പണിമുടക്ക് ദിനത്തില്‍, താന്‍ ഡ്രൈവറായിട്ടുള്ള കെഎസ്ആര്‍ടിസി ബസ് കഴുകി വൃത്തിയാക്കി! കെഎസ്ആര്‍ടിസിയില്‍ ഇങ്ങനെയും ജീവനക്കാരുണ്ടോ എന്ന് സോഷ്യല്‍മീഡിയ; ചിത്രങ്ങള്‍ വൈറല്‍

പൊതുമുതല്‍ എന്നാല്‍ ആരുടെയും ശ്രദ്ധയോ സംരക്ഷണമോ ലഭിക്കാതെ നശിക്കുന്നത്, അല്ലെങ്കില്‍ നശിപ്പിക്കേണ്ടത് എന്ന ചിന്തയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ ഈ ചിന്തയ്ക്ക് വിരുദ്ധമാുള്ള ഒരു വ്യക്തിയുടെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി അഭിനന്ദനം ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്.

കേരള ജനതയുടെ ഒരു വികാരം തന്നെയായ കെഎസ്ആര്‍ടിസിയിലെ ഒരു ഡ്രൈവറാണ് ഇവിടെ കഥാനായകന്‍. ഓരോ ദിവസവും നിശ്ചയിച്ചിരിക്കുന്ന സ്വന്തം ജോലി കഴിഞ്ഞാല്‍ എത്രയുംവേഗം വീട്ടിലേക്ക് വണ്ടിപിടിക്കുന്നവര്‍ക്കിടയില്‍ ഓടിക്കുന്ന ബസ് കഴുകി വൃത്തിയാക്കി സൂക്ഷിച്ചു കൊണ്ടാണ് പാലക്കാട് പത്തിരിപ്പാല സ്വദേശി ദേവരാജന്‍ എന്ന ഡ്രൈവര്‍ ശ്രദ്ധേയനായിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് കഴുകുന്ന ഡ്രൈവര്‍ എന്ന നിലയിലാണ് ദേവരാജന്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഗുരുവായൂര്‍- കരുനാഗപ്പള്ളി റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറാണ് ദേവരാജന്‍. താന്‍ ഓടിക്കുന്ന ബസ് കഴുകുന്നത് ദേവരാജന്റെ പതിവാണെങ്കിലും ഈ ചിത്രം സൈബര്‍ ലോകത്ത് എത്തിയതോടെ ആനവണ്ടി സ്നേഹികളുടെ ഹൃദയം കവര്‍ന്ന ഡ്രൈവറായി മാറിക്കഴിഞ്ഞു അദ്ദേഹം. ഇതുപോലുള്ള ആത്മാര്‍ത്ഥത കുറച്ചെങ്കിലും ജീവനക്കാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി എന്നേ രക്ഷപെട്ടേനെ എന്ന അഭിപ്രായമാണ് ചിത്രം കണ്ട ഒട്ടുമിക്ക ആളുകളും പറയുന്നത്.

അവധി ദിനത്തിലും കെഎസ്ആര്‍ടിസി ബസ് കഴുകുന്ന ഡ്രൈവര്‍ എന്ന നിലയിലാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ് സൈബര്‍ ലോകത്ത് പ്രചരിച്ചത്. ബസ് കഴുകാന്‍ ദേവരാജന്റെ ഒപ്പം കണ്ടക്ടര്‍ ജ്യോതിലാലും ഉണ്ടായിരുന്നു. ഇദ്ദേഹം കെഎസ്ആര്‍ടിസിയുടെ ഗ്രൂപ്പിലും, ഗുരുവായൂര്‍ ഫ്രണ്ട്സ് എന്ന ഗ്രൂപ്പിലും ഫാമിലി ഗ്രൂപ്പിലും തമാശക്കായാണ് ചിത്രം ഷെയര്‍ ചെയ്തത്. ഇക്കഴിഞ്ഞ പൊതുപണിമുടക്ക് ദിനത്തിലായിരുന്നു ബസ് കഴുകിയത്. താന്‍ പണിമുടക്കുന്നില്ലെന്ന ക്യാപ്ഷനോടെയാണ് ചിത്രം ഷെയര്‍ ചെയ്തത്. ഇത് പിന്നീട് മറ്റു ഗ്രൂപ്പുകള്‍ ഏറ്റെടുക്കുകയും വ്യാപകമായി പ്രചരിക്കുകയുമായിരുന്നു.

ആളുകള്‍ക്ക് ഇത് അത്ഭുതമായി തോന്നിയെങ്കിലും ബസ് കഴുകുന്നത് അത്രയ്ക്ക് പുതുമയുള്ള കാര്യമായി തോന്നിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. താന്‍ പതിവായി ബസ് കഴുകുന്ന വ്യക്തിയാണ്. ഗുരുവായൂര്‍ കരുനാഗപ്പള്ളി റൂട്ടില്‍ ഓടുന്ന മറ്റ് കെഎസ്ആര്‍ടിസി പ്രവര്‍ത്തകര്‍ക്കും ഇതറിയാം. ഇതും തൊഴിലിന്റെ ഭാഗമായി തന്നെയാണ് കാണുന്നത്. ദേവരാജന്‍ കൂട്ടിച്ചേര്‍ത്തു. മേലുദ്യോഗസ്ഥരുടെ വക അഭിനന്ദനവും തേടിയെത്തിയെന്ന് ദേവരാജന്‍ പറയുന്നു.

Related posts