കൊല്ലം : ജില്ലയിലെ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ പ്രഥമ പരിഗണന നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ എസ് കാര്ത്തികേയന് അറിയിച്ചു. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ള വിതരണത്തിന് പണം തടസമല്ല.
പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 11.5 ലക്ഷം രൂപവരെ ഇതിനായി ചെലവഴിക്കാം. കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ ജില്ലാ ഭരണകൂടം മുഖേന ലഭ്യമാക്കും. കെ ഐ പി കനാലുകള്‍ ആവശ്യാനുസരണം തുറന്ന് വിട്ട് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കണം. വരള്‍ച്ചയുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. 0474-2794002, 2794004, 9447677800 എന്നിവയില്‍ കളക്ട്രേറ്റിലും 0474-2742993, 9188127944 എന്നീ നമ്പരുകളില്‍ വാട്ടര്‍ അതോറിറ്റിയിലും ബന്ധപ്പെടാം.
1077 എന്ന ടോള്‍ഫ്രീ നമ്പരിലും പരാതികള്‍ അറിയിക്കാം. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ലബോറട്ടറി സംവിധാനവും ജില്ലയിലുണ്ട്. 850 രൂപയാണ് ഒരു സാമ്പിള്‍ പരിശോധിക്കുന്നതിനുള്ള ഫീസ്. ഫോണ്‍ – 8547638118. വിശദമായ പരിശോധനയ്ക്കായി എറണാകുളം സ്റ്റേറ്റ് റഫറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും അയക്കാം.ഫോണ്‍ – 0484-2702278.
കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള 24 ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളം വിതരണം ആരംഭിച്ചിട്ടുണ്ട്. 10 ഗ്രാമപഞ്ചായത്തുകളില്‍ വാട്ടര്‍ കിയോസ്കുകള്‍ മുഖേന വെള്ളം വിതരണം ചെയ്യുന്നുണ്ട്. 58 ഗ്രാമപഞ്ചായത്തുകള്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ള വിതരണം ചെയ്യുന്നതിനായി ടെണ്ടര്‍ നടപടി സ്വീകരിച്ചു. ജലസ്രോതസുകള്‍ സംരക്ഷിക്കാനും നവീകരിക്കാനും നടപടി സ്വീകരിക്കണം.
പൈപ്പ് ലൈനുകളുടെ എക്സ്റ്റന്‍ഷന്‍, കുഴല്‍ കിണറുകളുടെ അറ്റകുറ്റപണികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ക്വാറികളില്‍ നിന്നും ജലം ശേഖരിച്ച് കൃത്രിമ കുളങ്ങള്‍ നിര്‍മിച്ച് റീചാര്‍ജ് ചെയ്യുന്നത് അടക്കമുള്ള നവീന പദ്ധതിള്‍ക്ക് പ്രാമുഖ്യം നല്‍കണം. കുടിവെള്ള ദുരുപയോഗത്തിനെതിരെ ബോധവത്കരണ പരിപാടികള്‍ ശക്തമാക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയർ പ്രകാശ് ഇടിക്കുള, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്മെന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വില്‍സണ്‍, എന്‍ജിനീയര്‍ ലത, ഹെല്‍ത്ത് ഓഫീസര്‍ ഡോ ദര്‍ശന, തുടങ്ങിയവര്‍ പങ്കെടുത്തു.