പരിചയക്കുറവ് മൂലം പുതിയ കണ്ടക്ടര്‍മാരില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യവും ശാരീരികാസ്വസ്ഥതകളും! ഛര്‍ദ്ദിയും വയറില്‍ അസ്വസ്ഥതയും കാരണം പലരും ആശുപത്രികളില്‍ ചികിത്സ തേടുന്നു; ദുരിതങ്ങള്‍ ഒഴിയാതെ കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയില്‍ നിന്നും എം-പാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമന ഉത്തരവ് ലഭിച്ച് ജോലിയില്‍ പ്രവേശിച്ചവരില്‍ എത്ര പേര്‍ ജോലിയില്‍ തുടരുമെന്ന കാര്യത്തിലാണ് ഇപ്പോള്‍ വ്യക്തതയില്ലാത്തത്. പരിശീലന സമയത്ത് ശാരീരിക അവശതകള്‍ അനുഭവപ്പെട്ട പലരും വിശ്രമത്തിലാണ്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ച ഒരാള്‍ ജോലി ഉപേക്ഷിച്ച് മടങ്ങിപ്പോയി.

ബസുകളില്‍ തിരക്കു കൂടിയതിനാല്‍ വരുമാനം കൂടേണ്ട സമയത്ത് പുതിയ കണ്ടക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതും സര്‍വീസുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എം – പാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചു വിട്ട സാഹചര്യത്തിലാണ് അടിയന്തരമായി കോടതി വിധിയെ തുടര്‍ന്ന് പിഎസ് സി വഴി നിയമനം ലഭിച്ച കണ്ടക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിച്ചത്. കെഎസ്ആര്‍ടിയില്‍ ഡ്രൈവര്‍ തസ്തികയില്‍ നിയമനം ലഭിക്കുന്നവരില്‍ നല്ലൊരു പങ്കും പലപ്പോഴും സ്വകാര്യ ബസുകളിലും മറ്റും ജോലി നോക്കി മുന്‍ പരിചയമുള്ളവരായിരിക്കും.

എന്നാല്‍ കണ്ടക്ടര്‍ ജോലിയില്‍ പ്രവേശിക്കുന്നതില്‍ കൂടുതല്‍ പേരും മുന്‍ പരിചയമുള്ളവരല്ല. അതിനാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ക്ക് പരിശീലനം നല്‍കി സേവനത്തിനു പ്രാപ്തരാക്കുക എന്നത് ഏറെ ശ്രമകരമാണ്. രണ്ടു ദിവസമാണ് പരിശീലന കാലയളവ് നിശ്ചയിച്ചിരുന്നതെങ്കിലും പരമാവധി ഒരാഴ്ചയാണ് ഇവര്‍ക്ക് പരീശിലനം നല്‍കാന്‍ കെ എസ്ആര്‍ടിസി അനുവദിച്ചിരിക്കുന്ന സമയം.

ഒരു ബസില്‍ നാലും അഞ്ചും പേരെയാണ് ജോലി പരിചയമുള്ള കണ്ടക്ടര്‍മാര്‍ക്കൊപ്പം പരിശീലനത്തിനയച്ചത്. പുതിയ ടിക്കറ്റ് മെഷീനിനു പകരം പഴയ ടിക്കറ്റ് റാക്കുകളാണ് പരിശീലനത്തിനു നല്‍കിയത്. തിരക്കേറിയ ബസുകളില്‍ ടിക്കറ്റ് റാക്കുപയോഗിച്ച് ട്രെയിംനിംഗ് നല്‍കുന്നത് ശ്രമകരമാണെന്ന് കണ്ടക്ടര്‍മാര്‍ പറയുന്നു. കൂടാതെ മലയോര പാതകളിലൂടെ ആടിയും കുലുങ്ങിയുമുള്ള യാത്രയാണ് പലര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ക്കിടയാക്കിയത്.

ഛര്‍ദ്ദിയും വയറില്‍ അസ്വസ്ഥയും ഉണ്ടായ പലരും ആശുപത്രികളില്‍ ചികില്‍സ തേടി. ഇതിനു പുറമെ ശബരിമല സര്‍വീസുകള്‍ ഇപ്പോള്‍ അധികമായി വരുന്നുണ്ട്.

പുതിയ കണ്ടക്ടര്‍മാരെ ഉപയോഗിച്ച് ഇത്രയും സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്താനാവുമോയെന്നതാണ് ഡിപ്പോ അധികൃതര്‍ നേരിടുന്ന വെല്ലുവിളി. മറ്റുള്ള ജില്ലകളില്‍ നിന്നുള്ളവരാണ് പുതിയ കണ്ടക്ടര്‍മാരായി ഓരോ ജില്ലയിലും ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഇവരില്‍ പലരുടെയും സേവനം എത്ര നാള്‍ ലഭിക്കുമെന്ന കാര്യത്തിലും ആശങ്ക നില നില്‍ക്കുന്നുണ്ട്.

Related posts