍ ദീര്‍ഘദൂരറോഡുകലില്‍ ഉപയോഗിക്കുന്നത് ബസുകളുടെ ആയുസ്സ് കുറയാനും ഇടയാക്കുമെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

Related posts