വീ​ട്ട​മ്മ​യെ സ​ന്ധ്യാ​സ​മ​യ​ത്ത് വ​ന​പാതയിൽ ഇറ​ക്കി​വി​ട്ട് കെ​എ​സ്ആ​ർ​ടി​സി; ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോകുകയായിരുന്നു; പരാതി നൽകിയാൽ അന്വേഷിക്കാമെന്ന് അധികൃതർ

എ​രു​മേ​ലി: കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് ബ​സി​ൽ യാ​ത്ര ചെ​യ്ത വീ​ട്ട​മ്മ​യെ ഇ​റ​ങ്ങേ​ണ്ട സ്റ്റോ​പ്പും ക​ഴി​ഞ്ഞ് ദൂ​രെ വ​ന​പാ​ത​യി​ൽ ഇ​റ​ക്കി​യെ​ന്നു പ​രാ​തി. കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്ന് വീ​ട്ടി​ലെ​ത്തി​യ വീ​ട്ട​മ്മ ത​നി​ക്ക് നേ​രി​ട്ട തി​ക്താ​നു​ഭ​വം കെ​എ​സ്ആ​ർ​ടി​സി എ​രു​മേ​ലി സെ​ന്‍റ​റി​ലും തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഫോ​ണി​ൽ അ​റി​യി​ച്ചു.

എ​രു​മേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​രി​യും നെ​ടു​ങ്കാ​വു​വ​യ​ൽ സ്വ​ദേ​ശി​നി​യു​മാ​യ ജ​യ​ശ്രീ​യെ ആ​ണ് രാ​ത്രി​യാ​കാ​റാ​യ​പ്പോ​ൾ വി​ജ​ന​മാ​യ വ​ന​പാ​ത​യി​ലി​റ​ക്കി​വി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​ണ് എ​രു​മേ​ലി​യി​ൽ നി​ന്നു ബ​സി​ൽ ക​യ​റി​യ​ത്. മ​റ്റ​ന്നൂ​ർ​ക്ക​ര​യി​ലി​റ​ങ്ങി അ​ൽ​പ്പ​ദൂ​രം ന​ട​ന്നാ​ൽ വീ​ടെ​ത്താം.

ടൗ​ണി​ൽ നി​ന്നു ര​ണ്ട​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് മ​റ്റ​ന്നൂ​ർ​ക്ക​ര ജം​ഗ്ഷ​ൻ. ഇ​വി​ടെ ബ​സു​ക​ൾ​ക്ക് സ്റ്റോ​പ് ഉ​ള്ള​താ​ണ്. എ​ന്നാ​ൽ ഇ​വി​ടെ ബ​സ് നി​ർ​ത്തി​യി​ല്ല. ബ​സ് നി​ർ​ത്താ​നാ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​ർ​ത്തി​യ​ത് അ​ടു​ത്തു​ള്ള സ്റ്റോ​പ്പു​ക​ൾ ക​ഴി​ഞ്ഞ് വ​ന​പാ​ത​യി​ലാ​ണെ​ന്ന് വീ​ട്ട​മ്മ പ​റ​യു​ന്നു. ഫാ​സ്റ്റ് പാ​സ​ഞ്ച​റാ​യ​തി​നാ​ൽ എ​രു​മേ​ലി ക​ഴി​ഞ്ഞാ​ൽ പി​ന്നെ പ​ത്ത് കി​ലോ​മീ​റ്റ​ർ അ​ക​ലെ പ്ലാ​ച്ചേ​രി​യി​ലാ​ണ് ബ​സ് നി​ർ​ത്തു​ക​യെ​ന്ന് ക​ണ്ട​ക്ട​ർ പ​റ​ഞ്ഞു.

വൈ​കു​ന്നേ​രം ആ​റി​ന് ശേ​ഷം സ്ത്രീ​ക​ളാ​യ യാ​ത്ര​ക്കാ​രെ അ​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന സ്റ്റോ​പ്പി​ൽ ഇ​റ​ക്ക​ണ​മെ​ന്ന നി​യ​മം വീ​ട്ട​മ്മ ഉ​ന്ന​യി​ച്ചു. തു​ട​ർ​ന്ന് വാ​ഗ്വാ​ദ​ത്തി​നൊ​ടു​വി​ൽ എ​രു​മേ​ലി – മു​ക്ക​ട റോ​ഡി​ലെ വി​ജ​ന​മാ​യ ക​രി​മ്പി​ൻ​തോ​ട് വ​ന​പാ​ത​യി​ൽ ബ​സ് നി​ർ​ത്തി ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു. ഇ​വി​ടെനി​ന്നു മൂ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ന​ട​ന്നാ​ണ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് വീ​ട്ട​മ്മ പ​റ​യു​ന്നു.

വീ​ട്ട​മ്മ​യു​ടെ സ​ഹോ​ദ​ര​ൻ കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം മ​റ്റാ​ർ​ക്കു​മു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് പ​രാ​തി​പ്പെ​ട്ട​തെ​ന്ന് വീ​ട്ട​മ്മ പ​റ​ഞ്ഞു.​അ​തേ​സ​മ​യം പ​രാ​തി രേ​ഖാ​മൂ​ലം എ​ഴു​തി ന​ൽ​കി​യാ​ൽ അ​ന്വേ​ഷി​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ.

Related posts